കൊച്ചി: ഇക്ക ഇങ്ങനെ ചോദിച്ചാൽ ഇവളൊന്നും പറയില്ലെന്ന് പറഞ്ഞായിരുന്നു കോതമംഗലത്തെ ലാബിലെ ജീവനക്കാരി പാവം പെൺകുട്ടിയുടെ തുണി അഴിച്ചത്. അതിന് ശേഷം ഈ കുട്ടിയെ പറ്റി അപവാദങ്ങളും പരത്തി. കോതമംഗലത്തെ നീതി ലാബുടമ നാസറിന് പെൺകുട്ടിയെ പീഡിപ്പിക്കാൻ മാനസിക പിന്തുണ നൽകിയത് ഭാര്യയും ലാബിലെ സഹ ജീവനക്കാരികളുമാണ്. നാസറുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും ജീവനക്കാരികൾ പെൺകുട്ടിയെ നിർബന്ധിച്ചു. ഈ കേസിലാണ് കഴിഞ്ഞ ദിവസം നാസർ പിടിയിലായത്. ഒളിവിലായിരുന്ന നാസറിനെ സർമ്മർദ്ദങ്ങൾ ശക്തമായപ്പോഴാണ് പൊലീസ് പിടികൂടിയത്.

എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ച ഭാര്യയേയും ജീവനക്കാരികളേയും പൊലീസ് ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരേയും ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തിൽ വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കൂ. എന്നാൽ ഉന്നത ഇടപെടൽ മൂലം ഇത് നീളുകയാണെന്നാണ് പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും എടുത്തില്ല. സംസ്ഥാനത്ത് ഏഴു ബ്രാഞ്ചുകളുള്ള ലാബുടമയുടെ അഡ്രസ് അറിയില്ലെന്നായിരുന്നു വിവരമന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരോട് പൊലീസ് പ്രതികരിച്ചത്. സംഭവം വാർത്തയായതോടെ കടയുടമ നാസർ മുങ്ങി. ഒടുവിൽ പൊലീസിന് കിട്ടിയരഹസ്യ വിവരത്തെ തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളുടെ ഇടപെടലായിരുന്നു ഇതിന് കാരണം.

കോതമംഗലത്തെ സ്വകാര്യകോളേജിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് രണ്ടാം വർഷം പഠിക്കുകയായിരുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. അച്ഛൻ ഒമ്പതു വർഷം മുമ്പ് മരിച്ചു. വീട്ടിൽ അമ്മയും മൂത്ത രണ്ട് സഹോദരിമാരും. അതിലൊരാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ ചേച്ചിക്ക് ബുദ്ധി വളർച്ചയില്ല. അച്ഛന്റെ മരണശേഷം കൂലിപ്പണിയെടുത്താണ് അമ്മ മക്കളെ പോറ്റിയിരുന്നത്. പെൺകുട്ടി ലാബ് ടെക്‌നീഷനീഷ്യൻ കോഴ്‌സിൽ രണ്ടാം വർഷം ആരംഭിച്ചപ്പോഴേയ്ക്കും ഫീസ് കൊടുക്കാൻ തീരെ നിവൃത്തിയില്ലാതെയായി. അങ്ങനെയാണ്, ഒരു പാർട്ട് ടൈം ജോലിക്ക് എത്തിയത്.

മുമ്പ് ണ്ട് കൂട്ടുകാർ പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോതമംഗലത്തെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലി അന്വേഷിച്ചു. രാവിലെ ആറു തൊട്ട് പത്ത് മണി വരെ നാലുമണിക്കൂർ ജോലി, രണ്ടായിരം രൂപ ശമ്പളം എന്ന വ്യവസ്ഥയിൽ നവംബറിൽ ജോലിയിൽ പ്രവേശിച്ചു. എട്ടു മണിയോടെ മറ്റു നാല് ജോലിക്കാരും സ്ഥാപനത്തിലെത്തും. പത്ത് മണിയോടെ അവൾ കോളേജിൽ പോകും. വീട്ടിലെ അവസ്ഥ മനസ്സിലാക്കിയ ഉടമ നാസർ മാസം പകുതിയായപ്പോൾ 4,000 രൂപ നൽകി. പീഡന ദിവസം നാസർ വന്നയുടൻ അകത്തെ മുറിയിലേക്ക് ചെല്ലാൻ അവളോട് ആവശ്യപ്പെട്ടു. അവൾ സ്ഥാപനത്തിൽ ചേർന്ന ദിവസം മുതൽ എല്ലാ ദിവസവും 2000-3000 രൂപയുടെ കുറവ് വരുന്നുണ്ടെന്നും ആ തുകയെടുത്തോ എന്നും ചോദിച്ചു. ആകെ 24,000 രൂപ കാണാതായെന്നും അത് എന്ത് ചെയ്‌തെന്നുമായി.

