- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാക്കടയിൽ പ്ലസ്വൺ വിദ്യാർത്ഥികൾ ഞായറാഴ്‌ച്ച ദിവസം ഒന്നിച്ചുചേർന്നത് ഓൺലൈൻ ക്ലാസിനല്ല; ക്ഷേത്രത്തിനുള്ളിൽ നിന്നും ചിത്രീകരിച്ചത് ടിക്ക് ടോക്ക് വീഡിയോകളെന്ന് സൂചന; കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ വിളിച്ചുവരുത്തിയത് അയൽക്കാരൻ; പൊലീസിനെതിരായ പരാതിക്ക് പിന്നിൽ ബാഹ്യപ്രേരണയെന്ന് വിശദീകരിച്ചു കാട്ടാക്കട പൊലീസ്
കാട്ടാക്കട: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് യോഗേശ്വര ക്ഷേത്രത്തിൽ നിന്നും ലോക്ക്ഡൗൺ ചട്ടലംഘനത്തിന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിന് വന്നവരായിരുന്നു എന്ന വാദം തെറ്റായിരുന്നെന്ന് റിപ്പോർട്ടുകൾ. അന്ന് ഞായറാഴ്‌ച്ച ആയിരുന്നതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് അവധിയായിരുന്നു. അതുകൂടാതെ ഇത്തരത്തിൽ പല ദിവസങ്ങളിലായി ഇവർ അമ്പലകോമ്പൗണ്ടിനുള്ളിൽ വച്ച് എടുത്ത ടിക്‌ടോക്ക് വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.
നട അടച്ച ശേഷം അമ്പലത്തിനുള്ളിൽ അജ്ഞാതർ അതിക്രമിച്ചു കയറുന്നു എന്ന പരാതി കഴിഞ്ഞ ഡിസംബർ മാസത്തിൽ സബ്ഗ്രൂപ്പ് ഓഫീസർ കാട്ടാക്കട പൊലീസിന് നൽകിയിരുന്നു. ആളില്ലാത്ത സമയം അമ്പലത്തിനുള്ളിൽ കയറുന്ന സംഘം അതിനുള്ളിൽ ലഹരി വസ്തുക്കളുടെ കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിച്ച് പോകുന്നതായും പരാതിയുണ്ട്.
ക്ഷേത്രസമയത്തിന് ശേഷം അപരിചിതർ ക്ഷേത്രത്തിനുള്ളിൽ കടക്കുമ്പോൾ സമീപവാസികൾ പൊലീസിന് വിവരം നൽകുമായിരുന്നു. എന്നാൽ പൊലീസ് വരുന്നത് കാണുമ്പോൾ തന്നെ അവർ മതിൽചാടി രക്ഷപ്പെടുകയാണ് പതിവ്. അതുകൊണ്ടായിരുന്നു ഞായറാഴ്‌ച്ച അമ്പലത്തിനുള്ളിൽ ആളുണ്ടെന്ന വിവരം കിട്ടിയപ്പോൾ തന്നെ രണ്ട് സംഘമായി തിരിഞ്ഞ പൊലീസ് രണ്ട് വഴികളിലായി അവിടെയെത്തിയത്. പൊലീസിനെ കണ്ട് മതിൽ ചാടി ഓടിയ വിദ്യാർത്ഥികളെ രണ്ടാമത്തെ വഴിയിലൂടെ എത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
വീടിനുള്ളിൽ നെറ്റ്‌വർക്ക് കിട്ടാത്തതിനാൽ വീടിന് മുന്നിലെ ക്ഷേത്ര പടവിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു എന്നായിരുന്നു ഇവർ ബാലാവകാശ കമ്മീഷനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഞായറാഴ്‌ച്ച എവിടെയാണ് ഓൺലൈൻ ക്ലാസ് എന്നാണ് പൊലീസ് ചോദിക്കുന്നത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി സ്റ്റേഷനിലെത്തിയപ്പോൾതന്നെ മാതാപിതാക്കൾ എത്തിയിരുന്നതിനാൽ അവർക്ക് പ്രായപൂർത്തിയായിട്ടില്ല എന്നറിഞ്ഞ് കേസ് പോലുമെടുക്കാതെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ അവരെ കസ്റ്റഡിയിലെടുത്ത അമ്പലപരിസരത്ത് വച്ചും ജീപ്പിൽ വച്ചും മർദ്ദിച്ചതായാണ് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ആരോപണം.
