തിരുവനന്തപുരം: കെ റെയിൽ സർവേയെ അടക്കം തള്ളിപ്പറഞ്ഞ് കെസിബിസി രംഗത്ത്. ജനനന്മയോ സാമൂഹിക ക്ഷേമമോ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല കെ റെയിൽ എന്നും മറിച്ച്, ബിസിനസ് താത്പര്യങ്ങളാണ് മുന്നിട്ടു നിൽക്കുന്നതെന്നും കെസിബിസി വിമർശിച്ചു. കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കെ റെയിലിനെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നത്. പദ്ധതിക്കെതിരായ ജനവികാരം മനസിലാക്കി വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഇന്നത്തെ കേരളത്തെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയാണ് കെ റെയിൽ പദ്ധതി. പതിനായിരക്കണക്കിന് കോടി രൂപകൊണ്ടുള്ള ആറാട്ട് സ്വപ്‌നമാണ് പദ്ധതിയെന്നും കെസിബിസി കുറ്റപ്പെടുത്തുന്നു. പൊതുജനത്തിന്റെയും സംഘടനകളുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായ സമന്വയമോ ആശയങ്ങളോ പ്രതീക്ഷിക്കാതെയും സ്വീകരിക്കാതെയും നിർബന്ധബുദ്ധിയോടെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് സംശയങ്ങൾ വർധിപ്പിക്കുന്നു. ജീവിതം വഴിമുട്ടുന്നതിലുള്ള ആശങ്കയിൽ വിലപിക്കുന്ന ജനങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ആ സംശയങ്ങൾ വർധിപ്പിക്കുന്നതേയുള്ളൂവെന്നും ലേഖകൻ വ്യക്തമാക്കുന്നു.

മൂലമ്പള്ളിയിൽ നിന്നും 14 വർഷം മുമ്പ് കുടിയിറക്കപ്പെട്ടവർ ഇപ്പോഴും ഭൂമിയില്ലാതെ സർക്കാറിന്റെ കാരുണ്യം കാത്തു കഴിയുന്ന അവസ്ഥയാണ് ഉള്ളത്. മദ്യവും ലോട്ടറിയും വിറ്റു നിത്യചിലവു കഴിക്കുന്ന സർക്കാർ എങ്ങനെ കെ റെയിലിന് സാമ്പത്തികം കണ്ടെത്തുമെന്ന ചോദ്യവും ലേഖനം മുന്നോട്ടു വെക്കുന്നു.

ലേഖനത്തിന്റെ പൂർണരൂപം ചുവടേ:

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ ദൂരത്തിൽ പുതുതായി ഒരു അതിവേഗ റെയിൽപ്പാത. അതിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സിൽവർ ലൈൻ ട്രെയിനുകൾ. നാലുമണിക്കൂറിൽ താഴെയുള്ള സമയംകൊണ്ട് കാസർഗോഡുനിന്ന് തിരുവനന്തപുരം വരെ യാത്രചെയ്ത് എത്താമെന്ന ആകർഷകമായ വാഗ്ദാനം. 66,000 കോടി രൂപയാണ് പ്രോജക്ടിന്റെആകെ ചെലവായി കണക്കാക്കുന്നതെങ്കിലും അത് രണ്ടു ലക്ഷം കോടി രൂപവരെ ഉയരുമെന്ന് വിമർശകർ പറയുന്നു.

3000 ഏക്കർ സ്ഥലമാണ് ഈ പ്രോജക്ടിനായി ഏറ്റെടുക്കേണ്ടതായുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷിതത്വം മുൻനിർത്തി കെ-റെയിൽ പാതയ്ക്ക് ഇരുവശവും മതിലുകൾ നിർമ്മിക്കേണ്ടതുണ്ട്. മുൻവർഷങ്ങളിലെ പ്രളയത്തിൽ വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽ അതിലും ഉയരത്തിലായിരിക്കും പാതകൾ നിർമ്മിക്കേണ്ടിവരിക.

