- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയത് ചോദ്യാവലിയുമായി; നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ശബ്ദരേഖകളിലും ഫോൺസംഭാഷണങ്ങളിലും വ്യക്തത തേടി; തുടർ നടപടി, കാവ്യ മാധവന്റെ മൊഴി പരിശോധിച്ച ശേഷം
കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലുമായി കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിൽനിന്ന് മടങ്ങിയത്. ചോദ്യാവലിയുമായാണ് എസ്‌പി മോഹന ചന്ദ്രൻ , ഡി.വൈ.എസ്‌പി. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർനടപടികളിലേക്ക് കടക്കും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോൺസംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമർശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ശബ്ദ രേഖയുടേതടക്കം നിർണായക തെളിവുകളാകുന്നവയിൽ കൂടുതൽ വ്യക്തത തേടിയായിരുന്നു ചോദ്യം ചെയ്യൽ.
ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്നു വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പ്, ആക്രമണത്തിന് ഇരയായ നടിയും, ദിലീപ്, മഞ്ജു വാര്യർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തിൽ ചില സൂചനകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളിൽ അടക്കം ക്രൈംബ്രാഞ്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആലുവയിലെ വീട്ടിൽവെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടർ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ കാവ്യാ മാധവൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടിൽവെച്ച് തന്നെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് എസ്‌പി. മോഹനചന്ദ്രൻ, ഡിവൈ.എസ്‌പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം 'പത്മസരോവരം' വീട്ടിലെത്തിയത്. പൊലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉൾപ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.
ഇന്നാണ് കേസിൽ ക്രൈംബ്രാഞ്ച് കാവ്യാ മാധവന് നോട്ടീസയച്ചത്. ചോദ്യം ചെയ്യലിന് എവിടെ ഹാജരാകാൻ സാധിക്കുമെന്ന് ഇന്ന് 11 മണിക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു ആവശ്യം. ആലുവയിലെ വീട്ടിൽ ചോദ്യം ചെയ്യലിന് തയ്യാറെന്ന് കാവ്യ മറുപടി നൽകിയിരുന്നു. നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടിൽ കാവ്യ ഉറച്ച് നിന്നതോടെ അത് മുടങ്ങിയിരുന്നു.
ഇതിനിടെ ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായതോടെ നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവും, വധഗൂഢാലോചന കേസിന്റെ അന്വേഷണവും മന്ദഗതിയിലായി. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ അവലോകനം നടന്നത്. അന്വേഷണപുരോഗതി വിലയിരുത്തിയ ക്രൈംബ്രാഞ്ച് മേധാവി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