കേരള കാർഷിക സർവ്വകലാശാലയിൽ മാത്രം ലൈബ്രേറിയന്മാർക്ക് അനധികൃതമായി യുജിസി. ആനുകൂല്യം കൊടുത്തത് സംബന്ധിച്ച് പുതിയ വിവാദങ്ങൾ സർക്കാരിനും യുജിസി.ക്കും തലവേദനയാവുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സർവ്വകലാശാലയുടെ തന്നെ ചാൻസിലർ കൂടിയായ സംസ്ഥാന ഗവർണറും അതതു കാലത്തുകൊടുത്ത വ്യക്തമായ ഉത്തരവുകളും നിയമോപദേശങ്ങളും കാറ്റിൽപ്പറത്തി കാർഷിക സർവ്വകലാശാലയിലെ കീടശാസ്ത്രജ്ഞനായ ഡോ. ജിം തോമസ് അയോഗ്യരായവർക്ക് മുൻകാല പ്രാബല്യത്തോടെ ആനുകൂല്യം നൽകി ധൂർത്തടിച്ചത് യുജിസി.യുടെ കോടികൾ. തദ്വാര കാർഷിക സർവ്വകലാശാലക്ക് അനാവശ്യ ബാധ്യതയും ഒടുങ്ങാത്ത കടക്കെണിയും.

വിവാദങ്ങളുടെ ഡോ. ജിം തോമസ് കമ്മീഷൻ

2014 ൽ സർവ്വകലാശാലയിലെ ലൈബ്രേറിയന്മാരുടെ യുജിസി. ശമ്പള ക്രമക്കേട് പഠിക്കാൻ കാർഷിക സർവ്വകലാശാല ഏർപ്പെടുത്തിയ കമ്മീഷനാണ് ഡോ. ജിം തോമസ് കമ്മീഷൻ. കമ്മീഷന്റെ ചെയർമാനായ കീടശാസ്ത്രജ്ഞൻ കൂടിയായ ഡോ. ജിം തോമസിന്റെ നേതൃത്തത്തിൽ സമർപ്പിച്ച റിപ്പോർട്ട് യുജിസി.യുടെ മുഴുവൻ ചട്ടങ്ങളും നിയമങ്ങളും അട്ടിമറിച്ചു.

യുജിസി. അംഗീകരിക്കാത്ത തമിഴ്‌നാട് ആസ്ഥാനമാക്കിയുള്ള വിനായക മിഷൻസ് സർവ്വകലാശാലയടക്കം മറ്റു അംഗീകാരമില്ലാത്ത സർവ്വകലാശാലകളിലൂടെ വിദൂര വിദ്യാഭ്യാസം വഴി നേടിയ ബിരുദധാരികൾക്ക് കൂടി ഡോ. ജിം തോമസ് യുജിസി. ബാധകമാക്കുകയായിരുന്നു. അതും യുജിസി. അനുശാസിക്കുന്ന നിർബന്ധ യോഗ്യതകളായ പി.എച്ച്.ഡി., നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും ഇല്ലാതെതന്നെ.

കേരള കാർഷിക സർവ്വകലാശാലയിലെ സെബാസ്റ്റ്യൻ, ഷേർളി തുടങ്ങിയ രണ്ടു ലൈബ്രേറിയന്മാർക്ക് അടിസ്ഥാന യോഗ്യതപോലും വിദൂര വിദ്യാഭ്യാസം വഴി നേടിയവയാണ്. മാത്രമല്ല, ഇവർ രണ്ടുപേരും നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസ്സായിട്ടില്ല. ഇവർ നേടിയത് ഒരേ കാലയളവിലെ ഇരട്ട ബിരുദങ്ങൾ. ഹൈക്കോടതിയും പബ്ലിക് സർവ്വീസ് കമ്മീഷനും ഈ ഇരട്ട ബിരുദങ്ങളെ ചോദ്യം ചെയ്തതിനും രേഖകളുണ്ട്.