പ്രത്യക്ഷത്തിൽ അത്യാകർഷകമായി തോന്നാമെങ്കിലും, ആധുനിക കേരളചരിത്രത്തിലെ ഏറ്റവും വലുതും സങ്കീർണവുമായ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട ആശങ്കകൾ എണ്ണമറ്റതാണ്. കെ-റെയിലുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളും അവകാശവാദങ്ങളും അരങ്ങുതകർക്കുകയാണ്. പ്രാരംഭ നടപടിക്രമങ്ങളും കല്ല് സ്ഥാപിക്കലുമായി സർക്കാരും മുമ്പോട്ടുതന്നെ. പ്രത്യക്ഷത്തിൽ സർക്കാർ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, അനുകൂല പ്രതികരണങ്ങളും പിന്തുണയും താരതമ്യേന വളരെ കുറവാണ് എന്നതാണു വാസ്തവം. സാമ്പത്തികം, പാരിസ്ഥിതികം, പ്രായോഗികത തുടങ്ങി വിവിധ തലങ്ങളിൽ നിന്നുകൊണ്ടുള്ള വിമർശനങ്ങൾക്കാണ് ഈ ദിവസങ്ങളിൽ മുൻതൂക്കം. വികസനവും ആധുനിക സൗകര്യങ്ങളും വേണം എന്ന അഭിപ്രായപ്രകടനങ്ങളുമായി ഒരു വിഭാഗം കെ-റെയിലിനെ അനുകൂലിക്കുമ്പോൾ, സാമ്പത്തികവും പാരിസ്ഥിതികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു വലിയ വിഭാഗം സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നു.

കേരളത്തിന്റെ വികസന ആഭിമുഖ്യം

ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം എന്നുള്ളതിൽ സംശയമില്ല. ദേശീയപാത മുതൽ പഞ്ചായത്ത് റോഡുകൾ വരെയുള്ള മൂന്നുലക്ഷത്തി മുപ്പത്തിരണ്ടായിരത്തോളം കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. ഒരു കോടിയിലേറെ വാഹനങ്ങൾ ഈ റോഡിലൂടെ സഞ്ചരിക്കുന്നു. ഈ കണക്കുകൾ പ്രകാരം കേരളത്തിൽ വികസനത്തിന്റെ കാര്യത്തിൽ പ്രാമുഖ്യം ലഭിക്കേണ്ടത് റോഡ് ഗതാഗതത്തിനാണ് എന്നുള്ളതിൽ സംശയമില്ലല്ലോ.

കേരളത്തിന്റെ വികസന ആഭിമുഖ്യങ്ങളിലെ അശാസ്ത്രീയതയ്ക്ക് ഒട്ടേറെ സമീപകാല ഉദാഹരണങ്ങളുണ്ട്. സംസ്ഥാനത്തിന്റെ വ്യാപാരനഗരമായ കൊച്ചിയിൽ സമീപകാലത്ത് പണികഴിച്ചിട്ടുള്ള വിവിധ നിർമ്മിതികൾ തന്നെയാണ് പ്രധാനം. കൊച്ചിയുടെ രണ്ടു പ്രധാന ഗേറ്റ്‌വേകളായ ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിൽ സമീപകാലത്താണ് മേൽപ്പാലങ്ങൾ നിർമ്മിച്ചത്. 2016ൽ തുറന്നുകൊടുത്ത ഇടപ്പള്ളിയിലെ പാലം പണിതത് ഡിഎംആർസി ആണ്.

ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം വൈറ്റിലയിലെ പാലവും ഗതാഗതത്തിനായി തുറന്നുകൊടുത്തു. കോട്ടയം, ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്ന് എറണാകുളത്തേക്കും, എറണാകുളം വഴി മറ്റു ജില്ലകളിലേക്കും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ട കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിൽ വളരെ പ്രാകൃതവും അപര്യാപ്തവുമായ ഒറ്റലൈൻ മേൽപ്പാലം പണിത പ്രവൃത്തി ന്യായീകരണമർഹിക്കുന്നില്ല. പണി തീർന്ന് കേവലം ഒരു വർഷം കഴിയും മുമ്പേ അസഹനീയമായ ബ്ലോക്ക് വൈറ്റിലയിൽ പലപ്പോഴും കണ്ടുതുടങ്ങിയിരിക്കുന്നു.

