- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ അറസ്റ്റ് ചെയ്താൽ കുരുക്കാകുമെന്ന് ഭയം; കതിരൂർ മനോജ് വധക്കേസിൽ പി ജയരാജൻ നാളെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകില്ല; തലശ്ശേരി സെഷൻസ് കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി
കണ്ണൂർ: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിബിഐ അന്വേഷണ സംഘത്തിന് മുമ്പിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഹാജരാകില്ല. ചോദ്യം ചെയ്യലിന് എത്തിയാൽ അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉള്ളതിനാലാണ് ഹാജരാകേണ്ടെന്ന നിലപാടിലേക്ക് പാർട്ടിയും നേതാവും എത്തിയത്. തുടർന്ന് തലശ്ശേരി സെഷൻസ് കോടതി മുമ്പിൽ വീണ്ടും മുൻകൂർ ജാമ്യാപേക
കണ്ണൂർ: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിബിഐ അന്വേഷണ സംഘത്തിന് മുമ്പിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഹാജരാകില്ല. ചോദ്യം ചെയ്യലിന് എത്തിയാൽ അറസ്റ്റു ചെയ്യാനുള്ള സാഹചര്യം ഉള്ളതിനാലാണ് ഹാജരാകേണ്ടെന്ന നിലപാടിലേക്ക് പാർട്ടിയും നേതാവും എത്തിയത്. തുടർന്ന് തലശ്ശേരി സെഷൻസ് കോടതി മുമ്പിൽ വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി.
കുറ്റപത്രത്തിൽ പരാമർശിക്കുന്നതു പോലെ ജയരാജനെതിരെ ആഴത്തിലുള്ള തെളിവുകൾ നിരത്തി പ്രതിപ്പട്ടികയിലാക്കാനുള്ള നീക്കമാണ് സിബിഐ നടത്തുന്നതെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് എത്തിയാൽ അറ്‌സറ്റു ചെയ്യുമെന്ന് പാർട്ടി ഭയന്നു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കോടതി നടപടികളിയൂടെ ഒരു മാസത്തേക്കെങ്കിലും ചോദ്യം ചെയ്യലിൽ നിന്നും ഹാജാറാതെ നീങ്ങാനാണ് ജയരാജൻ ശ്രമിക്കു്‌നനത്.
സിബിഐ. യുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിച്ചു വരുന്ന തലശ്ശേരി ഗസ്റ്റ് ഹൗസിൽ ചൊവ്വാഴ്ച രാവിലെ ഹാജരാകണമെന്ന് ജയരാജന് അയച്ച നോട്ടീസിൽ നിർദേശിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മനോജ് വധക്കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് സിബിഐ. നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശാരീരിക പ്രശ്‌നം കണക്കിലെടുത്ത് ഒരാഴ്ചത്തെ സമയം നൽകണമെന്ന് ജയരാജൻ സിബിഐയോട് അപേക്ഷിച്ചു. അതുപ്രകാരമുള്ള കാലാവധി അവസാനിച്ചതിനാലാണ് ചൊവ്വാഴ്ച സിബിഐ. മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
പി.ജയരാജൻ മനോജ് വധക്കേസിൽ പ്രതിയല്ലെന്ന് കോടതിയിൽ സിബിഐ. റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഗൂഢാലോചന കുറ്റം നിഷേധിച്ചിട്ടില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർ.എസ്.എസ്. ബിജെപി നടത്തുന്ന തിരക്കഥ നടപ്പാക്കുകയാണ് സിബിഐ. ചെയ്തതെന്ന് ജയരാജൻ ആരോപിക്കുന്നു. മനോജ് വധക്കേസിൽ ജയരാജനെത്തന്നെ ലക്ഷ്യമിടുന്ന സമീപനമാണ് സിബിഐ. സ്വീകരിക്കുന്നത്. മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി പി.ജയരാജനുള്ള അടുത്ത ബന്ധവും മനോജിന്റെ കൊലപാതകം നടന്ന ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമുള്ള ഫോൺ വിളികളും പരോക്ഷ തെളിവുകളായി കുറ്റ പത്രത്തിൽ സിബിഐ. നിരത്തിയിട്ടുണ്ട്.