ക്ഷേത്രത്തിന് സമീപം കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന് പൊലീസിന് വിളിച്ചറിയിച്ചത് അടുത്ത വീട്ടിലെ താമസക്കാരനാണെന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്നാണ് പൊലീസ് അവിടെയെത്തിയത്. പൊലീസിനെ കണ്ടപ്പോൾ വിദ്യാർത്ഥികൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ജയവിനായക തീയറ്ററിന് സമീപത്ത് വച്ച് എതിർദിശയിൽ വരുകയായിരുന്ന മറ്റൊരു പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. അയൽക്കാർ നിരന്തരം പരാതിപ്പെടുന്ന സാമൂഹ്യവിരുദ്ധസംഘം എന്ന് കരുതിയാണ് കാട്ടാക്കട പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ മർദ്ദിച്ചിട്ടില്ലെന്നും സംശയമുള്ളവർക്ക് ജയവിനായക തീയറ്ററിന് മുന്നിലേ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാം എന്നുമാണ് പൊലീസ് പറയുന്നത്. ഇവർക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് അറിഞ്ഞിരുന്നില്ല. സ്റ്റേഷനിൽ മാതാപിതാക്കൾ എത്തിയപ്പോഴാണ് ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണെന്ന് അറിയുന്നത്. അപ്പോൾ തന്നെ അവരെ മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയായിരുന്നു. അപ്പോഴൊന്നും പരാതി ഇല്ലാത്ത അവർ രാത്രിയിൽ ആശുപത്രിയിൽ അഡ്‌മിറ്റാകുകയും സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ളവർക്കെതിരെ പരാതി നൽകുകയും ചെയ്തതിന് പിന്നിൽ ബാഹ്യപ്രേരണ ഉണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇതിലൊരു വിദ്യാർത്ഥിയുടെ പിതാവിനെതിരെ ലോക്ക് ഡൗണിൽ മുന്നറിയിപ്പ് നൽകിയിട്ടും ഹോട്ടൽ പ്രവർത്തിപ്പിച്ചതിന് ലോക്ക് ഡൗൺ ചട്ടലംഘനത്തിന് പൊലീസ് കേസെടുത്തിരുന്നു. അതും ഈ പരാതിക്ക് കാരണമാകാമെന്ന് അവർ കരുതുന്നു.
അതേസമയം വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിലായിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മാതാപിതാക്കൾ. 'ആദ്യമായല്ല കുട്ടികൾ അവിടെ ഇരുന്ന് പഠിക്കുന്നത്. ഇതിനുമുമ്പും ഈ പ്രദേശത്തെ കുട്ടികളൊക്കെ സമാധാനത്തോടെ ഇരുന്ന് പഠിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലമായിരുന്നു ക്ഷേത്രത്തിന്റെ പടികൾ. ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ കൂടി ആയതോടെ വീടിനുള്ളിൽ നെറ്റ്‌വർക്ക് കവറേജ് കിട്ടാത്ത അവസ്ഥയാണ്. ക്ഷേത്രത്തിന് അടുത്ത് നെറ്റ്‌വർക്ക് കിട്ടും. അടുത്ത കഫേയിലെ വൈഫൈയും ഉപയോഗിക്കുന്നുണ്ട്. പിന്നെ പഠനത്തിനിടയിൽ ബോറടി മാറ്റാൻ ചെറിയ ടിക് ടോക്കുകളും ചെയ്യാറുണ്ടെന്ന് മാത്രം.' കൂട്ടത്തിലൊരാളുടെ പിതാവ് പറയുന്നു.
ഇതിനിടെ ക്ഷേത്രകോമ്പൗണ്ടിനുള്ളിൽ വച്ച് എടുത്ത ടിക്ക് ടോക്ക് വീഡിയോകളിൽ ചിലത് ക്ഷേത്ര അചാരങ്ങൾക്ക് വിരുദ്ധമായിരുന്നെന്ന ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