കൂടുതൽ സങ്കീർണമായ സാഹചര്യമാണ് ഇടപ്പള്ളിയിലേത്. തൃശൂർ മുതൽ വടക്കോട്ടുള്ള മുഴുവൻ ജില്ലകളിൽനിന്നും എറണാകുളത്തേക്ക് പ്രവേശിക്കേണ്ട ഏക മാർഗമായ ഇടപ്പള്ളി ജംഗ്ഷനിലെ ട്രാഫിക്കിന് പരിഹാരമായി ഭരണാധികാരികൾ വിധിച്ചതും ഒറ്റലൈൻ മേൽപ്പാലമാണ്. കൂടാതെ, ലോകത്ത് ഒരു രാജ്യത്തും അത്തരമൊരു ജംഗ്ഷനിൽ അനുവദിക്കാത്ത വലിയൊരു ഷോപ്പിങ് മാളിന് ഉപാധിരഹിതമായി അനുമതി നൽകുകയും ചെയ്തു. നട്ടുച്ചയ്ക്ക് പോലും കിലോമീറ്ററുകൾ നീണ്ട ബ്ലോക്കാണ് ഇപ്പോൾ ഇടപ്പള്ളിയിലെ പതിവു കാഴ്ച.

കൂടുതൽ സൗകര്യങ്ങളോടെ ഇനിയൊരു മേൽപ്പാലം പുതുക്കിപ്പണിയാൻ കഴിയില്ല എന്നുറപ്പുള്ള വൈറ്റില, ഇടപ്പള്ളി ജംഗ്ഷനുകളിൽ യഥാക്രമം 8638 കോടി രൂപ മുടക്കി മേൽപ്പാലങ്ങൾ പണിതതിന് പകരം ആനുപാതികമായി ഉയർന്ന തുക വകയിരുത്തി ദീർഘവീക്ഷണത്തോടെ മികച്ച സംവിധാനങ്ങൾ ഒരുക്കാമായിരുന്നു. അത് ഇന്നു ചർച്ച ചെയ്യപ്പെടുന്ന സിൽവർ ലൈൻ പദ്ധതിയേക്കാൾ വളരെയേറെ പ്രാധാന്യമർഹിക്കുന്ന കേരളത്തിന്റെ പൊതുവായ ആവശ്യവുമായിരുന്നു. കാരണം, 66,000 മുതൽ രണ്ടു ലക്ഷം കോടി രൂപ വരെ മുതൽമുടക്ക് വരുമെന്നു പറയപ്പെടുന്ന കെ-റെയിലിൽ അഞ്ചോ എട്ടോ വർഷം കഴിഞ്ഞ് സഞ്ചരിക്കാൻ ഇടയുള്ളവരേക്കാൾ എത്രയോ മടങ്ങ് ആളുകൾ ഈ ജംഗ്ഷനുകളിലൂടെ ഓരോ ദിവസവും കടന്നുപോകുന്നുണ്ട്!

ശരിയായ ആസൂത്രണം കൂടാതെ പണിയപ്പെട്ട റോഡുകളും കെട്ടിടങ്ങളും വലിയ ഗതാഗത തടസത്തിന് കാരണമാകുന്നതിനാലാണ് കേരളത്തിലെ വിവിധ നഗരങ്ങൾക്ക് അനുബന്ധമായി ബൈപ്പാസുകൾ പണിതത്. അത്തരം ബൈപാസുകളുടെ നിർമ്മിതികളിൽ ഗുരുതരമായ ഒട്ടേറെ അനാസ്ഥകളും അഴിമതികളും കാണാവുന്നതാണ്. സ്ഥലമെടുപ്പിൽ സ്വാധീനങ്ങൾ കടന്നുകൂടിയതിനാൽ പുതിയ റോഡുകൾ പലതും വളവും തിരിവും ഉള്ളവയാണ്. പുതിയ റോഡുകളുടെ കച്ചവട സാധ്യതകൾ ചിലർ വ്യാപകമായി ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ അടുത്ത കാലങ്ങളിൽ പണി പൂർത്തിയാക്കപ്പെട്ട പുതിയ റോഡുകളുടെ മിക്ക ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും പണിതിരിക്കുന്നു. ഒട്ടേറെയിടങ്ങളിൽ ഗതാഗതക്കുരുക്കു രൂക്ഷമാണ്. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാൾ പരിസരം ഉദാഹരണമാണ്.

