പത്തനംതിട്ട: നിവിൻ പോളിയുടെ ബിഗ്ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ പേരിലുള്ള ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം വർധിച്ചിരിക്കുകയാണ്. നല്ലവനായ കള്ളനെ പ്രതിഷ്ഠയാക്കി ആരാധിച്ച് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ കാരംവേലിക്ക് സമീപമുള്ള ഇടപ്പാറ മല.

വിശ്വാസത്തിന്റെ മാത്രമല്ല, ഐതിഹ്യത്തിന്റെയും പിൻബലമുണ്ട് കൊച്ചുണ്ണി ക്ഷേത്രത്തിന്. കായംകുളം കൊച്ചുണ്ണി സിനിമയിലും ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. ഇതാണ് ഇവിടെ ഭക്തജന തിരക്കേറാൻ കാരണമായിരിക്കുന്നത്. വെറും കൊള്ളക്കാരനായി മാത്രം പരാമർശിക്കപ്പെട്ടിരുന്ന കൊച്ചുണ്ണിയുടെ യഥാർഥ മുഖം സിനിമയിലൂടെ വെളിപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ള ഏക ദേവാലയത്തിലേക്ക് വിശ്വാസികൾ നേർച്ച കാഴ്ചകളുമായി എത്തുന്നത്.

ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും പിൻബലമുള്ള കായംകുളം കൊച്ചുണ്ണിയെ ഇടപ്പാറ മലയിലെ ഊരാളി മലയ്ക്ക് കാവലായാണ് പ്രതിഷ്ഠിച്ചതെന്ന് പഴമക്കാർ പറയുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ കാർമികനായിരുന്ന ഇടപ്പാറ മല ഊരാളി അവിടെ നിന്നുള്ള യാത്രയ്ക്കിടയിൽ കായംകുളത്തു രാത്രി തങ്ങിയെന്നും അപ്പോൾ അത് വഴി അലയുന്ന കൊച്ചുണ്ണിയുടെ ആത്മാവിനെകണ്ടുമുട്ടിയത്.

ഇവർ തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ഇടപ്പാറ മലക്ക് കാവലാളായാൽ അർഹമായ സ്ഥാനം നൽകാമെന്ന് ഊരാളി ഉറപ്പ് നൽകി. ഇതോടെ കൊച്ചുണ്ണി കായംകുളം വിട്ട് ഊരാളിക്ക് ഒപ്പം ഇടപ്പാറയിലേക്ക് തിരിച്ചു. വാഗ്ദാനം പാലിച്ച ഊരാളി മുഖ്യക്ഷേത്രത്തിന് സമീപം ഉപദേവാലയം നിർമ്മിച്ച് ഇരിപ്പിടം നൽകി.

മലനടയിൽ എത്തുന്നവർ കൊച്ചുണ്ണിയുടെ ക്ഷേത്രത്തിലും വഴിപാടുകൾ നൽകി പ്രാർത്ഥിച്ചു തുടങ്ങി. ആദ്യ കാലങ്ങളിൽ മദ്യവും മുറുക്കാനും ഒക്കെ ആയിരുന്നു വഴിപാടുകൾ. ഇപ്പോൾ പുകയിലയും മുറുക്കാനും ഉടയാടയും മറ്റുമാണ് പ്രധാനം. കൊച്ചുണ്ണി നടയിൽ പ്രാർത്ഥിച്ചാൽ കാര്യസാധ്യമെന്ന് വിശ്വാസം.

മോഷണം പോയ വസ്തുക്കൾക്ക് വേണ്ടി നേർച്ച നേരാൻ പലരും ഇവിടെ എത്തി. അതിൽ ചിലതൊക്കെ തിരിച്ചു കിട്ടിയതോടെ കൊച്ചുണ്ണിയുടെ ദിവ്യത്വം നാടെങ്ങും പരന്നു. മോഷണമുതൽ തിരിച്ചു കിട്ടിയവർ അത് നാടെങ്ങും പറഞ്ഞു പരത്തി. ഇല്ലാത്തവർ മിണ്ടാതിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വിശ്വാസികൾ എത്തി തുടങ്ങി.

സിനിമ ഷൂട്ടിങിന് തുടക്കം കുറിച്ചതും മലനടയിലാണ്. സിനിമാ പ്രവർത്തകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതോടെ ഇടപ്പാറ മലയ്ക്കും കായംകുളം കൊച്ചുണ്ണി ക്ഷേത്രത്തിനും പ്രാമുഖ്യം ഏറുകയാണ്. മോഷണത്തിന് ഇരയായവർ മാത്രമല്ല, മോഷ്ടാക്കളും ഇവിടെ എത്തി നേർച്ച കാഴ്ചകൾ അർപ്പിക്കാറുണ്ടെന്ന് പറയുന്നു. അവരോടുള്ള കൊച്ചുണ്ണിയുടെ മനോഭാവം ഇതുവരെ പുറത്തു വന്നിട്ടില്ല.