കൊല്ലം: അദ്ധ്യാപിക കാവ്യ ലാലിന്റെ മരണത്തിൽ പ്രതിയായ യുവാവിന് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ നടപടികളില്ലാതെ പൊലീസ്. ഓഗസ്റ്റ് 24-ന് പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത് റെയിൽപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അദ്ധ്യാപിക കാവ്യ ലാലിന്റെ മരണത്തിൽ ഒന്നാംപ്രതിയായ മയ്യനാട് കൂട്ടിക്കട തൃക്കാർത്തികയിൽ അബിൻ പ്രദീപിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇയാളുടെ അമ്മയും രണ്ടാംപ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. നാഷ്ണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിൽ കാവ്യ ലാലിന്റെ മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. കാവ്യയുടെ അമ്മ ജീന നൽകിയ പരാതിയിലാണു കാവ്യ കാമുകൻ അബിന് അയച്ച മെസേജുകളും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് അമ്മ ബീനയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അബിന്റെ അച്ഛൻ പ്രദീപ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഇയാളുടെപേരിൽ നിലവിൽ കേസില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതിനാൽ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കാവ്യ ലാലിന്റെ മരണത്തെ തുടർന്ന് സുഹൃത്തായിരുന്ന അബിനെയും അമ്മ ബീനയെയും ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. തുടരന്വേഷണത്തിൽ ലൈംഗികപീഡനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ അബിന്റെ പേരിൽ ബലാത്സംഗക്കുറ്റംകൂടി ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് ഇവർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഒന്നാംപ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് കഴിഞ്ഞ 28-ന് ഉത്തരവായത്. കാവ്യ ലാലിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിവരുകയാണ്.

ഒന്നരമാസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജലജാമണി പറഞ്ഞു. കേസ് അട്ടിമറിക്കന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും ഏതാനും പൊലീസ് ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മാഫിയയും ചില രാഷ്ട്രീയനേതാക്കളും ശ്രമിക്കുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. ഒന്നാംപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനാൽ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി സ്‌നേഹിച്ചിരുന്ന അബിൻ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയർന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്. ജൂലൈ 25 ന് കാവ്യ അബിൻ പഠിക്കുന്ന എസ് എൻഐടിയിൽ എത്തിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിൻ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടിൽ പോയി എങ്കിലും അബിൻ കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ കാൺകേയായിരുന്നു ഇത്.

കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാർക്ക് അറിവുള്ളതായിരുന്നു. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടർന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകി. കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു തെളിവായി നൽകിരിക്കുന്നത്. കാവ്യാ ലാലിന്റെ മരണത്തിനു പിന്നിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി അമ്മ ജീന ഒറ്റയാൾ പോരാട്ടം നടത്തി വരുന്നതിനിടെയാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. അബിനെതിരേ പരാതി നല്കിയിരുന്നെങ്കിലും പൊലീസ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

അബിനും കാവ്യയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഇങ്ങനെയാണ്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്. കാവ്യ അയച്ച മറ്റൊരു സന്ദേശം: 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാൻ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടൻ അത് സോൾവ് ചെയ്യുന്നത് കേൾക്കാൻ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.' ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കിൽ ഇയാൾ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്‌സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാൻ മരിച്ചാൽ എന്നെ വീട്ടിൽക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേൺ കംപ്ലയിന്റ് കൊടുക്കാൻ പറഞ്ഞു ഞാൻ തിരക്കിയപ്പോൾ, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.

കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഇത് പ്രതിക്ക് രക്ഷപ്പെടാൻ വേണ്ടിയാണെന്ന ആരോപണം സജീവമായിരുന്നു.