കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയും സഭയുടെ ആശുപത്രികളിൽ മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് ആഹ്വാനം ചെയ്തും കേരളാ കത്തോലിക്കാ മെത്രാൻ സമിതി. എംഎൽഎമാരുടെ ഉൾപ്പെടെ ആനുകൂല്യങ്ങൾ ഉയർത്താൻ കാണിച്ച വ്യഗ്രത ക്ഷേമ പെൻഷനുകൾ നൽകുന്ന കാര്യത്തിൽ കാണുന്നില്ലെന്ന കുറ്റപ്പെടുത്തലും സമിതി ഉന്നയിക്കുന്നു. ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെസിബിസി ഇത്തരത്തിൽ ഒരു വിമർശനം നടത്തുന്നത് ചർച്ചയാകുകയാണ് ഇപ്പോൾ.

ക്ഷേമ പെൻഷനുകൾ സാമ്പത്തിക പരാധീനതയുടെ പേരിൽ നൽകാതിരിക്കുമ്പോൾ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ വലിയതോതിൽ വർധിപ്പിക്കാൻ സർക്കാർ ഒരു തടസ്സവും കാണുന്നില്ലെന്നാണ് സമിതി പറയുന്നത്. അസംഘടിത തൊഴിലാളികളോട് സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നു. ഓഖി ദുരന്തത്തിലടക്കം സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിക്കുന്ന കെസിബിസി മഹാരാഷ്ട്രയിലെ കർഷക മുന്നേറ്റം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകണമെന്നും മെയ്ദിന സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

നഴ്സുമാരുടെ സമരത്തെ പിന്തുണയ്ക്കുന്നുമുണ്ട് കെസിബിസി. കത്തോലിക്കാ സഭാ സ്ഥാപനങ്ങളിൽ മാതൃകപരമായ പ്രവർത്തനങ്ങൾ വേണമെന്നാണ് ആവശ്യം. മെയ്ദിനത്തോടനുബന്ധിച്ച് കേരളാ കത്തോലിക്കാ മെത്രാൻ സമിതി തൊഴിൽകാര്യ കമ്മീഷൻ പുറത്തിറക്കിയ സന്ദേശത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നത്.

അസംഘടിതരായ തൊഴിലാളികളോട് സർക്കാർ ചിറ്റമ്മ നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. വാർധക്യകാല പെൻഷൻ പ്രതിവർഷം വർധിപ്പിക്കുമെന്ന വാഗ്ദാനത്തിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞു പിന്നോക്കം പോയി. എന്നാൽ സർക്കാർ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം ആനുകൂല്യവും വർധിപ്പിച്ചപ്പോൾ ഒരു തടസവും കണ്ടില്ല.

അസംഘടിത തൊഴിലാളികൾക്കുവേണ്ടിയുള്ള 25ലധികം ക്ഷേമനിധികൾ കേരളത്തിന്റെ സ്വകാര്യ അഭിമാനമായിരുന്നു. എന്നാൽ ഈ ക്ഷേമനിധികളുടെ അംശാദായവും ഇൻഷ്വറൻസ് പ്രീമിയവും വർധിപ്പിച്ചു. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും, ക്ഷേമനിധികൾ മരവിപ്പിച്ചും, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റിയും തൊഴിലാളികളെ സർക്കാർ പ്രതിസന്ധിയിലാക്കിയെന്നും കെസിബിസി ആരോപിക്കുന്നു.

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനുള്ള കടമ സർക്കാരിനുണ്ടെന്നും കെസിബിസി ഓർമ്മിപ്പിക്കുന്നു. നവംബറിലെ ഓഖി ദുരന്തത്തിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കും വീഴ്ചപ്പറ്റിയെന്നു ആവർത്തിക്കുന്ന സർക്കുലർ ഓഖിഫണ്ട് വിനിയോഗം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു.

അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശാക്തീകരണത്തിനും കേന്ദ്ര ട്രേഡ് യൂണിയനുകൾക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിൽ നടന്ന കർഷക മുന്നേറ്റം പോലെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെടുന്നുണ്ട്. വേതന വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുന്ന കെസിബിസി തൊഴിൽ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളും സംവിധാനങ്ങളും സഭാ സ്ഥാപനങ്ങളിൽ വേണമെന്നും നിർദേശിക്കുന്നുണ്ട്. ഈ സർക്കുലർ ഏപ്രിൽ 22ന് എല്ലാ ദേവാലയങ്ങളിലും, സ്ഥാപനങ്ങളിലും വായിക്കുമെന്നും സമിതി വ്യക്തമാക്കുന്നു.