മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റുയർത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ മൂലം ജനജീവിതം ഈ മേഖലയിൽ ദുസഹമാകുന്നു. സ്വർണാഭരണ കേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തനത്തിനിടെ പോലും അന്താരീക്ഷ മലിനീകരണം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ സ്വർണ്ണാഭരണ കേന്ദ്രം പൂർണ്ണ തോതിൽ പ്രവർത്തനം തുടങ്ങിയാൽ വീടും നാടും പോലും ഉപേക്ഷിച്ച് പോകേണ്ടി വരുമെന്ന ഭീതിയിലാണ് കാക്കഞ്ചേരി നിവാസികൾ. ഈ സാഹചര്യത്തിലാണ് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡിനെതിരെ അനിശ്ചിത കാല സമരവുമായി നാട്ടുകാർ രംഗത്ത് എത്തിയത്.

മലപ്പുറം കാക്കഞ്ചേരി കിൻഫ്രാ  ടെക്‌നോ ഇൻഡസ്ട്രിയൽ പാർക്കിൽ അഞ്ഞൂറോളം പേർക്ക് തൊഴിലവസരം വാഗ്ദാനം  ചെയ്ത്  ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന ആഭരണ നിർമ്മാണ ശാലയെ തകർക്കാൻ ബേധപൂർവം ശ്രമം.  50 കോടി രൂപ ചെലവഴിച്ച്   മലബാർ ഗോൾഡ്  നിർമ്മിച്ചുവരുന്ന  കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിർമ്മാണ യൂണിറ്റിനെതിരേയാണ് പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയിരിക്കുന്നതെന്നാണ് കേരള കൗമുദിയുടെ കണ്ടെത്തൽ. കരിപ്പൂർ കേന്ദ്രമായി  സ്വർണക്കള്ളക്കടത്ത്  നടത്തുന്ന  സംഘങ്ങളും ഈ സ്വർണമുപയോഗിച്ച്  രഹസ്യകേന്ദ്രങ്ങളിൽ  ആഭരണ നിർമ്മാണ ശാലകൾ നടത്തുന്നവരുമാണ്  പരിസ്ഥിതി സംരക്ഷണ സമിതിയുടെ മറവിൽ പ്രവർത്തിക്കുന്നതെന്ന് ആരോപണവും കൗമുദി ഉയർത്തുന്നു.

റെഡ് കാറ്റഗറിയിൽപെട്ട ഫാക്ടറിയാണിതെന്നും ജനവാസ കേന്ദ്രങ്ങളിൽ  പാടില്ലെന്നുമാണ്  പരിസര സംരക്ഷണ സമിതിയുടെ പ്രസിഡന്റ്  എ. ബാലകൃഷ്ണൻ കേരളകൗമുദിയോട്  പറഞ്ഞതെന്നും  എന്നാൽ  ആഭരണനിർമ്മാണശാലകളെ ഗ്രീൻ കാറ്റഗറിയിലാണ് പെടുത്തയിട്ടുള്ളതെന്നും കൗമുദി വ്യക്തമാക്കുന്നു. നൂതനമായ  മലിനീകരണ നിയന്ത്രണ ഉപകരണങ്ങളും  ഇവിടെ ഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മലബാർ ഗ്രൂപ്പ് അപേക്ഷ നൽകിയത് റെഡ് കാറ്റഗറിയിലായിരിക്കെ ഗ്രീൻ കാറ്റഗറി നൽകി നൂറ് മീറ്റർ ദൂരമെന്നത് കുറഞ്ഞ ദൈർഘ്യമാക്കാനാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വ്യവസായ വകുപ്പും ശ്രമിക്കുന്നതെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ നീക്കം ലക്ഷ്യത്തിലെത്തിയെന്ന് സൂചിപ്പിക്കുന്നതാണ് കേരള കൗമുദി വാർത്ത. സമരക്കാർ ഇതിന് വഴങ്ങിയിട്ടില്ല. ഫാക്ടറി വന്നാലുണ്ടാകുന്ന ദുരിതം തലമുറകൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ആഭരണ നിർമ്മാണ കേന്ദ്രം പൂട്ടും വരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സംരക്ഷണ സമിതിയുടെ ബാനറിൽ 31 ദിവസമായി പന്തൽകെട്ടി സമരം നടക്കുകയാണ്.

