കൊച്ചി: ഓരോ സമൂഹത്തിനും ആചാരങ്ങളും അതിനോട് അനുബന്ധമായ നിയമങ്ങളും ഉണ്ടാകും. ആ ആചാരങ്ങളും പ്രത്യേകതയും ലക്ഷ്യങ്ങളും കണക്കിലെടുത്ത് നിയമങ്ങൾ നിർമ്മിച്ചില്ലെങ്കിൽ ആ ആചാരം പാലിക്കുന്നവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കെസിബിസി ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. വിശ്വാസവും ഭരണഘടനയും തമ്മിൽ പൊരുത്തപ്പെട്ടാണ് പോയിക്കൊണ്ടിരുന്നത്. അതിൽ വ്യത്യാസങ്ങൾ വരുന്നതിനാലാണ് ഇന്നത്തെ സംഘർഷങ്ങൾ ഉണ്ടാവുന്നത്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടില്ല. ആചാരങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ സഹിച്ച് നിലനിൽക്കുമെന്ന് കെസിബിസി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം സൂസാപാക്യവും വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസിബിസി നേതൃത്വം.

പ്രളയത്തിൽ സർവ്വതും തകർന്നവരുടെ പുനസൃഷ്ടിക്കായി 250 കോടി രൂപയുടെ പദ്ധതിക്ക് കെസിബിസി തുടക്കം കുറിച്ചു. ഇന്ത്യയിലെ വിവിധ സഭകളിൽ നിന്നുമാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾകൂടി പരിഗണിച്ചാവും പദ്ധതിയുമായി മുന്നോട്ട് പോവുക. സർക്കാരിന്റെ പുനരിധിവാസ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന ആക്ഷേപം ഉണ്ടെങ്കിലും, അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നാണ് വിശ്വസിക്കുന്നത്. സർക്കാരിനൊപ്പം സഭയുണ്ട്. സൂസപാക്യം പറഞ്ഞു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ക്രിസ്ത്രീയ സഭകൾക്ക് വലിയ പ്രധാന്യമുണ്ട്. സർക്കാർ നടപ്പാക്കുന്ന വനിത മതിൽ അടക്കമുള്ള പരിപാടികൾക്ക് സഭയെ ക്ഷണിക്കാതിരുന്നത് അതിന് പിന്നിൽ രാഷ്ട്രീയ മുള്ളതുകൊണ്ടാവാം. ഒരു രൂപതയിലെ പുരോഹിതന്റെ പ്രവർത്തനത്തിൽ ആ രൂപതയിലെ അധികാരി വിശദീകരണം ചോദിക്കുക സ്വാഭാവികമാണ്. കെസിബിസി അതിലേക്ക് കടക്കുന്നില്ല. സഭയിൽ ഒരു അച്ചടക്കം ഉണ്ട് അത് അനുസരിച്ചുള്ള നടപടിക്രമം പ്രകാരമാണ് വിശദീകരണം ചോദിച്ചത്. കന്യാസ്ത്രീ സമരത്തിന്റെ മുന്നണിപ്പോരാളിയായ ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം-അങ്കമാലി അതിരൂപത നൽകിയ വിശദീകരണക്കുറിപ്പ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെസിബിസി നേതൃത്വം.

ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ സഭയെക്കുറിച്ച് പല കാര്യങ്ങളും അറിയാതെയാണ് സംസാരിക്കുന്നത്. സന്യാസിനി മഠങ്ങൾ കോൺസൻട്രേഷൻ ക്യാമ്പുകൾ അല്ല. നീതിക്ക് വേണ്ടി സഭ എന്നും നിലനിൽക്കും. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യും. തൃശ്ശൂർ രൂപത പുറത്തിറക്കിയ 2019 ലെ കലണ്ടറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം അച്ചടിച്ചത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കെസിബിസി നേതൃത്വം കഴിഞ്ഞ് മാറി. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് യു ഹാനോൻ മാർ ക്രിസോസ്റ്റവും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.