തിരുവനന്തപുരം: കെബി ഗണേശ് കുമാറിന് പിണറായി മന്ത്രി സഭയിലേക്കുള്ള വഴി തുറക്കുന്നു. സർക്കാരിനെ കടക്കെണിയിലാക്കുന്ന കെഎസ്ആർടിസിയുടെ രക്ഷകനാക്കാൻ ഗതാഗത വകുപ്പ് നൽകി ഗണേശ് കുമാറിനെ ഉടൻ മന്ത്രി സഭയിലേക്ക് എടുക്കും. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ തന്നെ ഗതാഗത മന്ത്രിയായുള്ള ഗണേശിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗതാഗത മന്ത്രിസ്ഥാനവും ഇതിലേക്ക് ചുമതലയേൽക്കുന്ന മന്ത്രിമാരും തലവേദനയായി മാറിയതോടെയാണ് പിണറായി വിജയൻ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഗണേശിന് മന്ത്രി സ്ഥാനം നൽകുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു നീക്കത്തിന് പിന്നിൽ. എൻസിപിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ഇവർക്ക് മന്ത്രി സ്ഥാനം നൽകില്ല. ഹണിട്രാപ്പിൽ കോടതി വിധി തിരിച്ചടിയായതോടെ ശശീന്ദ്രന്റെ മന്ത്രി മോഹം അസ്തമിച്ചു. അതേസമയം തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തയെന്ന് സർക്കാരും കോടതിയിൽ സമ്മതിച്ചു. ഇത് മന്ത്രിയാകാനുള്ള തോമസ് ചാണ്ടിയുടെ മോഹത്തിനും വിലങ്ങു തടിയായി.

അതേസമയം വിവാദങ്ങൾ പുകഞ്ഞപ്പോഴും തോമസ് ചാണ്ടിക്ക് പൂർണ പിന്തുണയുമായി നിന്ന പിണറായി സർക്കാർ ഇപ്പോൾ തോമസ് ചാണ്ടിക്കെതിരായി മലക്കം മറിഞ്ഞത് ഗണേശിനെ മന്ത്രി സഭയിലേക്ക് ഉൾപ്പെടുത്താൻ തന്നെയാണ് എന്ന് വ്യക്തം. മാത്രമല്ല കേന്ദ്രത്തിൽ എൻസിപി ബിജെപിക്കൊപ്പം നിക്കാനുള്ള സാധ്യതയും പിണറായി കണക്കിലെടുത്തു. എൻസിപി കേന്ദ്ര നേതൃത്വം ബിജിപിയോട് കൂറു പുലർത്തുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ എൻസിപിക്ക് മന്ത്രി സ്ഥാനം നൽകാൻ പിണറായി വിജയൻ ഒരുക്കവുമല്ല.

അതേസമയം ഗണേശിനെ മന്ത്രി സഭയിലേക്ക് എടുക്കാനുള്ള എല്ലാ വഴികളും അദ്ദേഹം ഒരുക്കുന്നുമുണ്ട്. രാജ്യ സഭാംഗം രാജിവെച്ച വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് ഉടൻ തന്നെ പിണറായി മന്ത്രി സഭയിൽ ചേരും. വീരനും പാർട്ടിക്കും അംഗത്വം നൽകുന്നതോടൊപ്പം കേരളാ കോൺഗ്രസിനെയും മുന്നണിയിലെടുക്കാനും ഒപ്പം ഗണഷിന് മന്ത്രി സ്ഥാനം നൽകാനുമാണ് സിപിഎം തീരുമാനം.ജെഡിഎസിനാണെങ്കിൽ എംഎൽഎയും ഇല്ല. ഇതും കണക്കിലെടുക്കുമ്പോൾ ഗണേശിന് മന്ത്രി സ്ഥാനം നൽകാതിരിക്കാനും പിണറായിക്ക് കഴിയില്ല.

ഗണേശിനെ മന്ത്രി സഭയിലെടുക്കുന്നതിന്റെതായ വ്യക്തമായ സൂചന സർക്കാർ നൽകി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ ഗണേശ് കുമാറിനെയും ബാലകൃഷ്ണ പിള്ളയേയും സന്ദർശിച്ചതും ചർച്ച നടത്തിയതും. സിപിഐയിൽ നിന്ന് പൂർണ പിന്തുണയാണ് ഗണേശിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ കൊട്ടാരക്കര വാളകത്തെ കീഴൂട്ട് വസതിയിൽ രണ്ടു മണിക്കൂറോളം നടന്ന ചർച്ചയിൽ ഗണേശിന്റെ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ളവ ചർച്ചയായി.

ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മരണവുമായി ബന്ധപ്പെട്ട് അനുശോചനം അറിയിക്കാനായാണ് കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾ ഇന്നലെ കൊട്ടാരക്കരയിൽ എത്തിയതെന്നാണ് സിപിഐ പറയുന്നതെങ്കിലും മന്ത്രി സ്ഥാനം ഉൾപ്പെടെയുള്ളവയായിരുന്നു ചർച്ചയിൽ ഉയർന്നത്. ഗണേശ്‌കുമാർ മന്ത്രിയാകുന്നതിൽ സിപിഐക്ക് എതിർപ്പില്ലെന്ന് കാനം ഇരുവരെയും അറിയിച്ചിട്ടുണ്ട്. അതേസമയം മകന് മന്ത്രി സ്ഥാനം കിട്ടുമെന്നതിനാൽ എല്ലാത്തിനും ബാലകൃഷ്ണ പിള്ളയും സമ്മതം മൂളിയിട്ടുണ്ട്.

ഗണേശ് മന്ത്രിസഭയിൽ എത്തുന്നതിനെ സിപിഎമ്മും അനുകൂലിക്കുകയാണ്. മുൻപ് മികച്ച മന്ത്രിയെന്ന നിലയിൽ പേരെടുത്ത ഗണേശിന്റെ പ്രതിഛായ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കരുതുന്നത്. അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്കു ശേഷം ഗണേശ് മന്ത്രിസഭയിൽ എത്തുമെന്നാണ് കരുതുന്നത്. തോമസ് ചാണ്ടിക്കെതിരായ കേസുകൾ ശക്തമായി നിലനിൽക്കുന്നതും എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായി എത്താത്തതും ഗണേശിന് അനുകൂല ഘടകങ്ങളാണ്.

തകർന്നിരിക്കുന്ന കെഎസ്ആർടിസിയെ ഒരു കരയ്‌ക്കെത്തിക്കാൻ ഗണേശ് കുമാറിന് കഴിയുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. ഗണേശ്കുമാറും മാത്യൂ ടി.തോമസും മന്ത്രിമാരായിരുന്ന കാലത്താണ് കെ.എസ്.ആർ.സി ഏറെ പരുക്കേൽക്കാതെ ഓടിയതെന്ന പ്ലസ്പോയിന്റാണ് ഗണേശിന് വീണ്ടും മന്ത്രിസഭയിലേക്കുള്ള പാത തുറക്കുന്നത്. എൻ.സി.പി കൈയാളിയിരുന്ന കോർപ്പറേഷൻ എ.കെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും രാജിയേ തുടർന്ന് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് കൈകാര്യം ചെയ്യുന്നത്.

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സുപ്രധാനമായ 20 ഓളം വകുപ്പുകൾ ഇപ്പോൾ മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമായ ശ്രദ്ധ പ്രതിസന്ധിയിലായ കോർപ്പറേഷനിൽ പതിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ആകില്ല. മാത്രവുമല്ല സിപിഎം സമ്മേളനങ്ങളുടെ തിരക്കും പിണറായിക്കുണ്ട്. അതുകൊണ്ടു തന്നെ കെ.എസ്.ആർ.ടി.സിയുടെ സ്വതന്ത്ര ചുമതല ഒരാളെ ഏൽപ്പിക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.

ഗണേശ്കുമാറിനെ മന്ത്രി സഭയിൽ കൊണ്ടുവന്ന് കെ.എസ്.ആർ.ടി.സിയുടെ ചുമതല നൽകി കോർപ്പറേഷനെ രക്ഷിക്കാനുള്ള അവസാനശ്രമം കൂടി പരീക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. പ്രതിസന്ധിയിലായ കോർപ്പറേഷനെ കൈവിട്ടെന്ന പഴി ഒഴിവാക്കാനാണ് പത്തനാപുരം എംഎ‍ൽഎ കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി ഗണേശ്കുമാറിനെ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഗണേശ്കുമാർ വീണ്ടും മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചന.

അടുത്തകാലത്ത് കെ്എസ്.ആർ.ടി.സിക്ക് അല്പമെങ്കിലും ആശ്വസിക്കാനായത് ഗണേശ് മന്ത്രിയായിരുന്ന കാലത്താണ്. കോർപ്പറേഷനെ ലാഭത്തിലാക്കാരും വരുമാനം കൂട്ടാനുമായി നിരവധി പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു.