നോട്ട് അസാധുവാക്കലിന് കാരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയിരുന്ന കാര്യങ്ങളിലൊന്ന് കാശ്മീരിലെ ഭീകരരെ നിയന്ത്രിക്കുക എന്നതായിരുന്നു. എന്നാൽ, അത് എത്രത്തോളം പ്രാവർത്തികമായെന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. ജമ്മു കാശ്മീരിൽ അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങൾ ഭീകരർ കൂടുതൽ കരുത്താർജിച്ചുവരുന്നുവെന്ന ആശങ്കയാണ് പങ്കുവെക്കുന്നത്.

ജനങ്ങളിൽനിന്ന് കിട്ടുന്ന സഹകരണവും പിന്തുണയുമാണ് ഭീകരർക്ക് തുണയാകുന്നത്. കുൽഗാമിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാരച്ചടങ്ങുകളിൽ നാട്ടുകാർക്കൊപ്പം നാല് ഭീകരരും പങ്കെടുത്തത് ഈ പിന്തുണയ്ക്ക് തെളിവാണ്. ആകാശത്തേയ്ക്ക് വെടിവെച്ചുകൊണ്ടാണ് ഭീകരർ തങ്ങളുടെ സുഹൃത്തിന് അന്ത്യോപചാരം അർപ്പിച്ചത്.

അനന്ത്‌നാഗിൽ പൊലീസ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് അഷ്വറിന്റെ ശവസംസ്‌കാരത്തിനാണ് ഭീകരർ പരസ്യമായി പങ്കെടുത്തത്. പൊലീസുകാരെയും സൈന്യത്തെയും കല്ലെറിഞ്ഞും മറ്റും തുരത്തിയാണ് ഭീകരർക്ക് നാട്ടുകാർ സുരക്ഷയൊരുക്കിയത്.

ജനങ്ങളുടെ പിന്തുണയോടെയുള്ള ഭീകരവാദമാണ് ഇപ്പോൾ കാശ്മീർ നേരിടുന്ന ഏറ്റവും വലിയവെല്ലുവിളിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഭീകരസംഘടനകളിൽ ചേരുന്ന പ്രദേശവാസികളുടെ എണ്ണത്തിലും വൻതോതിൽ വർധനയുണ്ടായിട്ടുണ്ട്. ഹിസ്ബുൾ മുജാഹിദീനും ലഷ്‌കർ ഇ-തൊയ്ബയും ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും ഭീകരരെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്.

രണ്ട് ഭീകര സംഘടനയും ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ വെല്ലുവിളിയും ഇരട്ടിച്ചുവെന്ന് ജമ്മു കാശ്മീര് പൊലീസ് തലവൻ എസ്‌പി. വാലിദ് പറയുന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും കണക്കനുസരിച്ച് മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഭീകരരുടെ എണ്ണം 230-നും 250-നും ഇടയിലാണ്. ഇതിൽ 70 ശതമാനത്തോളം നാട്ടുകാരാണെന്നും വാലിദ് പറയുന്നു.

തെക്കൻ കാശ്മീരിലെ ഭീകരരിൽ 90 ശതമാനവും അന്നാട്ടുകാർ തന്നെയാണ്. വടക്കൻ കാശ്മീരിൽ 90 ശതമാനവും വിദേശികളും. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം കൂടുതൽ കണ്ടുപിടിക്കാൻ തുടങ്ങിയതോടെയാണ് കാശ്മീരിൽനിന്നുതന്നെ ഭീകരസംഘടനയിലേക്ക് ആളുകളെ ചേർക്കാൻ തുടങ്ങിയതെന്നും അധികൃതർ പറയുന്നു. ബാങ്കുകൾ ആക്രമിക്കുന്നതും കൊള്ള നടത്തുന്നതും പൊലീസുദ്യോഗസ്ഥരുടെ വീടുകൾ ആക്രമിക്കുന്നതുമൊക്കെ പ്രദേശവാസികളായ ഭീകരരുടെ എണ്ണം വർധിച്ചതിനെത്തുടർന്നുള്ള പുതിയ വെല്ലുവിളികളാണെന്നും അവർ വിലയിരുത്തുന്നു.