അശാസ്ത്രീയ സമീപനവും സ്വാർത്ഥ താത്പര്യങ്ങളും അഴിമതിയുമാണ് കേരളത്തിലെ റോഡ് ഗതാഗത മേഖലയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. കൊച്ചി നഗരം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗതാഗത പ്രതിസന്ധികൾ വിലയിരുത്തിയാൽ സമീപഭാവിയിൽ ഈ പട്ടണംതന്നെ എഴുതിത്ത്തള്ളേണ്ടതായി വന്നേക്കാമെന്നു തോന്നാം. കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ചാൽ കൊച്ചിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയാക്കി ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.

വികസനകാര്യങ്ങളെ ഇത്രമാത്രം ബാലിശമായി സമീപിക്കുന്ന ഭരണകൂടം, അവയുടെ അടിസ്ഥാന പ്രശ്‌നങ്ങളെയും, സംസ്ഥാനത്തിന്റെ യഥാർഥ ആവശ്യങ്ങളെയും മറന്നുകൊണ്ടും ശരിയായ ഒരു വികസനനയം സ്വീകരിക്കാതെയുമാണ് പുതിയ പദ്ധതിക്കും കോപ്പുകൂട്ടുന്നത് എന്നുള്ളതാണ് അടിസ്ഥാനപരമായ വെല്ലുവിളികളിൽ പ്രധാനം.

സ്ഥലം ഏറ്റെടുപ്പ് എന്ന ആശങ്ക

സാധാരണക്കാരെ ഏറ്റവുമധികം ആശങ്കയിലാക്കുന്ന പ്രതിസന്ധിയാണ് സ്ഥലം ഏറ്റെടുപ്പ്. മൂവായിരം ഏക്കറിൽപ്പരം ഭൂമിയാണ് കെ-റെയിൽ പ്രോജക്ടിനായി ഏറ്റെടുക്കേണ്ടത്. പതിനായിരക്കണക്കിനുപേരെ പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്ന സ്ഥലമെടുപ്പും കുടിയിറക്കുമാണ് ഇനി സംഭവിക്കാനിരിക്കുന്നത്. നിർബന്ധിത ഏറ്റെടുക്കൽ ശ്രമങ്ങളെത്തുടർന്ന്, കെ-റെയിലിനെ കണ്ണീർ റെയിൽ എന്ന് വിശേഷിപ്പിക്കേണ്ടതായി വരുംവിധമുള്ള കാഴ്ചകൾ ഈ ദിവസങ്ങളിൽ കേരളത്തിൽനിന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നു. കിടപ്പാടവും തൊഴിലിടവും വിട്ട് ഇറങ്ങേണ്ടിവരുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആശങ്ക വളരെ ദയനീയമാണ്. സമാനമായ പദ്ധതികളുടെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയിറക്കപ്പെട്ട അനേകരുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങൾ പോലും മനസിലാക്കിയിട്ടുണ്ട്.