സി.സി.ടി.വി കാമറയുടെ നിരീക്ഷണമില്ലാത്ത മുറിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. , താൻ കാശെടുത്തില്ലെന്ന് അവൾ തീർത്തു പറഞ്ഞു. അതോടെ, ഉടമയുടെ സ്വരവും ഭാവവും മാറി. ഇക്കങ്ങനെ ചോദിച്ചാൽ ഇവളൊന്നും പറയില്ലെന്ന് മറ്റ് ജീവനക്കാർ പറഞ്ഞു. പിന്നീട് തുണി ഉരിയലായി. വെറുതെ ചോദിച്ചാൽ അവൾ പറയില്ല, തല്ലി ചോദിക്കൂ എന്ന് അവർ മുതലാളിയോട് പറഞ്ഞു. പിന്നെ അയാളുടെ ദേഹോപദ്രവമായിരുന്നു. കരണത്ത് മാറി മാറി അടിച്ചു. തല്ലുന്നതിനിടെ വീട്ടുകാരെയും അവളെയും ചീത്ത വിളിച്ചു. അമ്മയെ കൂട്ടി തെറി വിളിച്ചു. കേട്ടാലറയ്ക്കുന്ന പദപ്രയോഗം നടത്തി. പരിശോധനയെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ചു. അതിനിടയിൽ അയാളുടെ ഭാര്യയും കുട്ടികളും വന്നു.

ഭാര്യയും മറ്റൊരു ജീവനക്കാരിയും അവളുടെ കോളേജിൽ ചെന്ന് കൂട്ടുകാരോട് അവളെ പറ്റി തിരക്കി. അവർ മോശമായതൊന്നും പറയാതിരുന്നപ്പോൾ തിരികെ വന്നു. അവളെ അവിടെയിട്ട് എന്തു ചെയ്താലും തങ്ങൾ സാക്ഷി പറയില്ല എന്നായിരുന്നു ജീവനക്കാരുടെയും ഭാര്യയുടെയും നിലപാട്. അയാൾ എന്തും ചെയ്യും. അതുകൊണ്ട് പണം എടുത്തിട്ടുണ്ടെങ്കിൽ പറഞ്ഞോ എന്നായിരുന്നു ഭാര്യയും ജീവനക്കാരും അവളോട് പറഞ്ഞത്. ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. വീട്ടിൽ കാത്തിരിക്കുന്ന അമ്മയെയും ചേച്ചിമാരെയുമാണ് അവൾ ആ സമയം ഓർത്തത്. മറ്റാരും കൂടെയില്ലാതിരുന്ന അവസരത്തിൽ ചെവിയിൽ സഹകരിക്ക്, കൂട്ടുകാരനെ കൊണ്ട് കെട്ടിക്കാം. അതിന്റെ മുഴുവൻ ചെലവും വഹിച്ചോളാം. ഇതിനു മുമ്പും പലരും സഹകരിച്ചിട്ടുണ്ട് ' എന്ന് അവളോട് പറഞ്ഞു.

പിന്നീട് അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങി കടയിൽ നിന്ന് സിറിഞ്ചുമായി തിരികെ വന്നു. മുഖം പൊത്തി ഭിത്തിയോട് ചേർത്ത് അമർത്തി. തുടയിൽ നീഡിൽ കുത്തിയിറക്കി. നീഡിൽ പലഭാഗത്തേക്ക് ചലിപ്പിച്ച് പണമെടുത്തോയെന്ന് ചോദിച്ചു. വേദന സഹിക്കാനാവാതെ എന്തുവേണേലും സമ്മതിക്കാമെന്ന് അവൾ ഉച്ചത്തിൽ നിലവിളിച്ചു. അയാൾ സൂചി ചുറ്റിത്തിരിക്കുന്നത് നിറുത്തി. വേദനയിൽ അവൾ കാൽ വലിച്ചപ്പോൾ സൂചി ഒടിഞ്ഞ് കാലിൽ കയറി. എടുത്ത പണം തിരികെ തരണമെന്ന് പറഞ്ഞ് അയാൾ തുരുമ്പിച്ച കത്തിയുമായി ചെന്ന് ഭീഷണിപ്പെടുത്തി. വീട്ടിലെത്തി കാര്യം പറഞ്ഞു. ആശുപത്രിയിലെത്തി നീഡിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇത്രയും കൊടുംക്രൂരതകൾ പൊലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചത് അമ്മയായിരുന്നു. പക്ഷേ പൊലീസ് വേണ്ട രീതിയിൽ പരാതി ഒരിക്കലും കൈകാര്യം ചെയ്തില്ല.