കൊച്ചി: കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട് നേടാനുള്ള ശ്രമങ്ങളുമായി ചിലർ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയിലൂടെ വ്യാജ കത്താണ് പ്രചരിക്കുന്നത്. കെസിബിസിയുടെ പേരിലാണ് വ്യാജകത്ത് പ്രചരിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ക്രൈസ്തവനായതിനാൽ വോട്ടു നൽകണമെന്ന വിധത്തിലാണ് സോഷ്യൽ മീഡിയിൽ കെസിബിസിയടെ ലെറ്റർപാഡിൽ വ്യാജ പ്രചരണം നടക്കുന്നത്. ഹൈന്ദവ സമുദായക്കാർ അനിൽ അക്കരയെ തോൽപ്പിക്കാൻ ശ്രമിച്ചുമെന്നും അതുകൊണ്ട് സമുദായ അംഗങ്ങൾ രാവിലെ തന്നെ വോട്ടു ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് വ്യാജ കത്ത് പ്രചരിച്ചത്.

കെസിബിസി വക്താവ് ഫാദർ, വർഗീസ് വള്ളികാട്ടിന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ ദിവസങ്ങളായി പ്രചരിക്കുന്നത് വ്യാജകത്താണെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ടിൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കെസിബിസിയുടേതെന്നു പറഞ്ഞു തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് താൻ എഴുതിയതല്ലന്നു ഫാദർ വർഗീസ് വള്ളികാട്ട് മറുനാടൻ മലയാളിയോട് പറഞ്ഞു. വർഗീയത വളർത്തുന്ന വിധത്തിലുള്ള കത്തുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും കെസിബിസി വക്താവ് വ്യക്തമാക്കി.

നായർ- എഴുത്തച്ഛൻ പേരുകൾ പറഞ്ഞു ആളുകളെ കമ്മ്യുണലായി വേർതിരിക്കാൻ ചിലർ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. സഭയിൽ ഉള്ളവർക്ക് ആർക്കും ഇതിൽ പങ്കില്ലെന്നും ഫാദർ വർഗീസ് പറഞ്ഞു. താൻ 2014 ൽ കൊടുത്ത ഒരു പത്രകുറിപ്പ് ആരോ എടുത്തു അതിലെ മാറ്റർ ഫോട്ടോഷോപ്പിലൂടെ മാറ്റി ആരോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിെര പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വർഗീസ് വള്ളികാട്ടിൽ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ കെസിബിയുടെ പേരിൽ പ്രചരിക്കുന്ന കത്ത് ഇങ്ങനെയാണ്:

പ്രിയ സഭാവിശ്വാസികളെ,

2016 മെയ് 16ന് നടക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പ് എന്തുകൊണ്ടും കേരള കത്തോലിക്ക സഭയ്ക്ക് നിർണായകമാണ്. ഒരുഭാഗത്ത് വർഗീയ ശക്തികളും മറുഭാഗത്ത് കെ.സി.ബി.സി.യുടെ നിരന്തരഫലമായി നേടിയെടുത്ത് മദ്യനയം അട്ടിമറിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫും മത്സരിക്കുമ്പോൾ സഭാവിശ്വാസികൾക്ക് നിഷ്പക്ഷത പാലിക്കുവാൻ സാധിക്കില്ലായെന്ന് അറിവുള്ള കാര്യമാണല്ലോ.

കേരളത്തിന്റെ പല ഭാഗങ്ങളിലും നമ്മുടെ സഭാമക്കൾ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നുണ്ട്. അവർ പലതരത്തിലുള്ള കുപ്രചാരണങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിൽ മത്സരിക്കുന്ന നമ്മുടെ സഭാമക്കളിൽ ഏറ്റവും വിജയ സാധ്യതയുള്ളത് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പുറനാട്ടുകര വിളക്കുകാൽ അക്കര പട്ട്യേക്കൽ ആന്റണിയുടേയും ലില്ലിയുടേയും മകനായ അനിൽ അക്കരയ്ക്കാണ്.

അനിൽ അക്കരയെ തോൽപ്പിക്കുന്നതിനു വേണ്ടി ഭൂരിപക്ഷ സമുദായങ്ങൾ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് എഴുത്തച്ഛൻ, നായർ വിഭാഗങ്ങൾ അനിൽ അക്കരയ്‌ക്കെതിരെ കടുത്ത പ്രചരണമാണ് അഴിച്ചുവിടുന്നത്. ഈ സാഹചര്യത്തിൽ അനിൽ അക്കരയോട് ഒപ്പം ചേർന്നുനിന്ന് അനിൽ അക്കരയെ കേരള നിയമസഭയിലേക്ക് വിജയിപ്പിക്കേണ്ടത് നമ്മുടെ സഭയുടെ അഭിമാനപ്രശ്‌നമാണ്. ആയതിനാൽ മുഴുവൻ സഭാംഗങ്ങളും മെയ് 16ന് ഉച്ചയ്ക്ക് മുമ്പായി നിങ്ങളുടേയും കുടുംബാംഗങ്ങളുടേയും സമ്മതിദാനാവകാശം അനിൽ അക്കരയുടെ വിജയത്തിനായി വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

റവ. ഫാദർ വർഗീസ് വള്ളിക്കാട്ട്
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗിക വക്താവ്, കെസിബിസി/ഡയറക്ടർ, പിഒസി.

അതേസമയം കത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇനിയും വ്യക്തമല്ല. യുഡിഎഫ് സ്ഥാനാർത്ഥിയോട് എതിർപ്പുള്ള ആരോ തന്നെ മനപ്പൂർവ്വം ഇത്തരത്തിലൊരു കത്ത് കെട്ടിച്ചമച്ചതാണെന്ന സൂചനയാണ് പുറത്തുവരുന്നത്. വടക്കാഞ്ചേരിയിലെ കോൺഗ്രസുകാരും വ്യാജ കത്തുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ സമുദായ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരമൊരു കത്തിന് പിന്നിലെന്നും കോൺഗ്രസ് നേതാക്കളും പറയുന്നു.