ന്യൂഡൽഹി: മരുമകൾക്ക് വിസ തീർന്നെന്നുപറഞ്ഞ് ട്വീറ്റ് ചെയ്തയാൾക്ക് സുഷമ സ്വരാജിന്റെ മറുപടി. വിസയ്ക്ക് അപേക്ഷിക്കൂ, പുതുക്കിത്തരാമെന്ന് വിദേശ കാര്യമന്ത്രി തന്നെ ഉറപ്പുകൊടുത്തതോടെ, ടീനു ജാങ്ഗ്രയുടെയും ഷാന ചലദയേവയുടെയും ജീവിതത്തിലെ ആശങ്ക ഒരുപരിധിവരെ മാറി.

വിസ പുതുക്കി നൽകാമെന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് കസാക്ക്‌സ്താൻകാരി ഷാന ചലദയേവ വ്യാഴാഴ്ച ന്യൂഡൽഹിയിൽനിന്ന് കസാക്കിസ്താനിലേക്ക് മടങ്ങി. കസാക്കിസ്താനിലുള്ള കുടുംബാംഗങ്ങളെക്കാണാനാണ് ഷാന പോയതെന്ന് ഭർത്താവ് ടീനു ജാങ്ഗ്ര പറഞ്ഞു.

ഹരിയാണയിലെ ഫത്തേപ്പുരിലെ സാമൈൻ ഗ്രാമത്തിലാണ് ടീനുവും ഷാനയും ജീവിക്കുന്നത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ടീനുവും ഷാനയും മെയ് രണ്ടിനാണ് വിവാഹിതരായത്.ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഷാനയുടെ വിസ കാലാവധി ഓഗസ്റ്റ് ഒന്നിന് തീരും.

ഇതിനിടെയാണ് വിസ പുതുക്കിക്കിട്ടാൻ എന്തുചെയ്യണമെന്ന ആശങ്ക ഇവരെ അലട്ടിയത്. ട്വിറ്ററിലൂടെ സംശയം ഉന്നയിച്ചപ്പോൾ, അതാ സുഷമ സ്വരാജ് തന്നെ മറുപടിയുമായി രംഗത്തെത്തി. ഷാനയുമായും ഭർത്താവുമായും താൻ സംസാരിച്ചുവെന്ന് കഴിഞ്ഞ ദിവസം സുഷമ വീണ്ടും ട്വീറ്റ് ചെയ്തു.

മൂന്നാഴ്ചയ്ക്കുള്ളൽ ഷാനയ്ക്ക് നാട്ടിൽ തിരിച്ചെത്താനാകുമെന്ന് ടീനു പ്രത്യാശ പ്രകടിപ്പിച്ചു. ഷാനയുടെ നാട്ടിലേക്ക് പോകുന്ന കാര്യവും ടീനു ആലോചിക്കുന്നുണ്ട്. ഇരുവരെയും സഹായിക്കാമെന്ന് വിദേശ കാര്യമന്ത്രിതന്നെ ഉറപ്പ് നൽകിയതോടെ ജീവിതത്തിലെ ആശങ്ക മാറിയ സന്തോഷത്തിലാണ് ഇരുവരും.