കൊച്ചിയിലെ മൂലമ്പള്ളിയിൽ 14 വർഷം മുമ്പ് കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഇന്നും സർക്കാരിന്റെ കാരുണ്യം കാത്ത് കഴിയുന്ന കാഴ്ചയും അവരുടെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളും ഉദാഹരണങ്ങൾ മാത്രം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായാണ് അവർ കുടിയിറക്കപ്പെട്ടത്. വളരെ എളുപ്പത്തിൽ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമാണ് അതെങ്കിലും, കോടതി പോലും പലപ്പോഴായി ഇടപെട്ടിട്ടും, സർക്കാർ നിഷ്‌കരുണം മുഖം തിരിച്ചു നിൽക്കുകയാണ്.

കേവലമൊരു പാലം പണിതുതീർക്കാൻ നാലും അഞ്ചും വർഷങ്ങൾ വേണ്ടിവരുന്ന ഈ നാട്ടിൽ, പണിത പാലം ഒറ്റവർഷത്തിനുള്ളിൽ പൊളിച്ചുപണിത് അഴിമതിയുടെ പുതുചരിത്രം എഴുതിയ ഈ നാട്ടിൽ, കെ-റെയിൽ അഞ്ചുവർഷംകൊണ്ടു പൂർത്തീകരിക്കുമെന്നാണ് അവകാശവാദം. പ്രാരംഭനടപടികളുടെ ഭാഗമായി ആയിരക്കണക്കിനു കുടുംബങ്ങൾക്ക് കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടപ്പെടുകയും പല മുന്നനുഭവങ്ങളുംപോലെ അവരും ദുരിതങ്ങളിൽ അകപ്പെടുകയും ചെയ്താൽ ആരുണ്ടാവും അവർക്കുവേണ്ടി സംസാരിക്കാൻ എന്ന ചോദ്യം വലുതാണ്. നിലപാടിലും തീരുമാനങ്ങളിലുമുള്ള ആത്മാർത്ഥത വാക്കിലും കടലാസിലുമല്ല, നീതി കാത്ത് പുറമ്പോക്കിൽ കഴിയുന്ന അനേകരോടുള്ള മനോഭാവത്തിലൂടെ തെളിയിക്കാനാണ് സർക്കാർ തയാറാകേണ്ടത്.

സാമ്പത്തികമായ ആശങ്കകൾ

പാരിസ്ഥിതികവും ബൗദ്ധികവുമായ സാഹചര്യങ്ങൾ എല്ലാവിധത്തിലും അനുകൂലമായിട്ടും, സാമ്പത്തികമായി തകർന്നുനിൽക്കുന്ന ഇന്നത്തെ കേരളത്തിന് ഇത്തരമൊരു പദ്ധതിയുടെ ഭാരം ചുമലിലേറ്റാനുള്ള കെൽപ്പുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്ന ഉത്തരമാണ് സാമ്പത്തിക വിദഗ്ധരിൽ ഏറിയപങ്കും നൽകുന്നത്. മദ്യത്തിൽനിന്നും ലോട്ടറിയിൽനിന്നും പെട്രോളിയം ഉത്പന്നങ്ങളിൽനിന്നും ലഭിക്കുന്ന വരുമാനം മാറ്റിനിർത്തിയാൽ ദരിദ്രരാജ്യങ്ങൾ തോറ്റുപോകുന്ന നിലയിലേക്കു കൂപ്പുകുത്തുമെന്ന ദയനീയാവസ്ഥയിലാണ് ഇന്നു നാം. മൂന്നരലക്ഷം കോടി രൂപയോളം വരുന്ന പൊതുകടം എന്ന തീരാബാധ്യതയിലാണ് ഇന്ന് കേരളത്തിന്റെസാമ്പത്തികസ്ഥിതി നിലനിൽക്കുന്നത്. ഇത്രമാത്രം വലിയ സാമ്പത്തിക ബാധ്യതകൾക്ക് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ സാമ്പത്തിക വ്യവസ്ഥിതി ഒരു ചീട്ടുകൊട്ടാരം പോലെ ദുർബലമാണ്. ആ പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന് വരുന്ന പത്തുവർഷത്തിനുള്ളിൽ വീണ്ടും രണ്ടുലക്ഷം കോടി രൂപകൂടി അധികബാധ്യത ഉണ്ടായേക്കാവുന്ന ചിത്രം അചിന്തനീയമാണ്.

