കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയെന്ന് സൂചന. മൂന്ന് ദിവസത്തിനകം കാവ്യ ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ചോദ്യം ചെയ്യാൻ വിളിക്കുന്ന ദിവസം തന്നെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിർദ്ദേശമുണ്ടെന്നാണ് സൂചന. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും കേസിൽ പ്രതിയാകും. ്അപ്പുണ്ണിയേയും ഉടൻ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതിനിടെ ഓണം കഴിഞ്ഞ ശേഷം കാവ്യയേയും അപ്പുണ്ണിയേയും ചോദ്യം ചെയ്താൽ മതിയെന്ന അഭിപ്രായവും അന്വേഷണ സംഘത്തിലുണ്ട്.

കേസിലെ മാഡം കാവ്യയാണെന്ന് മുഖ്യപ്രതി പൾസർ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൾസറിന്റെ വെളിപ്പെടുത്തലിന് പുറമെ പൊലീസ് അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസിൽ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയാണ്. ഇതാണ് കാവ്യയിലേക്ക് അന്വേഷണം നീളാൻ കാരണം. എന്നാൽ കാവ്യ ഗൂഢാലോചനയിൽ പങ്കെടുത്തില്ല. ദിലീപിന്റെ നിർദ്ദേശ പ്രകാരം പൾസറിനെ സഹായിക്കുകയായിരുന്നു. പൊലീസ് പൾസറിനെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഈ സാഹചര്യമാണ് കാവ്യയെ കേസിൽ കടുക്കുന്നത്. കാവ്യയ്‌ക്കെതിരായ തെളിവുകൾ പൊലീസ് അന്തിമ വിശകലനത്തിന് വിധേയമാക്കുകയാണ്.

സംശയം തോന്നിയ ആദ്യം മുതൽ തന്നെ കാവ്യയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായി സുനി പോയിരുന്നു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ അന്വേഷണത്തിലാണ് വ്യക്തമായത്. കൂടാതെ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു. ഇതെല്ലാം കാവ്യ ആദ്യ ചോദ്യം ചെയ്യലിൽ നിരസിക്കാൻ ശ്രമിച്ച കാര്യങ്ങളാണ്. എന്നാൽ ശാസ്ത്രീയ തെളിവുകൾക്ക് മുമ്പിൽ നടി പതറിപോയിരുന്നു. ഇതോടെയാണ് ദിലീപിനെതിരെ നിർണ്ണായക മൊഴികൾ പൊലീസിന് കാവ്യയിൽ നിന്ന് ലഭിച്ചത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പൾസർ കാവ്യയാണ് മാഡമെന്ന് തുറന്നു പറഞ്ഞത്.

പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കാവ്യ നിയമോപദേശം തേടിയതായി റിപ്പോർട്ടുണ്ട്. അതിനിടെ സുനിയുടെ വെളിപ്പെടുത്തൽ കേട്ട് കാവ്യ കുഴഞ്ഞു വീണതായി റിപ്പോർട്ടുണ്ട്. ഉടൻ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടി. അറസ്റ്റ് ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നു. ഇത്തരത്തിൽ കള്ളക്കളികൾക്ക് മുതിരരുതെന്ന സൂചന പൊലീസ് കാവ്യയ്ക്ക് നൽകിയിട്ടുണ്ട്. വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. കേസിൽ കാവ്യ പ്രതിയാകും. എന്നാൽ ഗൂഢാലോചനക്കുറ്റം ചുമത്താതെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും വിട്ടയ്ക്കാനുമാണ് തീരുമാനം. കാവ്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ റിമാൻഡ് ചെയ്യാനും നീക്കമുണ്ട്.

അതിനിടെ തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാവ്യയുടെ കുടുംബം. തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തവരെ ശിക്ഷിക്കുമോ എന്ന് കാവ്യയുടെ കുടുംബം ചോദിക്കുന്നു. പൾസർ സുനിയുമായി ഒരു ബന്ധവുമില്ല. തൃശൂർ യാത്രയിൽ പൾസർ സുനി ഡ്രൈവറായി വന്നിട്ടില്ലെന്നും കാവ്യയുടെ കുടുംബം തറപ്പിച്ച് പറയുന്നു. ഓർമ്മയിൽ പോലും ഇങ്ങനെ ഒരാളില്ല. സ്ഥിരം ഡ്രൈവർ അവധിയിൽ പോകുമ്പോൾ താൽക്കാലിക ഡ്രൈവർമാർ വരാറുണ്ട്. എന്നാൽ അവരുടെ ജാതകം വാങ്ങി വയ്ക്കാനാകില്ലല്ലോ എന്നും കാവ്യയുടെ കുടുംബ സുഹൃത്ത് പറയുന്നു. എന്നാൽ പൊലീസ് ഇതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഒന്നോ രണ്ടോ ദിവസത്തേക്കായി പല ഡ്രൈവർമാരും വന്നിട്ടുണ്ട്. എന്നാൽ പൾസർ സുനി വന്നതായി ഓർമ്മയില്ല. ഇപ്പോഴത്തെ ഡ്രൈവർ രണ്ട് വർഷമായി കാവ്യയുടെ കൂടെ ജോലി ചെയ്യുന്നു. ഇയാളുടെ കാലത്ത് താൽക്കാലിക ഡ്രൈവർ വന്നിട്ടില്ല. ലക്ഷ്യയിൽ പൾസർ സുനി വന്നിരുന്നുവെന്നെ പൊലീസിന്റെ വാദവും കാവ്യയുടെ കുടുംബം തള്ളി. ഹാർഡ് ഡിസ്‌ക് ചോദിച്ചപ്പോൾ സന്തോഷത്തോടെയാണ് കൊടുത്തത്. അത് ഒന്നു മറയ്ക്കാനില്ലാത്തതുകൊണ്ടാണെന്നും കാവ്യയുടെ കുടുംബം.

സിനിമാ രംഗത്ത് സ്ഥിരം ഡ്രൈവർ അവധിയിൽ പോയാൽ താൽക്കാലിക ഡ്രൈവറെ ഏർപ്പാട് ചെയ്യുന്ന പതിവുണ്ട്. ഇക്കാര്യം അറിയാവുന്ന പൾസർ സുനി അത് വച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും കാവ്യയുടെ കുടുംബം പറയുന്നു.