നികുതി  വെട്ടിച്ച്   പ്രവർത്തിക്കുന്ന ഇത്തരം  ഒട്ടേറെ കള്ളക്കടത്ത് സ്വർണ്ണ നിർമ്മാണ് യൂണിറ്റുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ആധുനിക സംവിധാനങ്ങളോടെ  ആരംഭിക്കാനിരിക്കുന്ന ഈ  വ്യവസായ ശാല  ഇവർക്ക്  ഭീഷണിയാണ്.  ഇവർക്ക് രഹസ്യമായി  ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയക്കാരുടെ  പിന്തുണയും സമരക്കാർക്കുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ  പരിസരവാസികളുടെ വോട്ടിൽ കണ്ണുവച്ചാണ്  ഈ ഇരട്ടത്താപ്പ്. ആഭരണ നിർമ്മാണശാല പരിസരമലിനീകരണം  ഉണ്ടാക്കുമെങ്കിൽ  ഈ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഗവണ്മെന്റിന്   നേരത്തേ  തന്നെ  ഫാക്ടറിക്ക്  അനുമതി  നിഷേധിക്കാമായിരുന്നല്ലോ എന്ന ചോദ്യത്തിന്   ഇവർക്ക് മറുപടിയില്ല. മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്യുന്ന സർക്കാരാണ് ഇവിടെ ഉള്ളതെന്ന സത്യം കൗമുദി മനപ്പൂർവ്വം മറക്കുകയാണ്.

കാക്കഞ്ചേരി ഫുഡ്  പാർക്കാണെന്നാണ്  സമരക്കാരുടെ മറ്റൊരു അവകാശവാദം. എന്നാൽ വ്യത്യസ്തങ്ങളായ വ്യവസായ ശാലകളാണ്  ഇവടെ പ്രവർത്തിച്ചുവരുന്നത്.വായു മലിനീകരണ നിയന്ത്രണോപാധിയായി ഫ്യൂം എക്ട്രക്ഷൻ  സിസ്റ്റമാണ്  ഫാക്ടറിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ജലം റീസൈക്കിൾ ചെയ്ത് എയർകണ്ടീഷൻ കൂളിങ്  ടവറിനും  ഓർഗാനിക്ക്  ഫാമിംഗിനും  ഗാർഡനിംഗിനുമൊക്കെ ഉപയോഗിക്കാനായി  എൻഫ്‌ളുവന്റ്   ട്രീറ്റ്‌മെന്റ്  പ്‌ളാന്റുമുണ്ട്. ഖരമാലിന്യങ്ങൾ  കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ  കീഴിലുള്ള പ്‌ളാന്റിലാണ്  സംസ്‌കരിക്കുന്നത്-അങ്ങനെ പോകുന്നു വാദങ്ങൾ

ഫാക്ടറിക്ക്  ബിൽഡിങ്  പെർമിറ്റ്, പൊലൂഷൻ കൺട്രോൾ ബോർഡിന്റെ സമ്മതപത്രം, ഫാക്ടറീസ്  ആൻഡ്  ബോയ്‌ലേഴ്‌സ്  ഡയറക്ടറുടെ സമ്മതപത്രം, ഫയർ ആൻഡ്  റസ്‌ക്യു  എൻ.ഒ.സി എന്നിവ ലഭിച്ചിട്ടുണ്ട്. നിയമപരമായ  എല്ലാ അനുവാദവും   ലഭിച്ച ശേഷമാണ്   നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന്  മലബാർ ഗോൾഡ്  പ്രൈവറ്റ്  ലിമിറ്റഡ്  ചെയർമാൻ എംപി. അഹമ്മദ്  കേരളകൗമുദിയോട്  പറഞ്ഞതെന്നും വ്യക്തമാക്കുന്നു. മലബാർ ഗോൾഡിന്റെ കോടികളുടെ പരസ്യം കിട്ടുന്ന കൗമുദിക്ക് ഇത് മാത്രമേ ചെയ്യാനാകൂ. പക്ഷേ പാവപ്പെട്ട ജനത അതിജീവനത്തിനായുള്ള സമരമാണ് നടത്തുന്നത്. കൗമുദിയുടെ മാതൃക വരും ദിനങ്ങളിൽ മറ്റ് പത്രങ്ങളും ഏറ്റുപിടിച്ചേക്കാം.

കാക്കഞ്ചേരി കിൻഫ്രാ പാർക്കിൽ മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെയാണ് വിവിധ രാഷ്ട്രീയ കക്ഷികളുൾപ്പടെ നാട്ടുകാർ സമരവുമായി രംഗത്ത് വന്നത്. സമരം കൂടുതൽ ശക്തമാക്കാനാണ് നീക്കം. സർക്കാരും ഭരണകൂടങ്ങളും മലബാർ ഗോൾജിന് വേണ്ടി സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടക്കുന്ന സാഹചര്യത്തിലാണ് ഇത്. ജനവാസ കേന്ദ്രത്തിൽ സ്വർണാഭരണ നിർമ്മാണ ഫാക്ടറി വന്നാലുണ്ടാകുന്ന മാലിന്യ പ്രശിനവും ജലമലിനീകരണവും വിഷമയമുള്ള അന്തരീക്ഷവുമാണ് നാട്ടുകാരെ അനിശ്ചിത കാല സമരത്തിന് പ്രേരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് വാ്യജ ആരോപണങ്ങൾ ഉന്നയിച്ച് സമര സമിതിയുടെ പോരാട്ട വീര്യം തകർക്കാനുള്ള ശ്രമം.

