- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവാര്യർക്ക് നൽകി അതേ നോട്ടീസ് കാവ്യയ്ക്ക് നൽകിയത് തിരിച്ചടിയായി; പ്രതിയല്ലെങ്കിലും സംശയത്തിന്റെ നിഴലിലുള്ളവർക്ക് ചോദ്യം ചെയ്യലിനു നൽകുന്ന നോട്ടിസ് ദിലീപിന്റെ ഭാര്യയ്ക്ക് നൽകുന്നത് പരിഗണനയിൽ; സിആർപിസി 41എ നോട്ടീസിൽ നിയമോപദേശം നിർണ്ണായകമാകും; കാവ്യയെ പൊലീസ് ക്ലബ്ബിലെത്തിക്കാൻ ഉറച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിൽ നടി കാവ്യാ മാധവനെ സാക്ഷിയെന്ന പരിഗണനയ്ക്ക് അപ്പുറം ചോദ്യം ചെയ്യാൻ നീക്കം. ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ സംശയത്തിന്റെ നിഴലിലാണാ കാവ്യ. അതുകൊണ്ട് കാവ്യയ്ക്കു ക്രിമിനൽ നടപടിക്രമം 41എ പ്രകാരം പുതിയ നോട്ടിസ് നൽകാണ് ആലോചന. അങ്ങന നീങ്ങിയാൽ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്ഥലത്തു കാവ്യയ്ക്ക് ഹാജരാകേണ്ടി വരും.
പ്രതിയാക്കിയിട്ടില്ലെങ്കിലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവർക്കു ചോദ്യം ചെയ്യലിനു ഹാജരാകാൻ നൽകുന്ന നോട്ടിസാണു സിആർപിസി 41എ. സാക്ഷിയായി ചോദ്യം ചെയ്യുമ്പോൾ വീട്ടിൽ അന്വേഷണ സംഘമെത്തി ചോദ്യം ചെയ്യുന്നതിൽ അപാകതയില്ലെന്ന നിയമോപദേശം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രതിയാക്കാതെ തന്നെ കാവ്യയെ വീണ്ടും പൊലീസ് ആഗ്രഹിക്കുന്നിടത്ത് എത്തിക്കാനാണ് നീക്കം. എന്നാൽ നേരത്തെ സാക്ഷിയായി ചോദ്യം ചെയ്യാനുള്ള നോട്ടീസ് കാവ്യയ്ക്ക് നൽകിയിരുന്നു. ഇതെല്ലാം ഭാവിയിൽ വിനയാകുമോ എന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്.
പ്രൊജക്ടർ ഉപയോഗിച്ചു ഡിജിറ്റൽ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും കാണിച്ചും കേൾപ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടിയിരുന്നത്. കാവ്യയുടെ മൊഴികൾ ക്യാമറകളിൽ പകർത്തുകയും വേണം. ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഈ സാഹചര്യത്തിൽ ഇന്നലെ ചോദ്യം ചെയ്യൽ നടന്നില്ല. മറ്റു കേസുകളിലെ സാക്ഷികളിൽ നിന്നു വ്യത്യസ്തമായി കാവ്യാ മാധവൻ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ തന്നെയാണ്. പ്രതിയുടെ വീട്ടിൽ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.
കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യവും അന്വേഷണ സംഘം മുന്നിൽ കാണുന്നുണ്ട്. ദിലീപും കാവ്യയും താമസിക്കുന്ന വീട്ടിലെത്താനുള്ള അസൗകര്യം ബാലചന്ദ്രകുമാറും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയ്ക്കു പുതിയ നോട്ടിസ് നൽകി ആലുവ പൊലീസ് ക്ലബ്ബിൽ തന്നെ വിളിച്ചു വരുത്താനാനാണ് നീക്കം. അതുകൊണ്ടാണ് പുതി നോട്ടീസ് നൽകാനുള്ള ആലോചന.
നിലവിൽ സാക്ഷികൾക്കു നൽകുന്ന സിആർപിസി 160ാം വകുപ്പു പ്രകാരമുള്ള നോട്ടിസാണു കാവ്യയ്ക്കു നൽകിയിട്ടുള്ളത്. ഇത്തരം നോട്ടിസ് ലഭിക്കുന്ന സ്ത്രീകളെ അവരുടെ താമസസ്ഥലത്തു ചോദ്യം ചെയ്യണമെന്നാണു നിയമവ്യവസ്ഥ. മഞ്ജു വാര്യരിൽ നിന്നും മൊഴി എടുത്തതും ഇതേ നോട്ടീസിന്റെ ബലത്തിലാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലെത്തി ചോദ്യം ചെയ്യാൻ കാവ്യയും ആവശ്യപ്പെട്ടത്. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കുകയും ചെയ്തു. അതുകൊണ്ടാണ് പുതിയ നോട്ടീസ് നൽകാനുള്ള ആലോചന.
ഇക്കാര്യത്തിൽ വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം നോട്ടിസിന്റെ സ്വഭാവം മാറ്റുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കും. കേസിൽ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചിരുന്ന ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടി.എൻ.സുരാജും അഭിഭാഷകർ വഴി അസൗകര്യം അറിയിച്ചു. ഇരുവരും കൊച്ചിയിൽ ഇല്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
പ്രതികളും അവരുടെ അടുത്ത ബന്ധുക്കളും ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാൻ വിസമ്മതിക്കുന്ന വിവരം അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും. തുടരന്വേഷണത്തിനു കൂടുതൽ സമയം ചോദിച്ച് അന്വേഷണ സംഘം സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആ ഹർജിയിൽ എല്ലാ നിസ്സഹകരണവും ചർച്ചയാക്കും. എന്നാൽ കാവ്യയെ ചോദ്യം ചെയ്യാൻ വീട്ടിൽ വരില്ലെന്ന് പറയുന്ന ക്രൈംബ്രാഞ്ചിന് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാൻ താൽപ്പര്യമില്ലെന്നാണ് ദിലീപ് പക്ഷത്തിന്റെ വാദം.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ നാളെ പോർട്ടലിൽ അപ് ഡേഷൻ ഉണ്ടായിരിക്കുന്നതല്ലഎഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