പി.ജയരാജൻ അടക്കമുള്ള സിപിഐ.(എം). നേതാക്കൾ അക്രമിക്കപ്പെട്ട കേസുകളിൽ മനോജ് പ്രതിയാണ്. 1995 ൽ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട മനോജ്. മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമന് പയ്യന്നൂരിൽ ചികിത്സ നല്കിയതും ചില നേതാക്കളാണ്. ഇതെല്ലാം സിപിഐ.(എം). നേതാക്കളുടെ പങ്കിനേയും ഗൂഢാലോചനയുടേയും തെളിവുകളാണെന്നാണ് സിബിഐ.കുറ്റപത്രത്തിലൂടെ എടുത്തു കാട്ടുന്നത്.
മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമനു പി.ജയരാജനുമായുള്ള ബന്ധത്തെ സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡണ്ടായ ജയരാജന്റെ സ്ഥാപനത്തിലെ പ്യൂൺ ആയിരുന്നു വിക്രമൻ. വിക്രമന്റെ കുടുംബകാര്യത്തിലും ജയരാജൻ സജീവമായി ഇടപെടാറുണ്ടായിരുന്നു. വിക്രമന്റെ ഭാര്യക്ക് സൊസൈറ്റിയുടെ കീഴിലുള്ള ഉപസ്ഥാപനത്തിൽ ക്ലാർക്കിന്റെ ജോലിയും നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ചന്ദ്രോത്ത് പ്രകാശൻ സൊസൈറ്റിയിലെ ബോർഡ് മെമ്പറാണ്. 11 ാം പ്രതി അറപ്പയിൽ കൃഷ്ണനും ജയരാജനും തമ്മിൽ നല്ല ബന്ധത്തിലാണ്.
ജയരാജന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാലിയേറ്റീവ് കെയറിന്റെ ഗവേണിങ്ങ് ബോഡി അംഗം കൂടിയാണ് കൃഷ്ണൻ. അഞ്ചാം പ്രതി ഒതയോത്ത് വീട്ടിൽ ഷിബിൻ സിപിഐ.(എം). ബ്രാഞ്ച് സെക്രട്ടറിയും ജയരാജന്റെ മകൻ ജയിൻ പി.രാജിന്റെ ആത്മസുഹൃത്തുമാണ്. മനോജ് കൊല്ലപ്പെട്ട ദിവസം ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ജെയിൻ.പി. രാജ് ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിനെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്. കൊലപാതകത്തിൽ സിപിഐ.(എം) ന് ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിച്ചു പറയുമ്പോഴും തെളിവുകൾ എണ്ണിയെണ്ണി കുറ്റപത്രത്തിൽ സിബിഐ.വിശദീകരിച്ചിട്ടുണ്ട്.
ഒരു തിരുവോണ ദിവസം പി.ജയരാജനെ അക്രമിച്ച സംഭവത്തിൽ മനോജിന് പങ്കുണ്ടായിരുന്നു. അതിലുള്ള പ്രതികാരമാണ് മനോജിനെ അക്രമിച്ചു കൊലപ്പെടുത്താനുള്ള കാരണമായി സിബിഐ. കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആർ.എസ്.എസ്. ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന കതിരൂരിലെ കെ. മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് കൊലചെയ്യപ്പെട്ടത്. കണ്ണൂർ ജില്ലയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മനോജ് വധം.
യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന ആർ.എസ്.എസിന്റെ ആവശ്യമാണ് സിബിഐ.അന്വേഷണത്തിൽ എത്താൻ കാരണമായത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഗൂഢാലോചനക്കേസ് പ്രത്യേകിച്ച് അന്വേഷണം നടത്തുന്ന രീതിയും ഇതാദ്യം.