മദ്യ വിലയും നികുതിയും വർധിപ്പിക്കുക, കൂടുതൽ ബാറുകൾ തുറക്കുക, ലോട്ടറി കൂടുതൽ പ്രിന്റ് ചെയ്തു വിൽക്കുക (കഴിഞ്ഞ ഓണം ബമ്പർ വിറ്റഴിച്ചത് 300 രൂപ വിലയുള്ള 65 ലക്ഷം ടിക്കറ്റുകളാണെന്നാണ് കണക്കുകൾ, 1000% ലാഭം) എന്നിങ്ങനെയുള്ള വഴികളാണ് സ്ഥിരവരുമാനത്തിനും അധിക വരുമാനത്തിനുമായി ഇപ്പോഴും സർക്കാരിനു മുന്നിൽ പ്രധാനമായുള്ളത് എന്നതാണ് ലജ്ജാകരമായ മറ്റൊരു വസ്തുത.

നനഞ്ഞിടം കുഴിക്കുന്ന ശൈലിയിൽ സാധാരണക്കാരനെ പരിധിവിട്ട് ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾ ആത്യന്തികമായി നാടിന്റെ വളർച്ചയ്ക്കു കാരണമായി മാറുന്നില്ല. മദ്യവും ലോട്ടറിയും മറ്റും വില്പന നടത്തി അമിതലാഭമുണ്ടാക്കുകയും, അതോടൊപ്പം അവയുടെ ഉപഭോക്താക്കളായ ഒരു വിഭാഗത്തെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുകൊണ്ട് ഏതൊരു വികസന പ്രവർത്തനത്തിനു തറക്കല്ലിട്ടാലും അതിന്റെ നന്മയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംശയിക്കേണ്ടതുണ്ട്. ഇവിടെ വികസനവും പുരോഗതിയും ഉണ്ടാകേണ്ടത് എല്ലാ ജനങ്ങൾക്കുമാണ്. സമഗ്രമായ വളർച്ചയാണ് ശാശ്വതമായ പുരോഗതിയിലേക്ക് നാടിനെ നയിക്കുന്നത്. സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഒട്ടേറെ പ്രതിസന്ധികളിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതത്വവും ക്ഷേമവും ചിലരുടെ മാത്രമല്ല, എല്ലാ പൗരന്മാരുടെയും അവകാശമാണെന്ന തിരിച്ചറിവ് ഭരണ, വരേണ്യ വർഗങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.

വിവിധ ദേശങ്ങളിൽ എന്നതുപോലെ, ഭരണകൂടം നേരിട്ടു നടത്തുന്ന ഗതാഗതരംഗത്തെ വികസന, ആവശ്യസേവന പ്രവർത്തനങ്ങൾ നാടിന് ആവശ്യമാണ്. കെഎസ്ആർടിസി, മെട്രോ സർവീസ് മുതൽ അതിവേഗ ട്രെയിൻ സർവീസ് വരെ അത്തരം ആവശ്യങ്ങളിൽ കാലാനുസൃതമായി ഉൾപ്പെട്ടേക്കാം. സ്വാഭാവികവും അനിവാര്യവുമായ വികസനഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു നാടിനും ഇത്തരം സർവീസുകൾ ആവശ്യമായി വരും. സർക്കാർ സംരംഭങ്ങളായി നടത്തപ്പെടുന്ന ഇത്തരം പദ്ധതികളെ ലാഭനഷ്ടക്കണക്കുകളുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ ഒരുപരിധിവരെ അപ്രസക്തമാണ് എന്നുള്ളതാണ് വാസ്തവം. കാരണം, ജനാധിപത്യ സർക്കാരുകളുടെ ബാലൻസ് ഷീറ്റിൽ മിച്ചമായുണ്ടാകേണ്ടത് സാമ്പത്തികലാഭമല്ല, ജനങ്ങളുടെ സംതൃപ്തിയും പദ്ധതികളുടെ ഫലപ്രാപ്തിയുമാണ്.

