കൊച്ചി: മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്നും അവരെ ചുമന്നു കൊണ്ട് നടക്കുന്നതുകൊണ്ട് കോൺഗ്രസ് അധപതിക്കുകയാണെന്നും മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ പറഞ്ഞിരുന്നു. ലീഗ് കോൺഗ്രസിനൊരു ബാധ്യതയാണെന്നും ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കെമാൽ പാഷ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, പരാമർശം എന്ത് അടിസ്ഥാനത്തിലാണെന്ന് വിളിച്ചുചോദിച്ച ലീഗ് പ്രവർത്തകന് കെമാൽ പാഷ നൽകിയ മറുപടിയെന്ന തരത്തിൽ ഒരു ഓഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം മറ്റൊരു ചിത്രവും വൈറലാകുകയാണ് ഇപ്പോൾ. മുസ്ലിം ലീഗ് നേതാക്കളെ കെമാൽ പാഷ ചെന്നു കണ്ടു ചർച്ച ചെയ്ത ചിത്രം.

തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ലീഗ് നേതാക്കളെ സന്ദർശിച്ച ചിത്രങ്ങൾ ചർച്ചയാകുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളെ സന്ദർശിച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എറണാകുളം കളമശേരി സീറ്റിൽ കണ്ണും നട്ട് പാണക്കാട് തറവാട്ടിലെത്തിയ കെമാൽ പാഷക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ലീഗ് എങ്ങനെ വർഗീയമായെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ. കളമശ്ശേരിയിൽ കെമാൽപാഷയെ മത്സരിപ്പിക്കാൻ കോൺഗ്രസിനും താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ലീഗ് ആ സീറ്റ് വിട്ടു കൊടുത്തില്ല. ഇതാണ് കെമാൽപാഷയെ ചൊടിപ്പിച്ചതെന്ന് മുസ്ലിം ലീഗ് നേതൃത്വവും പറയുന്നു.

'സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് താൻ യു.ഡി.എഫുകാരനാണെന്നും യു.ഡി.എഫ് രാഷ്ട്രീയമാണ് തനിക്കിഷ്ടമെന്നും പറഞ്ഞ പാഷ പിണറായിയെയും ഇടതു മുന്നണിയെയും രൂക്ഷമായി വിമർശിച്ചിരുന്നു, അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്ക് ഈ അഴിമതിക്കെതിരെ മത്സരിച്ച് ജയിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ അദ്ദേഹം പ്ലേറ്റ് തിരിച്ചുപിടിക്കുകയാണ്,' ലീഗ് അണികൾ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു. ഒരു നിയമസഭാ സീറ്റാണത്രേ കെമാൽ പാഷയുടെ മതേതര സർട്ടിഫിക്കറ്റിന്റെ വില. ലീഗിനെ പൊക്കി പറഞ്ഞവന് ഇപ്പോൾ ലീഗ് വർഗീയ പാർട്ടിയായി, കോൺഗ്രസ് തകർച്ചയിലായപ്പോൾ പിണറായി പുണ്യവാളനായി. ഇതൊക്കെ സൂചിപ്പിക്കുന്നത് അദ്ദേഹം അവസരവാദ രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണെന്നും വിമർശനമുയർന്നു.

മുസ്ലീലം ലീഗിനെതിരെ അതിരൂക്ഷ വിമർശനമാണ് കെമാൽപാഷ നടത്തിയത്. ''മുസ്ലിംലീഗ് എന്ന വർഗീയപ്പാർട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോൺഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോൺഗ്രസിന്. കാരണം അഴിമതികൾ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആർക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല.''-ഇതായിരുന്നു ആ കമന്റ്. ഇതിന് പിന്നാലെ വിവാദവും തുടങ്ങി.

പരാമർശം എന്ത് അടിസ്ഥാനത്തിലാണെന്ന് വിളിച്ചുചോദിച്ച ലീഗ് പ്രവർത്തകന് കെമാൽ പാഷ നൽകിയ മറുപടിയെന്ന തരത്തിൽ ഒരു ഓഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആ ഓഡിയോയിൽ പറയുന്നത് ഇങ്ങനെ: ''മുസ്ലിംലീഗ് വർഗീയ പാർട്ടിയാണെന്ന് ഞാൻ പറഞ്ഞത് തന്നെയാണ്. ഞാനൊരു ഉദാഹരണം പറഞ്ഞുതരാം. യുഡിഎഫ് തോൽക്കാൻ ഇവന്മാര് മാത്രമാണ്. ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ, അതുവരെ അനുകൂലമായിരുന്ന ആളുകളെല്ലാം എതിരായി. മുസ്ലീങ്ങളെ മാത്രം ഉണ്ടാക്കാനാണെന്ന് പറഞ്ഞ് ഇവന്മാർ നടക്കും. ഒന്നും ചെയ്യത്തില്ല. കണ്ടവന്റെ പേരിൽ പൈസയും പിരിച്ച് നടക്കും.

പേയ്മെന്റിന് സീറ്റിന് 35 കോടി രൂപയാണ് രണ്ട് അവന്മാർ വാങ്ങി വച്ചിരിക്കുന്നത്. ഇതിന്റെ കാര്യങ്ങളെല്ലാം എന്റെ കൈയിലുണ്ട്. ലീഗിന്റ വർഗീയത് എന്താണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അറിയേണ്ട. നിങ്ങൾക്ക് നിങ്ങളുടെ ധാരണ, എനിക്ക് എന്റെ ധാരണ. മുസ്ലീങ്ങൾക്ക് വേണ്ടി ഒരു വകയും ഇവർ ചെയ്യുന്നില്ല. കത്വയിലെ പെൺകുട്ടിക്ക് വേണ്ടി മൂന്നര കോടി പിരിച്ചിട്ട് ഒരു രൂപ അവിടെ കൊടുത്തിട്ടുണ്ടോ. കേരളം മുഴുവനും സഞ്ചരിക്കുന്ന ആളാണ് ഞാൻ. എനിക്ക് അറിയാം കാര്യങ്ങൾ. ലീഗിന്റെ വർഗീയത എന്താണെന്ന് കൂടുതൽ എനിക്ക് വിശദീകരിക്കാൻ വയ്യ.''-ഇതായിരുന്നു ആ മറുപടി.

ഉപദേശികൾ പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് നയിച്ചിട്ടുണ്ടെന്നും കെമാൽ പാഷ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. പ്രതിപക്ഷം ഇതുപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ എനിക്ക് കിട്ടിയിട്ടില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. എന്റെ ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത് പിണറായി വിജയൻ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പിൽ ഉപദേശമൊന്നും വിലപ്പോവില്ല.''- കെമാൽ പാഷ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു.