കൊച്ചി;ദിലീപ്- കാവ്യാ മാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഫേസ്‌ബുക്കിലൂടെ ദിലീപ് തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തിൽ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

2016ലായിരുന്നു കാവ്യ- ദിലീപ് വിവാഹം. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരിൽ ഗോസിപ്പുകൾ ധാരളമായിരുന്നു. വീണ്ടുമൊരു വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന കാവ്യയിപ്പോൾ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. 2016 നവംബർ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്ത് വിട്ടത്. താൻ വിവാഹിതനാകാൻ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവിൽ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവൻ ഗർഭിണിയാണെന്ന് പലപ്പോഴും വാർത്തകൾ വന്നിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകൾ എട്ട് മാസം ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ബേബി ഷവർ പാർട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു.

കലാഭവനിൽ നിന്ന് സിനിമയിൽ എത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധിക്കപ്പെടുകയായിരുന്നു . സല്ലാപം എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചകിലൂടെയാണ് ദിലീപും മഞ്ജു വാര്യരും തമ്മിൽ അടുക്കുന്നത്.

സല്ലാപത്തിന്റെ സെറ്റിൽ വച്ചു തന്നെ മഞ്ജുവും ദിലീപും പിരിയാൻ കഴിയാത്തവിധം അടുത്തിരുന്നുവത്രെ. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രമൊക്കെ ചെയ്യുമ്പോൾ ആ പ്രണയം പൂത്തുലയുകയായിരുന്നു. മഞ്ജുവും ദിലീപും പ്രണയത്തിലാണെന്ന വാർത്തകൾ അപ്പോഴേക്കും സിനിമാ ലോകത്ത് പ്രചരിച്ചിരുന്നുവെങ്കിലും ഇന്നത്തെ പോലെ അത്ര വലിയ പബ്ലിസിറ്റിക്കുള്ള അവസരം ഉണ്ടായിരുന്നില്ല.

ചില സിനിമാ വാരികകളൊക്കെ ഈ ഗോസിപ്പ് നൽകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു.പെട്ടന്നാണ് അത് സംഭവിച്ചത്.. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദിലീപും മഞ്ജു വാര്യരും ഒളിച്ചോടി വിവാഹം ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. മഞ്ജുവിനെ കാണാനില്ല എന്ന് പറഞ്ഞ് പത്രവാർത്ത വരെ വന്നു. പിന്നീടാണ് അറിഞ്ഞത് ദിലീപിനൊപ്പം ഓടിയതാണ് എന്ന്.

പിന്നെ ദിലീപിന്റെ നല്ല കാലമായിരുന്നു. മഞ്ജു പൂർണമായും സിനിമയിൽ നിന്നും വിട്ടു നിന്നു. ദിലീപ് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വെറുമൊരു മിമിക്രി കലാകാരനിൽ നിന്ന് മലയാള സിനിമയിലെ ജനപ്രിയ നായകനായി ദിലീപ് വളർന്നതിന് പിന്നിൽ മഞ്ജുവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട് എന്ന സത്യം മാറ്റി നിർത്താൻ കഴിയില്ല.

കാവ്യ മാധവൻ ബാലതാരമായി വന്ന കാലം മുതലേ ദിലീപിനെ പരിചയമുണ്ട്. ആദ്യമായി കണ്ടപ്പോൾ ദിലീപിനെ അങ്കിൾ എന്നാണ് കാവ്യ വിളിച്ചത്. അപ്പോൾ തന്നെ ദിലീപ് അത് തിരുത്തുകയും ചെയ്തു, അങ്കിളല്ല ഏട്ടൻ എന്നാക്കി. മഞ്ജുവിനെ എന്ന പോലെ കാവ്യയുടെയും ആദ്യത്തെ നായകൻ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി കാവ്യയും ദിലീപും ഒന്നിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളായി പിന്നെ കാവ്യയും ദിലീപും മാറി. 20 ൽ അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. പ്രേം നസീറും ഷീലയും കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും അധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച താരജോഡികൾ എന്ന റെക്കോഡ് കാവ്യയ്ക്കും ദിലീപിനും സ്വന്തം. അതോടെ പ്രണയ ഗോസിപ്പുകളും പരന്നു. 2012 ആയപ്പോഴേക്കും ആ പ്രണയ വാർത്ത കൂടുതൽ ശക്തമായി.

അതിനിടയിൽ വിവാഹിതയായ കാവ്യ മാധവനും ആ ബന്ധം വേർപിരിഞ്ഞ് വന്നതോടെ പ്രണയ ഗോസിപ്പുകൾക്ക് വ്യക്തത കൂടി. നിഷാൽ ചന്ദ്രയുമായുള്ള കാവ്യയുടെ ദാമ്പത്യ ജീവിതം ഏതാനും മാസങ്ങൾ മാത്രമേ മുന്നോട്ട് പോയിരുന്നുള്ളൂ. ആ ദാമ്പത്യ തകർച്ചയ്ക്ക് കാരണം ദിലീപാണെന്നും വാർത്തകളുണ്ടായിരുന്നു. പക്ഷെ അത് കാവ്യ നിഷേധിച്ചു.

മഞ്ജു വാര്യരും ദിലീപും വേർപിരിയാൻ പോകുന്നു എന്ന ഗോസിപ്പുകൾ വന്നു തുടങ്ങിയതും 2012 ഓടെയാണ്. ആദ്യമൊക്കെ വെറുമൊരു കിംവദന്തിയായി അതിനെ തള്ളിക്കളഞ്ഞുവെങ്കിലും പിന്നീട് അത് സത്യമാണെന്ന് ആരാധകർക്ക് ബോധ്യമായി. 2014 ൽ അത് സംഭവിച്ചു. പതിനാല് വർഷത്തെ ദാമ്പത്യം മഞ്ജുവും ദിലീപും അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങി വന്നു.മഞ്ജുവുമായുള്ള വിവാഹം പോലെ തന്നെ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോഴും മലയാളികൾ ഞെട്ടി.

മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യയുമായുള്ള അടുപ്പമാണെന്ന് കിംവദന്തികൾ പരന്നപ്പോഴൊക്കെ ദിലീപ് അത് നിഷേധിച്ചിരുന്നു. പിന്നീടൊരു സുപ്രഭാതത്തിൽ താൻ കാരണം ബലിയാടായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞാണ് ദിലീപ് കാവ്യയെ കെട്ടിയത്.