കണ്ണൂർ: മേക്കുന്നിലെ ചാക്കേരി താഴെ കുനിയിൽ ഗോപിയുടെ ഭാര്യ അയൽക്കാർക്കും ബന്ധുക്കൾക്കും പ്രിയങ്കരിയായിരുന്നു. 36 കാരിയായ റീജ അകാലത്തിൽ പൊലിഞ്ഞുപോകുമെന്ന് ആരും നിനച്ചിരുന്നുമില്ല. എന്നാൽ ഘാതകന്റെ രൂപത്തിൽ ഗ്രാമവാസിയായ അൻസാർ തന്നെയാണ് അവരെ കൊലപ്പെടുത്തിയത്.

നാട്ടുകാർ ആദ്യം സംശയിച്ചത് അന്യസംസ്ഥാന തൊഴിലാളികളെയായിരുന്നു. അതിനു കാരണം അവരുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടപ്പെട്ടതിനാലാണ്. റീജയെ മുമ്പ് ശല്യപ്പെടുത്താൻ ശ്രമിച്ച ഒരു യുവാവിലേക്ക് അന്വേഷണം നീങ്ങിയപ്പോഴാണ് യഥാർത്ഥ പ്രതിയെ തിരിച്ചറിയാനായത്. റീജ നേരത്തെ തന്നെ ഇങ്ങിനെ ഒരു ശല്യക്കാരനെക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. നാട്ടുകാരോടെല്ലാം മാന്യമായി ഇടപെടുന്ന റീജയ്ക്ക് ഇങ്ങിനെ ഒരു ദുരന്തം ഉണ്ടാകുമെന്നും ആരും കരുതിയിരുന്നുമില്ല.

ഗ്രാമത്തിലെ തന്നെ വലിയ കാട്ടിൽ ഖാലിദിന്റെ മകൻ അൻസാർ ആയിരുന്നു റീജക്ക് ഘാതകനായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ നാങ്ങാണ്ടി പള്ളി പരിസരത്തെ വയലിന് സമീപം ഇടവഴിയിലൂടെ പോവുകയായിരുന്നു റീജ. നാട്ടുകാരാരും ഇല്ലാത്ത നേരം നോക്കി റീജയെ പിൻതുടർന്ന അൻസാർ അവരെ കടന്നു പിടിക്കുകയായിരുന്നു. കുതറിമാറാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും അൻസാറിൽ നിന്നും അവർക്ക് രക്ഷപ്പെടാനായില്ല.

റീജയുടെ വായും മൂക്കും അടച്ചു പിടിച്ച് അവർക്ക് ശബ്ദിക്കാനാവാത്ത അവസ്ഥയുണ്ടായി. അതോടെ അവർ ശ്വാസം മുട്ടി മരിച്ചു. ഇതിനിടെ റീജ തോട്ടിലേക്ക് വീഴുകയും ചെയ്തു. അതിനിടെ അൻസാർ യുവതിയെ മാനഭംഗപ്പെടുത്തി. മരണം ഉറപ്പാക്കിയ പ്രതി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചു മാറ്റി സ്ഥലം വിടുകയായിരുന്നു. കൊലക്കു പിന്നിൽ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് വരുത്തി തീർക്കാനുള്ള തന്ത്രമാണിതെന്ന് പൊലീസ് പറയുന്നു.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ യുവതി ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. നേരത്തെ ഗൾഫിലായിരുന്ന പ്രതി അൻസാർ ഇപ്പോൾ ബംഗളൂരുവിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ പെരുന്നാളിനു ശേഷം ജോലിക്കു പോകാതെ നാട്ടിൽ തന്നെ കഴിയുകയായിരുന്നു അൻസാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അൻസാർ യുവതി അറിയാതെ അവരെ പിൻതുടർന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അൻസാർ കൈക്കലാക്കിയ റീജയുടെ താലിമാലയുടെ ഒരു ഭാഗവും മോതിരവും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച തോട്ടിൽ പ്ലാസിറ്റിക് പൊങ്ങിക്കിടക്കുന്നത് കണ്ട് ആരോ മാലിന്യം തള്ളിയതെന്നായിരുന്നു ഇതിലൂടെ പോകുന്നവർ കരുതിയിരുന്നത്. അതുകൊണ്ടു തന്നെ ഇതാരും കാര്യമാക്കിയില്ല. എന്നാൽ ഉച്ച തിരിഞ്ഞ് പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് മനസ്സിലായത്. അതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആദ്യം അന്യ സംസ്ഥാന തൊഴിലാളികൾക്ക് നേരെ തന്നെയായിരുന്നു അന്വേഷണം നീങ്ങിയത്. എന്നാൽ ബന്ധുക്കളോടും അയൽവാസികളോടും വിശദമായി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അൻസാറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അതോടെ മണിക്കൂറുകൾക്കകം സിഐ എ.കെ. സജീവൻ, എസ്.ഐ. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അൻസാറിനെ കുടുക്കുകയായിരുന്നു. 24 കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു