ന്യൂഡൽഹി: വിവാദങ്ങളുടെ കൊടുംചൂടിൽ പൊരിയുന്നതിനിടെ പിണറായി സർക്കാരിന് ഒരു കുളിർമഴ. ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. പബ്ലിക് അഫെയേഴ്‌സ് സെന്റർ പുറത്തിറക്കിയ പബ്ലിക് അഫെയ്‌ഴ്‌സ് ഇൻഡെക്‌സ്-2020 ൽ യുപിയാണ് ഭരണമികവിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. വെള്ളിയാഴ്ചാണ് ന്യൂഡൽഹി കേന്ദ്രമാക്കിയ സംഘടനയുടെ വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്. ഐഎസ്ആർഒയുടെ മുൻചെയർമാൻ കെ.കസ്തൂരിരംഗനാണ് പിഎസി അദ്ധ്യക്ഷൻ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് 1.388 പിഎഐ ഇൻഡെക്‌സ് പോയിന്റ്. തമിഴ്‌നാടിന് 0.912, ആന്ധ്ര-0.531, കർണാടക-0.468. ഭരണമികവിൽ ഈ സംസ്ഥാനങ്ങളാണ് ഒന്നാം റാങ്കുകാർ. സുസ്്ഥിര വികസന സൂചിക അടിസ്ഥാനമാക്കിയാണ് റാങ്ക്.

യുപി, ഒഡിഷ, ബിഹാർ എന്നിവ റാങ്ക് പട്ടികയിൽ ഏറ്റവും പിന്നിലാണെന്ന് മാത്രമല്ല, നെഗറ്റീവ് പോയിന്റുകളുമുണ്ട്. -1.461, -1.201,-1.158 പോയിന്റ് എന്നിങ്ങനെ. ഇത് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലെ കഥ.

ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ, ഗോവയ്ക്കാണ് ഏറ്റവും മുന്തിയ റാങ്ക് 1.745. മേഘാലയ(0.797), ഹിമാചൽ പ്രദേശ്: 0.725. ഈ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ പോയിന്റുകൾ നേടിയത് മണിപ്പൂർ(-0.363), ഡൽഹി(-0.289), ഉത്തരാഖണ്ഡ്(-0.277).

ചണ്ഡീഗഡാണ് ഏറ്റവും മികച്ച കേന്ദ്രഭരണപ്രദേശം. 1.05 പിഎഐ പോയിന്റ്. പുതുച്ചേരി(0.52), ലക്ഷദ്വീപ്( 0.003). ദാദർ ആൻഡ് നാഗർ ഹാവേലി(0.69), ആൻഡമാൻ, ജമ്മു-കശ്മീർ(-0.50), നിക്കോബാർ(-0.30) എന്നിവ ഏറ്റവും പിന്നിലാണ്. സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ വിലയിരുത്തിയിരിക്കുന്നത്. സമത, വളർച്ച, സുസ്ഥിരത എന്നീ മൂന്നുഘടകങ്ങളാണ് അടിസ്ഥാനമാക്കിയത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക-സാമൂഹിക മാറ്റങ്ങളെ കുറിച്ച് ആലോചിക്കാൻ പിഎഐ റിപ്പോർട്ട് 2020 നൽകുന്ന തെളിവുകൾ ഉൾക്കാഴ്ച നൽകുമെന്ന് കസ്തൂരിരംഗൻ പറഞ്ഞു.