എന്നാൽ, കഴിഞ്ഞ ചില പതിറ്റാണ്ടുകളായി പിന്നോട്ട് സഞ്ചരിക്കുന്ന കേരളത്തിന്റെസമ്പദ് വ്യവസ്ഥിതിയിൽ വികസനത്തിന്റെ പേരിൽ അശാസ്ത്രീയമായും വീണ്ടുവിചാരമില്ലാതെയും നടത്തുന്ന അടിച്ചേൽപ്പിക്കലുകളും അനുബന്ധ വാദഗതികളും കേരളസമൂഹത്തിന് ദീർഘകാല ബാധ്യതയായി മാറും എന്നുള്ളത് നിസ്തർക്കമാണ്.

നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി, സർവീസുകൾ വെട്ടിച്ചുരുക്കി സാധാരണക്കാർക്ക് പ്രയോജനമില്ലാതാക്കിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിച്ച് ജനപ്രിയ സേവനമാക്കി മാറ്റിയെടുക്കുക ഇന്നത്തെ കേരളത്തിന്റെപ്രധാന ആവശ്യങ്ങളിലൊന്നാണ്. മറ്റെല്ലാറ്റിനേക്കാളും മുകളിൽ റോഡ് ഗതാഗത മേഖലയിൽ അടിയന്തര ശ്രദ്ധ ആവശ്യമാണ്. അത്തരം രംഗങ്ങളിലെ ക്രിയാത്മക ഇടപെടലുകളാണ് ജനം ആഗ്രഹിക്കുന്നത്. ഏതുവിധേനയും ഫണ്ട് കണ്ടെത്തി പരിഹാരമുണ്ടാക്കേണ്ട ഇത്തരം എണ്ണമറ്റ അടിയന്തര വിഷയങ്ങളിൽ തികഞ്ഞ അവഗണന തുടരുന്നതോടൊപ്പംതന്നെ ഇത്തരം സ്വപ്നപദ്ധതികൾ അവതരിപ്പിച്ച് ആശങ്ക വിതയ്ക്കുകയും ചെയ്യുന്ന ശൈലി പ്രതിഷേധാത്മകമാണ്.

ചുരുക്കത്തിൽ

മേൽപ്പറഞ്ഞ ചില വിഷയങ്ങളിൽ ഒതുങ്ങുന്നതല്ല കെ-റെയിൽ സംബന്ധമായ ആശങ്കകൾ. ഇന്നത്തെ കേരളത്തിലും കേരളത്തിന്റെ ഭൂപ്രകൃതിയിലും ഈ പദ്ധതിയുടെ പ്രായോഗികത, വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിങ്ങനെ ഒട്ടേറെ വശങ്ങളിൽനിന്നുള്ള ചോദ്യങ്ങളും ഈ ദിവസങ്ങളിൽ ഉയരുന്നുണ്ട്. എല്ലാം ആഴമുള്ള വിഷയങ്ങൾതന്നെയാണ്. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള കരുതൽ എന്നോ, വികസനത്തിന് അനിവാര്യമെന്നോ ഉള്ള ചില വിശദീകരണങ്ങൾക്കൊണ്ട് അവസാനിക്കുന്നവയല്ല അത്തരം ആകുലതകൾ. ഭാവിതലമുറയ്ക്കായി നാം കരുതലുള്ളവരാകണം. എന്നാൽ, ആ കരുതൽ പ്രകടിപ്പിക്കപ്പെടേണ്ടത് അവർക്ക് ക്രിയാത്മകമായി പ്രവർത്തിക്കാനും വളരാനും അനുയോജ്യമായ പരിസ്ഥിതി അവർക്കായി നീക്കിവച്ചുകൊണ്ടുകൂടിയാവണം. മലിനീകരണങ്ങളും അശാസ്ത്രീയ നിർമ്മിതികളും പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റങ്ങളുംകൊണ്ട് ജീവിതംതന്നെ ദുഃസഹമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഭാവിതലമുറയെക്കുറിച്ച് നാം കൂടുതൽ കരുതലുള്ളവരാകേണ്ടത് ഇത്തരത്തിലാണ്. അവസാനമില്ലാത്ത അവകാശവാദങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവർ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.