ഡോ. ജിം തോമസ് കമ്മീഷനോട് അവിശ്വാസം രേഖപ്പെടുത്തുകയും കമ്മീഷനിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ഡോ. നമീറിന്റെ അവിശ്വാസ കുറിപ്പിനെ വകവയ്ക്കാതെയാണ് ഡോ. ജിം തോമസ് കമ്മീഷൻ റിപ്പോർട്ട് ഒരു വർഷം മനപ്പൂർവ്വം വൈകിപ്പിച്ചുകൊണ്ട് 2015 ൽ സർവ്വകലാശാലക്ക് സമർപ്പിച്ചത്. അനധികൃതമായി യുജിസി.ആനുകൂല്യങ്ങൾ വാങ്ങിയ സർവ്വകലാശാല ലൈബ്രേറിയന്മാരെ രക്ഷപ്പെടുത്താനായിരുന്നു ഡോ. ജിം തോമസ്, കമ്മീഷൻ റിപ്പോർട്ട് വൈകിപ്പിച്ചതെന്നും ആരോപണമുണ്ടായിരുന്നു. ഡോ. നമീറിന്റെ അവിശ്വാസ കുറിപ്പിനെ കാർഷിക സർവ്വകലാശാലയോ കമ്മീഷൻ ചെയർമാനായ ഡോ. ജിം തോമസ്സോ ചർച്ചക്ക് എടുത്തില്ല. പരിഗണിച്ചതുമില്ല.

ഡോ. ജിം തോമസ് കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നതിങ്ങനെ

ഡോ. ജിം തോമസ് കമ്മീഷന്റെ സംഘാടനം പോലും ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സർവ്വകലാശാല ലൈബ്രറി ജീവനക്കാരുടെ യുജിസി. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാൻ സർവ്വകലാശാല നിയോഗിച്ചത് യുജിസി. യെ കുറിച്ച് പരിജ്ഞാനമില്ലാത്ത കീടശാസ്ത്രജ്ഞനെയാണ്. മാത്രമല്ല, യുജിസി.യുടെ അനധികൃത ഗുണഭോക്താവും വിരമിക്കൽ തീയതി കഴിഞ്ഞിട്ടും വിരമിക്കാതെ സിപിഐ. യുടെ ബലത്തിൽ ഇപ്പോഴും കസേരയിൽ കടിച്ചുതൂങ്ങുന്ന മറ്റൊരു ലൈബ്രേറിയൻ എ.റ്റി. ഫ്രാൻസിസ് ആണ് ഈ കമ്മീഷന്റെ രണ്ടാമത്തെ അംഗം. വിദൂര വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിദ്ധ്യമുള്ള സർവ്വകലാശാലയിലെ തന്നെ ഡോ. മോഹനനാണ് മൂന്നാമത്തെ അംഗം.

യുജിസി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് യുജിസി. ശമ്പള പരിഷ്‌കരണം അതിഗൂഡമായി അതിശീഘ്രം നടപ്പിൽ വരുത്തിയ സർവ്വകലാശാല അദ്ധ്യാപകരുടെ കയ്യാളനായ സി.പി.റാഫി എന്ന റിക്രൂട്ട്‌മെന്റ് ഓഫീസറാണ് മറ്റൊരു അംഗം. കമ്മീഷന്റെ നടത്തിപ്പിനെ ചോദ്യംചെയ്തു കൊണ്ട് കമ്മീഷനിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കമ്മീഷനിൽ നിന്ന് വിട്ടുനിന്ന വന ശാസ്ത്രജ്ഞനായ ഡോ. നമീർ ആയിരുന്നു മറ്റൊരു അംഗം.

ഇവരിൽ ആരും തന്നെ യുജിസി. ശമ്പള പരിഷ്‌കരണത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ ആധികാരികമായി ഇടപെടാൻ കഴിവുള്ളവരല്ല എന്നതാണ് സത്യം. അതുകൊണ്ടൊക്കെത്തന്നെ ഈ കമ്മീഷൻ റിപ്പോർട്ട് സാധൂകരിക്കാവുന്നതോ നീതീകരിക്കാവുന്നതോ അല്ല. അതേസമയം ഈ കമ്മീഷൻ റിപ്പോർട്ടിൽ കൃത്രിമമായുണ്ടാക്കിയ വസ്തുതകളിന്മേലാണ് കേരള കാർഷിക സർവ്വകലാശാല യുജിസി.യുടെ കോടികളോളം വരുന്ന ഫണ്ട് അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്.

