കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യാ മാധവനെ പൊലീസ് ചോദ്യംചെയ്തു. രാവിലെ പതിനൊന്നോടെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചുമണി വരെ തുടർന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്ന വ്യക്തമായ വിവരമാണ് ലഭിക്കുന്നത്.

ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിൽവച്ചായിരുന്നു ചോദ്യംചെയ്യൽ. നടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തചുവെന്നാണ് സൂചന. സന്ധ്യയോടെയാണ് ചോദ്യംചെയ്യൽ അവസാനിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.ബി ബി സന്ധ്യ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയിട്ടുണ്ട്. നേരത്തെ ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെടുത്തിയാണ് കാവ്യയിൽ നിന്ന് വിശദമായി പൊലീസ് മൊഴിയെടുത്തത്. ഈ മൊഴി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് അറിയുന്നത്.

അതീവ രഹസ്യമായാണ് പൊലീസ് നടപടിയുണ്ടായത്. ദിലീപിന്റെ വീട്ടിൽ പൊലീസ് എത്തി കാവ്യയെ ചോദ്യം ചെയ്തപ്പോൾ കൂടെ അമ്മ ശ്യാമളയും ഉണ്ടായിരുന്നു. നടിയുടെ പേരിലുള്ള ലക്ഷ്യയെന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളെപ്പറ്റി വിശദമായി പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ വൈരുദ്ധ്യങ്ങൾ കണക്കിലെടുത്താവും തുടർനടപടികൾ.

നടി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് നേരത്തേയും ചോദ്യംചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചോദ്യംചെയ്യാനായി വിളിച്ചെങ്കിലും അവർ പൊലീസ് ക്‌ളബ്ബിൽ വരാൻ സൗകര്യപ്പെടില്ലെന്ന രീതിയിലാണ് പ്രതികരിച്ചത്.

ഇതേത്തുടർന്നാണ് അവർക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ പൊലീസ് അറിയിക്കുകയും ഇന്ന് വീട്ടിലെത്തി ചോദ്യംചെയ്യാൻ തീരുമാനിക്കുകയും ചെയ്തതെന്നാണ് സൂചന. ദിലീപിന് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ കേസിൽ ശക്തമായി നീങ്ങാനൊരുങ്ങുകയാണ് പൊലീസ്. അപ്പുണ്ണിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ അപ്പുണ്ണി ഉടൻ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇന്നു നടന്ന ചോദ്യം ചെയ്യലുമായി കാവ്യാ മാധവൻ പൂർണ്ണമായും സഹകരിച്ചതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഏൽപ്പിച്ചിരുന്നുവെന്നാണ് പൾസർ സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇതേത്തുടർന്ന് ലക്ഷ്യയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്തിയ മെമ്മറികാർഡ് ലഭിച്ചിരുന്നില്ല. ചില രേഖകളും മറ്റും പൊലീസ് ശേഖകരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിലുൾപ്പെടെ തയ്യാറാക്കിയ ചോദ്യാവലിയുമായി പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്.