- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ് നടത്തി; പ്രവാസികളെ പറ്റിച്ചു പണംതട്ടിയ ഷിഹാബിനെ രക്ഷിച്ചെടുക്കാൻ ഇപ്പോഴും കുതന്ത്രങ്ങൾ; അഥോറിറ്റിയിൽ നിന്നും മുതലാളിയെ രക്ഷിക്കാനോ കളക്ടറുടെ പരിശോധന; കെൻസാ തട്ടിപ്പിൽ കൂടുതൽ വിവാദം
കൽപ്പറ്റ: നിരന്തര മറുനാടൻ വാർത്തയുടെ ഫലം കാണുകയാണ് ഇപ്പോൾ. വ്യാപക പരാതിയുയർന്ന വയനാട്ടിലെ കെൻസ ഗ്രൂപ്പിന്റെ കെട്ടിടങ്ങൾ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നേരിട്ടു പരിശോധിക്കും. മറുനാടൻ വാർത്തയുടെ സത്യം തിരിച്ചറിഞ്ഞ് ഒടുവിൽ മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങളും ഈ വിഷയം വാർത്തയാക്കുകയാണ്. ഇതോടെ കെൻസ ഗ്രൂപ്പിനെതിരായ വികാരം പുതിയ തലത്തിലെത്തുകയാണ് അടുത്ത തിങ്കളാഴ്ചയാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന. നിർമ്മാണത്തിലെ നിയമ ലംഘനങ്ങൾക്കെതിരെ വിദഗ്ധ സമിതി രണ്ടുതവണ റിപ്പോർട്ട് നൽകിയ കെട്ടിടങ്ങളാണ് വീണ്ടും പരിശോധിക്കുന്നത്.
ഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷാ വീണ്ടും തട്ടിപ്പുമായി രംഗത്തുവന്ന വിവരം നേരത്തെ പുറത്തുവിട്ടത് മറുനാടൻ മലയാളിയാണ്. സെലിബ്രിറ്റികളെയും ഉന്നതരെയും കൂട്ടുപിടിച്ചു നിരവധി സാമ്പത്തിക തട്ടിപ്പിനായി രംഗത്തുവന്ന കെൻസ ഷിഹാബ് പ്രവാസികൾ അടക്കം നിരവധി പ്രവാസികളെയാണ് കബളിപ്പിച്ചത്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി കോടികളാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇതേ വില്ലാ പ്രോജക്റ്റ് വിവാദമായപ്പോൾ കെൻസ വെൽനസ് ഹോസ്പിറ്റൽ എന്ന പേരിൽ പുതിയ കുപ്പിയിൽ ഷിഹാബ് ഇറക്കിയ വിവരവും നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്യുകയുണ്ടായിത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോടതി അറ്റാച്ച് ചെയ്ത അതേ വസ്തു കാണിച്ചാണ് ഇയാൾ വീണ്ടും വീണ്ടും പണംപ്പിരിവിന് ഇറങ്ങിയത്.
തുടക്കത്തിൽ മറ്റു മാധ്യമങ്ങൾ ആരും ഈ വാർത്ത നൽകിയില്ല. എന്നാൽ വാർത്തയിലെ സത്യം കാര്യങ്ങൾ മാറ്റി മറിച്ചു. ഇപ്പോഴും കെൻസയ്ക്ക് വേണ്ടി ചില കള്ളക്കളികൾ നടക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് കെൻസ ഹോൾഡിങ്‌സ് ബാണാസുര അണക്കെട്ടിന്റെ റിസർവോയറിനരികെ ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചതെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടുകൾ. ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം നടത്തിയ രണ്ടു പരിശോധനയിലും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ഈ രണ്ടു റിപ്പോർട്ടുകൾ നിലനിൽക്കെയാണ് കലക്ടറുടെ നേതൃത്വത്തിൽ അഥോറിറ്റിയുടെ അസാധാരണ പരിശോധന.
