- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ കൊരുത്ത സംശയം; ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന്; ചോദ്യംചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ചു; ആ മാഡം താൻ അല്ല; അറിവോ പങ്കോ ഇല്ലെന്നും മൊഴി; കാവ്യ പ്രതിയാകുമോ?; ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി: കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാക്കേസിലുമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. എന്നാൽ നാലര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സംശയത്തിന്റെ മുനകൾ ഉയർത്തിയുള്ള ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് നടി കാവ്യാ മാധവൻ നേരിട്ടത്. ചോദ്യംചെയ്യലിൽ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് കാവ്യ പ്രതികരിച്ചത്.
ദിലീപിന്റെ സഹോരദീ ഭർത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാൻ കാവ്യയാണ് മുൻകൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം. എന്നാൽ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പൊലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.
വീട്ടിൽ പോയി മൊഴിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു നേരത്തെ അന്വേഷണസംഘം. എന്നാൽ സാക്ഷിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയിലും തനിക്ക് അനിയോജ്യമായ സ്ഥലത്തുവെച്ചുമാത്രമേ മൊഴിയെടുക്കാനാകൂ എന്ന നിലപാടിൽ കാവ്യ ഉറച്ചുനിന്നു. ഇതോടെയാണ് പൊലീസ് സംഘം പത്മസരോവരം വീട്ടിൽ പോയത് മൊഴിയെടുത്തത്. ഇനിയറിയേണ്ടത് കാവ്യ പ്രതിയാകുമോ ഇല്ലയോ എന്നാണ്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോൺസംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആലുവയിലെ വീട്ടിൽവെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടർ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ കാവ്യാ മാധവൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടിൽവെച്ച് തന്നെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ബൈജു പൗലോസും വധഗൂഢാലോചനാക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനുമാണ് ഇന്ന് കാവ്യയെ ചോദ്യം ചെയ്തത്. ഇരുകേസുകളിലും കാവ്യയുടെ ഭർത്താവ് നടൻ ദിലീപ് പ്രതിയാണ്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ കാവ്യാ മാധവന് പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ദിലീപിനെതിരെ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ കാവ്യയ്ക്ക് സംഭവത്തെക്കുറിച്ച് അറിവില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. കാവ്യയ്ക്ക് മുന്നറിവില്ലെങ്കിലും സംഭവത്തിനുശേഷം ചില കാര്യങ്ങൾ അറിയാമായിരുന്നു എന്ന നിലപാടിലായിരുന്നു നേരത്തെ പൊലീസ്. ഇതുകൊണ്ടാണ് ആദ്യ കുറ്റപത്രത്തിൽ പ്രതിയാകാതിരുന്നത്.
എന്നാൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ച് കാവ്യയ്ക്ക് മുന്നറിവുണ്ടായിരുന്നു എന്നാണ് സൂചന. ഇത് സൂചിപ്പിക്കുന്ന ചില ശബ്ദരേഖകളും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യയ്ക്കും ഇഷ്ടക്കേടുണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനുമുന്നേതന്നെ ഇരുവരും തമ്മിലുള്ള അടുപ്പം ആക്രമിക്കപ്പെട്ട നടി , ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതിലുള്ള വിരോധമാണ് ക്വട്ടേഷന് കാരണമെന്നായിരുന്നു വിലയിരുത്തൽ. ദിലീപിന്റെ പങ്കാളിത്തം വ്യക്തമായ ഘട്ടത്തിലായിരുന്നു പ്രതി ചേർത്ത് അറസ്റ്റുചെയ്തത്. കാവ്യയ്ക്കും മുന്നറിവുണ്ടായിരുന്നോയെന്നാണ് ചോദ്യം ചെയ്യലിലൂടെ പരിശോധിച്ചത്.
വധഗൂഢാലോചനാക്കേസിൽ ദിലീപും കുടുംബങ്ങളും സുഹൃത്തുക്കളുമാണ് പ്രതികൾ. കാവ്യാ മാധവൻ നിലവിൽ ഈ കേസിലും പ്രതിയില്ല. എന്നാൽ ബാലചന്ദ്രകുമാറിന്റെ മൊഴിയനുസരിച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുമ്പോൾ കാവ്യയും പത്മസരോവരം വീട്ടിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് കാവ്യയ്ക്ക് മുന്നറിവുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി നൽകുന്ന സൂചനയും. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യൽ
ചോദ്യം ചെയ്‌തെങ്കിലും കാവ്യയെ പ്രതിയാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സാക്ഷിയെന്ന നിലയിലാണ് നിലവിൽ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കാവ്യയുടെ മൊഴി പരിശോധിച്ചശേഷമാകും തുടർ തീരുമാനമെടുക്കുക. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രം പ്രതിയാക്കിയാൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അല്ലെങ്കിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കേ ദിലീപിനെതിരെ നിരത്തിയ തെളിവുകൾ പോലും പാളിപ്പോകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ കരുതലോടെയാകും മുന്നോട്ടുള്ള നീക്കങ്ങൾ
തെളിവുകൾ പരിശോധിച്ചശേഷം ഒരിക്കൽകൂടി കാവ്യാമാധവനെ ചോദ്യം ചെയ്യാനാണ് നിലവിലെ ആലോചന. അത് തങ്ങൾക്കുകൂടി അനുയോജ്യമായ സ്ഥലത്ത് ആയിരിക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഈ മാസം 30ന് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ തുടർ നടപടികളും വേഗത്തിലായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