ഭാവിതലമുറയ്ക്കായുള്ള പ്രവർത്തനപദ്ധതികളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത മറ്റൊന്നുകൂടിയുണ്ട്. വ്യവസായ, വാണിജ്യ, തൊഴിൽ മേഖലകളുടെ വളർച്ചയാണത്. കഴിവുറ്റ സംരംഭകരും പ്രൊഫഷണലുകളും പതിറ്റാണ്ടുകളായി സംസ്ഥാനവും രാജ്യവും വിട്ട് പുറംനാടുകളെ അഭയം പ്രാപിക്കുന്ന ദുരവസ്ഥ എന്തുകൊണ്ട് സർക്കാർ ഗൗരവമായി പരിഗണിക്കുന്നില്ല ഒട്ടേറെ സംരംഭങ്ങൾ പൂട്ടിപ്പോകാനും, നിലവിലുള്ള നിരവധി പ്രസ്ഥാനങ്ങൾ പ്രതിസന്ധികളെ നേരിടാനുമുള്ള പ്രധാന കാരണം ഭരണകൂട അനാസ്ഥയും കെടുകാര്യസ്ഥതയുമാണ്. ഒരു നാടിന്റെ യഥാർഥ വികസനം ആ നാട്ടിലെ ജനങ്ങൾക്ക് മികച്ച ഉപജീവന സാധ്യതകൾ ഉറപ്പുവരുത്തിക്കൊണ്ടാണ് ആരംഭിക്കേണ്ടത്. അതിന് ആദ്യം ആവശ്യമായിരിക്കുന്നത് തൊഴിലവസരങ്ങളുടെയും തൊഴിൽ മേഖലകളുടെയും വളർച്ചയാണ്.

അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഇന്നത്തെ കേരളത്തെ സംബന്ധിച്ചുള്ള പ്രധാന ആശങ്കയും, പതിനായിരക്കണക്കിന് കോടി രൂപകൊണ്ടുള്ള ആറാട്ട് സ്വപ്നം കണ്ടുകൊണ്ടുള്ള മുന്നിട്ടിറക്കമായി പലരും ഈ പദ്ധതിയെ വിലയിരുത്താനുള്ള കാരണങ്ങളും മേല്പറഞ്ഞവ തന്നെയാണ്. പൊതുജനത്തിന്റെയും സംഘടനകളുടെയും സ്വതന്ത്ര ചിന്തകരുടെയും അഭിപ്രായ സമന്വയമോ ആശയങ്ങളോ പ്രതീക്ഷിക്കാതെയും സ്വീകരിക്കാതെയും നിർബന്ധബുദ്ധിയോടെ തുനിഞ്ഞിറങ്ങിയിരിക്കുന്നത് സംശയങ്ങൾ വർധിപ്പിക്കുന്നു. ജീവിതം വഴിമുട്ടുന്നതിലുള്ള ആശങ്കയിൽ വിലപിക്കുന്ന ജനങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ആ സംശയങ്ങൾ വർധിപ്പിക്കുന്നതേയുള്ളൂ.

ഇത് ജനനന്മയോ സാമൂഹിക ക്ഷേമമോ ലക്ഷ്യംവച്ചുള്ള പദ്ധതിയല്ല, മറിച്ച് ബിസിനസ് താത്പര്യങ്ങളാണ് മുന്നിട്ടു നിൽക്കുന്നത് എന്നുള്ള ചിന്ത അനേകായിരങ്ങളെ ഈ ദിവസങ്ങളിൽ വീർപ്പുമുട്ടിക്കുന്നുണ്ട്. ജനവികാരം മനസിലാക്കി വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.

റവ. ഡോ. മൈക്കിൾ പുളിക്കൽ
(കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)