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ടൗൺ പ്ലാനർ, തദ്ദേശഭരണ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരാണ് വിദഗ്ദ സമിതിയിൽ ഉണ്ടായിരുന്നത്. ഇവർ കെട്ടിടങ്ങൾക്കെതിരെ വ്യക്തമായ റിപ്പോർട്ടു നൽകിയിട്ടും വീണ്ടും പരിശോധന നടത്തുന്നത് നിയമ ലംഘകരെ സഹായിക്കാനാണെന്നാണു പരിസ്ഥിതി സംഘടനകളുടെ ആരോപണം. 28ാം തീയതിയിലെ പരിശോധനയിൽനിന്ന് തദ്ദേശഭരണ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ ഒഴിവാക്കിയതും ദുരൂഹമാണ്.
തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയിലാണ് കെൻസ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്. മൂന്നു നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നാലു നില കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇത് ക്രമവൽക്കരിക്കാൻ താഴത്തെ നില മണ്ണിട്ടു മൂടി. നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം, ജില്ലാ ദുരന്ത നിവാരണന അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു വിദഗ്ദ സമിതി ക കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിർമ്മാണം പഞ്ചായത്തിൽ നിന്നും നേടിയ പെർമിറ്റിൽ നിന്നും തികച്ചും വിഭിന്നമാണ്. കേരള പഞ്ചായത്ത് ബിൽഡിങ് നിയമപ്രകാരം, ജില്ലാ ടൗൺ പ്ലാനറുടെ അംഗീകാരമുള്ള രൂപരേഖയിലാണ് നിർമ്മാണം നടത്തേണ്ടത്. കെൻസ പ്രോജക്ടിന് വേണ്ടി അത്തരമൊരു അംഗീകാരം ടൗൺ പ്ലാനർ നൽകിയിട്ടില്ല.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഒന്നരമീറ്റർ ആഴത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത് കെട്ടിടനിർമ്മാണം നടത്തുകയും, പിന്നീട്, കെട്ടിടത്തിന്റെ ഉയരം കുറച്ച് കാണിക്കാനായി ഏറ്റവും താഴത്തെ നില മണ്ണിട്ട് മൂടാനായി വലിയ അളവിൽ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇതുൾപ്പടെ നിരവധി നിയമ ലംഘനങ്ങൾ വിദഗ്ദ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെൻസയ്‌ക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.2015ൽ റോയൽ മെഡോസ് എന്ന റിസോർട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂർത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ പുതിയ നിക്ഷേപം സ്വീകരിച്ചു. ആദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിയ പ്രവാസി വ്യവസായി രാജൻ നമ്പ്യാരുടെ പേരിൽ വ്യാജരേഖ ചമച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെന്ന കേസിൽ കെൻസ ചെയർമാൻ ഷിഹാബ് ഷാ,തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക തുടങ്ങിയവരെ പ്രതികളാക്കി പടിഞ്ഞാറത്തറ പൊലീസ് എഫ്.ഐ.ആർ.ഇട്ടിട്ടുണ്ട്.(ക്രൈം.നമ്പർ: 0498/2021, ഐ പി സി സെക്ഷൻസ് 420, 465, 467, 468,477,114 ,120 ബി , 34).
കേരള റിയൽ എസ്റ്റേറ്റ് നിയമ പ്രകാരം ഇത്തരം പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ രജിസ്‌റ്റ്രേഷൻ നിർബന്ധമാണ്.എന്നാൽ കെൻസയുടെ ഒരു പദ്ധതിയും അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച പരാതിയിയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയും കെൻസ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും തരിയോട് ഗ്രാമ പഞ്ചായത്തും പടിഞ്ഞാറത്തറ പൊലീസും കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
ഷിഹാബ് ഷായുടെ പിതാവ് ഷാഹുൽ ഹമീദിനെ വ്യാജ ആധാരം നൽകി കാൽകോടി രൂപ തട്ടിയ കേസിൽ പാവറട്ടി പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശി ഇല്യാസിന്റെ പരാതിയിലായിരുന്നു നടപടി. നിക്ഷേപങ്ങൾ സ്വീകരിച്ചും ബ്ലാങ്ക് ചെക്കുകൾ വാങ്ങിയും ഷാഹുൽ ഹമീദ് അടങ്ങുന്ന സംഘം പണം തട്ടിയിട്ടുണ്ടെന്നും അന്ന് ആരോപണം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