യുജിസി. ശമ്പളത്തിന് ആർക്കൊക്കെ അർഹതയുണ്ട്

നിലവിലുള്ള യുജിസി. നിയമ പ്രകാരം കോളജ് അദ്ധ്യാപകർക്ക് യുജിസി. ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും, എം.ഫിൽ/ പി.എച്ച്.ഡി.യും, നെറ്റ് അഥവാ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും പാസ്സാവേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് യുജിസി.യുടെ ഡെപ്യുട്ടി സെക്രട്ടറി ബി.കെ. സിങ് കാർഷിക സർവ്വകലാശാലക്ക് രണ്ടു പ്രാവശ്യം കത്തെഴുതി. ഇത് സംബന്ധിച്ച് കേരള സർവ്വകലാശാലയിൽ സംസ്ഥാന ഗവർണറും ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, നിരവധി കോടതി വിധികളും ഓഡിറ്റ് പരാമർശങ്ങളും ഇതേ വിഷയത്തിൽ കാർഷിക സർവ്വകലാശാലയിലും മറ്റു സർവ്വകലാശാലകളിലും ഉണ്ടായിട്ടുണ്ട്. ഈ വസ്തുതകളെയൊക്കെ നിഷേധിച്ചുകൊണ്ടും, ധിക്കരിച്ചുകൊണ്ടും, മറികടന്നുകൊണ്ടുമാണ് കാർഷിക സർവ്വകലാശാല യുജിസി.യുടെ കോടികളുടെ കേന്ദ്ര ഫണ്ട് അനായാസം അടിച്ചുമാറ്റികൊണ്ടിരിക്കുന്നത്.

മാത്രമല്ല, അദ്ധ്യാപകേതര വിഭാഗത്തിൽ പെട്ട, അടിസ്ഥാന യോഗ്യതകൾ പോലുമില്ലാത്ത ലൈബ്രറി ജീവനക്കാർക്ക്, യുജിസി. അംഗീകരിക്കുന്ന യാതൊരുവിധ യോഗ്യതകളുമില്ലാതെ, 1998 മുതൽ യുജിസി.യുടെ ശമ്പളാനുകൂല്യങ്ങൾ കൊടുത്തുകൊണ്ട് കോടികളുടെ കേന്ദ്ര ഫണ്ട് ഇന്നും കാർഷിക സർവ്വകലാശാല ചോർത്തിക്കൊണ്ടിരിക്കുന്നു. ഈ ഭീകരമായ ക്രമക്കേടുകൾക്ക് സർവ്വകലാശാലയിലെ ഇടതു-വലതു രാഷ്ട്രീയ പക്ഷ സംഘടനകളും അതതു കാലത്തെ വൈസ് ചാൻസിലർമാരും മന്ത്രിമാരും കൂട്ടുനിന്നുപോരുന്നു.

സർക്കാർ അന്വേഷണം ആരംഭിച്ചു

സംഭവം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെ സംസ്ഥാന ധനകാര്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അയോഗ്യരായ ലൈബ്രറി വിഭാഗത്തിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും, യുജിസി.യും അറിയാതെ യുജിസി. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ സർവ്വകലാശാലയുടെ ബന്ധപ്പെട്ട പത്തുവർഷത്തെ ഫയൽ സർക്കാർ പരിശോധിച്ചുവരുന്നു.

ഇതുമായി ബന്ധപ്പെട്ട് സർവ്വകലാശാലയുടെ അഭ്യന്തര ഓഡിറ്റ് കേന്ദ്രങ്ങൾ സർവ്വകലാശാലയിലെ ലൈബ്രറികളിലെ മുഴുവൻ ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ചുവരികയാണ്. ഇതിന്നിടെ അനധികൃത യുജിസി.ആനുകൂല്യങ്ങൾ കൈക്കലാക്കി അറുപതു വയസ്സിൽ വിരമിക്കാനിരുന്ന യുജിസി.യോഗ്യതകളില്ലാത്ത സെബാസ്റ്റ്യൻ എന്ന ലൈബ്രേറിയൻ അയോഗ്യതകൾ പുറത്താവുമെന്ന് ഭയന്ന് ഇക്കഴിഞ്ഞ ജനുവരി 31 ന് അമ്പത്താറിൽ തന്നെ റിട്ടയർ ചെയ്തു.

ഇനിയും രണ്ടു ലൈബ്രേറിയന്മാർ കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമാനുസൃതം വിരമിക്കാതെ കേരള സർക്കാരിന്റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സർവ്വകലാശാലയുടെ ലൈബ്രറികളുടെ ഭരണം കയ്യാളിക്കൊണ്ടിരിക്കുന്നു. ഇവർ സർവ്വകലാശാലയുടെ ഹാജർ പുസ്തകങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നില്ല. ഇവർ നിയമാനുസൃതം അമ്പത്താറിൽ വിരമിക്കേണ്ടവരാണെന്നതുകൊണ്ട് ഇവർക്ക് ശമ്പളവുമില്ല.

ഇവർ ഇനിയും എത്രകാലം സർവ്വകലാശാലയിൽ ജോലി ചെയ്യുമെന്ന് ഇവർക്കോ, സർവ്വകലാശാലക്കോ, സർക്കാരിനോ അറിയില്ല. അതേസമയം സംസ്ഥാന-കേന്ദ്ര ഫണ്ടുകൾ ഇവർ കൈകാര്യം ചെയ്യുന്നുമുണ്ട്. സ്വന്തം ഹാജർ നിയമപ്രകാരം രേഖപ്പെടുത്തി ശമ്പളം വാങ്ങാൻ അധികാരവും അവകാശവും ഇല്ലാത്ത ഇവർ ലൈബ്രറികളിൽ ഫയലുകൾ ഒപ്പുവയ്ക്കുന്നതും മറ്റു ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങളടക്കമുള്ള സർവ്വീസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതും കേരള സർവ്വീസ് ചട്ടപ്രകാരം കുറ്റകരമാണ്.

സർവ്വകലാശാലയുടെ ഏറ്റവും താഴ്ന്ന തസ്തികകളിൽ ചേർന്നുകൊണ്ട് സർവ്വകലാശാലയിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി യുജിസി. അംഗീകാരമില്ലാത്ത വിനായക മിഷൻസ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസം വഴി നേടിയ അടിസ്ഥാന ബിരുദവും അനുബന്ധ ബിരുദങ്ങളും കാണിച്ചുകൊണ്ട് കോടികളുടെ കേന്ദ്ര ഫണ്ടാണ് അധികാരികളുടെ അറിവോടെ ഇക്കൂട്ടർ അടിച്ചുമാറ്റികൊണ്ടിരിക്കുന്നത്.

വിനായക മിഷൻസ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി യുജിസി. അംഗീകരിച്ചിട്ടില്ല. കേരള ഹൈക്കോടതിയും കാർഷിക സർവ്വകലാശാലയും പബ്ലിക് സർവ്വീസ് കമ്മീഷനും വിനായക സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയെ അംഗീകരിച്ചിട്ടില്ല. കാർഷിക സർവ്വകലാശാലയിലെ കീടശാസ്ത്രജ്ഞനായ ഡോ. ജിം തോമസ് മാത്രമാണ് വിനായക മിഷൻസ് സർവ്വകലാശാലയെ അംഗീകരിച്ചിട്ടുള്ളത്. അതും കാർഷിക സർവ്വകലാശാലയിൽ മാത്രം ഒതുങ്ങുന്ന, സംഘാടനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു അഭ്യന്തര കമ്മീഷന്റെ റിപ്പോർട്ടിന്റെ ബലത്തിൽ.

മാത്രമല്ല, അധികൃതരുടെ യാതൊരുവിധ ഉത്തരവുകളുമില്ലാതെ അംഗീകാരമില്ലാത്ത ബിരുദങ്ങളുമായി ഇക്കൂട്ടർ നിയമപ്രകാരമുള്ള അമ്പത്താറു വയസ്സിൽ വിരമിക്കാതെ കേരള സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലിയിൽ അനന്തമായി തുടരുകയാണ്. ഇക്കൂട്ടർക്ക് ഹാജർ രേഖപ്പെടുത്താനോ ശമ്പളം കൈപ്പറ്റാനൊ അധികാരമോ അവകാശമോ ഇല്ല. എന്നാൽ ഇക്കൂട്ടർ ഓഫീസ് മേധാവികളായി കേരള സർവ്വീസ് ചട്ടങ്ങൾക്ക് അനുസൃതമായി ഭരണനിർവ്വഹണം നടത്തിപ്പോരുന്നു. അതും ഈ സർവ്വകലാശാലയുടെ മൂക്കിനുതാഴെ സർവ്വകലാശാലയുടെ പ്രൊ ചാൻസിലർ കൂടിയായ കൃഷി മന്ത്രി വി എസ്. സുനിൽ കുമാർ തൃശൂരിൽ ഓടിച്ചാടി നടക്കുമ്പോൾ.