മലബാർ ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന സ്വർണാഭരണ നിർമ്മാണ കേന്ദ്രം മനുഷ്യ ജീവനും ജനവാസ കേന്ദ്രത്തിനും ഭീഷണിയാകുന്ന നിരവധി കാരണങ്ങൾ സമരക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിസര ജില്ലകളിൽ സമാനമായ ഫാക്ടറികൾ വന്നത് മൂലം സംഭവിച്ച ജല മലിനീകരണ പ്രശ്‌നങ്ങളും മറ്റു മലിനീകരണങ്ങളും കാരണം ഇന്നും ജനങ്ങൾ ദുരിദത്തിലാകുന്നുമുണ്ട്. വൻകിട കുത്തകകൾക്കു മുന്നിൽ അധികൃതർ മാനദണ്ഡങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തുന്ന കാഴ്ചയാണിവിടെ. ജനവാസ കേന്ദ്രത്തിൽ നിന്നും നൂറ് മീറ്റർ അകലെയായിരിക്കണം ഇത്തരത്തിൽ ആരംഭിക്കുന്ന റെഡ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾ എന്നിരിക്കെയാണ് വീടുകളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുൾപ്പടെയുള്ളവ വ്യവസായത്തിന്റെ പേരിൽ കണ്ടില്ലെന്ന് നടിക്കുന്നത്.

ആഭരണ നിർമ്മാണ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം 48 ലീറ്റർ ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സൈനേഡ് മാലിന്യം,11 കിലോ ഗ്രാം ചെമ്പ് 1064 ഡിഗ്രിയിൽ ചൂടാക്കുമ്പോളുണ്ടാകുന്ന കോപ്പറോക്‌സൈഡ് മാലിന്യം, മൂന്ന് ലക്ഷം ലീറ്റർ ജലമാലിന്യം, സോഡിയം സൈനേഡ്, കാഡ്മിയം, മെർക്കുറി മാലിന്യങ്ങൾ തുടങ്ങി കാണാൻ പറ്റുന്നതും പറ്റാത്തതുമായ വിഷ മലിനീകരണങ്ങളുടെ പട്ടിക ഇനിയും നീളുന്നു. എയർ കണ്ടീഷൺ ചെയ്ത കെട്ടിടത്തിനകാത്താണ് ഇത്തരം നിർമ്മാണ പ്രവർത്തികളെല്ലാം നടക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും കാഡ്മിയവും മെർക്കുറിയുമെല്ലാം സ്വർണ്ണാഭരണ നിർമ്മാണത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പദാർത്ഥങ്ങളാണ്. ഇത്തരം പദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ വലുതുമാണ്.

മനുഷ്യ ശരീരത്തിലെ എല്ലുകൾ ദ്രവിക്കാൻ പ്രഹര ശേഷിയുള്ളവയും മാരക രോഗങ്ങൾ വിതക്കുന്നതുമായ ചേരുവകൾ ഇക്കൂട്ടത്തിലുണ്ട്. രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിൽ രണ്ടേ കാൽ ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് 2675 തൊഴിലാളികളിൽ നിന്നുള്ള ഹ്യൂമൺ വേസ്റ്റ്, ഫുഡ് വേസ്റ്റ് തുടങ്ങിയവ വേറെയും ഇവിടെ നിന്നും പുറം തള്ളേണ്ടി വരും. ചെറുകിട സ്വർണാഭരണ കേന്ദ്രങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങളിലെല്ലാം പിരിസരത്തുള്ള കിണറുകളിൽ നിന്ന് ലഭിക്കുന്നത് മലിന ജലമാണ്. എന്നാൽ രണ്ടായിരം കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഈ വൻകിട പദ്ധതി യാഥാർത്ഥ്യമായാൽ ജന ജീവിതം ദുസ്സഹമാക്കുമെന്ന ആശങ്കിയിലും ഭീതിയിലുമാണ് ജനങ്ങൾ. ഇതൊന്നും കേരള കൗമുദിക്കായി വാർത്ത എഴുതിയ ലേഖകൻ കാണാതെ പോയി.