തിരുവനന്തപുരം: ആരും അറിയാതെ കടം എടുക്കാനുള്ള പുതിയ വഴി കണ്ടെത്തുകയാണ് പിണറായി സർക്കാർ. ആരും അറിയാതെ അതിനുള്ള നിയമ ഭേദഗതിയും പിണറായി സർക്കാർ പാസാക്കി. എല്ലാ മാധ്യമങ്ങളും ശബരിനാഥിന്റെ അറസ്റ്റിന് പിന്നാലെ പോകുമ്പോഴായിരുന്നു ഈ നിയമ ഭേദഗതി. ഇതോടെ കേരളം ഇനിയും കടക്കെണിയിലേക്ക് മാറും.

ബഡ്ജറ്റിന് പുറമെയുള്ള സർക്കാറിന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ നിയന്ത്രിച്ചത് 2013 ലെ കേരള സീലിംങ്ങ് ഓൺ ഗവണ്മന്റ് ഗ്യാരണ്ടി ആക്ട് ആയിരുന്നു. കഴിഞ്ഞ 19 ന് ഈ നിയമം ഭേദഗതി ചെയ്തു. ഒരു വർഷം സംസ്ഥാന സർക്കാറിന്റെ ആകെ വരുമാനം എത്രയാണോ അത്രയും തുക പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് കടമെടുക്കാൻ സർക്കാറിന് അധികാരം നൽകുന്ന ഭേദഗതിയാണ് സഭയിൽ പാസ്സാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിലവിലുള്ള 31705 കോടി രൂപയുടെ കടത്തിന് പുറമെ ഈ വർഷം 1,16,546 കോടി രൂപ കൂടി കടമെടുപ്പിക്കാനുള്ള അധികാരമാണ് ഇതോടെ ലഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് എടുപ്പിച്ച കടം ഉൾപ്പെടെ അന്തിമ കണക്കുകൾ പുറത്ത് വന്നതോടെ സർക്കാറിന്റെ നിലവിലെ കട ബാധ്യത 3,71,644 കോടിയാണ്. പക്ഷേ ഇതൊന്നും നിയമസഭ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പോലും അറിഞ്ഞില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ദി പീപ്പിൾ എന്ന സംഘടനയുടെ സെക്രട്ടരിയായ അഡ്വ. വി.ടി.പ്രദീപ് കുമാറാണ് ഇക്കാര്യം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. ഈ കുറിപ്പിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയാവുകയാണ്.

ദി പീപ്പിൾ എന്ന സംഘടനയുടെ സെക്രട്ടരിയായ അഡ്വ. വി.ടി.പ്രദീപ് കുമാറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

മൂന്നരക്കോടി ജനം അറിഞ്ഞോ ?

നിങ്ങളുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞു. കടത്തിൽ മുങ്ങി ശ്വാസം മുട്ടി കഴിയുകയാണ് നമ്മുടെ സംസ്ഥാനം. റിസർവ്വ് ബാങ്കിന്റെ ഔദാര്യത്തിലാണ് സംസ്ഥാനം പല ദിവസങ്ങളും കടന്ന് പോകുന്നതെന്ന വസ്തുത എത്ര പേർക്ക് അറിയാം ? നമ്മുടെ നിയമസഭയിൽ കഴിഞ്ഞ 19 ന് ഒരു നിയമഭേദഗതി ബിൽ അവതരിപ്പിച്ച് പാസ്സാക്കിയ വിവരം കേരളത്തിലെ ഒരു മാധ്യമവും ഇന്നുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. അതുകൊണ്ട് സാമ്പത്തിക ബാധ്യത വരുന്ന എല്ലാ കാര്യങ്ങളും നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്തത്. അതായത് നികുതി നൽകുന്ന ജനങ്ങളുടെ സമ്മതമില്ലാതെ സർക്കാറിന് ഒരു രൂപ പോലും ചിലവഴിക്കാൻ പാടില്ല. ജനങ്ങളെ പ്രതിനിധീകരിച്ച് സഭയിൽ എത്തുന്ന ജനപ്രതിനിധികൾ കൈകൾ പൊക്കി സമ്മതം നൽകുന്നതിന് മുമ്പ് ഏതെങ്കിലും കാര്യത്തിൽ തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ അഭിപ്രായം ചോദിച്ചിട്ടുണ്ടോ ?

വോട്ട് നൽകി തിരഞ്ഞെടുത്താൽ പിന്നെ ജനപ്രതിനിധിക്ക് എന്തും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാമെന്നാണോ ? 5 വർഷം കൊണ്ട് സംസ്ഥാനത്തിന്റെ കടം ഇരട്ടിയാക്കി വർദ്ധിപ്പിച്ച പിണറായി സർക്കാർ രണ്ടാമത് അധികാരമേറ്റ ദിവസം സംസ്ഥാന ട്രഷറി 391 കോടി രൂപയുടെ വെയ്‌സ് & മീൻസ് - ലായിരുന്നു. ട്രഷറിയിൽ നയാ പൈസ ഇല്ലാതാവുന്ന സമയത്ത് റിസർവ്വ് ബാങ്ക് നൽകുന്ന കൈവായ്പയാണ് വെയ്‌സ് & മീൻസ് . 5 വർഷം കൊണ്ട് ട്രഷറിയെ ഓട്ടക്കലമാക്കി അധികാരത്തിൽ വന്ന സർക്കാർ കടമെടുക്കാനുള്ള സർവ്വതന്ത്രങ്ങളും പരീക്ഷിക്കുകയാണ്. മൂക്കറ്റം വരെ കടത്തിൽ മുങ്ങി കടമെടുക്കാൻ കഴിയാതെ വന്നപ്പോൾ ദൈനം ദിന ചെലവിന് പണം കണ്ടെത്താൻ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് കടമെടുപ്പിക്കുകയായിരുന്നു. ബഡ്ജറ്റിന് പുറമെയുള്ള സർക്കാറിന്റെ അനിയന്ത്രിതമായ കടമെടുപ്പിനെ നിയന്ത്രിച്ചത് 2013 ലെ കേരള സീലിംങ്ങ് ഓൺ ഗവണ്മന്റ് ഗ്യാരണ്ടി ആക്ട് ആയിരുന്നു. കഴിഞ്ഞ 19 ന് ഈ നിയമം ഭേദഗതി ചെയ്തു.

ഒരു വർഷം സംസ്ഥാന സർക്കാറിന്റെ ആകെ വരുമാനം എത്രയാണോ അത്രയും തുക പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് കടമെടുക്കാൻ സർക്കാറിന് അധികാരം നൽകുന്ന ഭേദഗതിയാണ് സഭയിൽ പാസ്സാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിലവിലുള്ള 31705 കോടി രൂപയുടെ കടത്തിന് പുറമെ ഈ വർഷം 1,16,546 കോടി രൂപ കൂടി കടമെടുപ്പിക്കാനുള്ള അധികാരമാണ് ഇതോടെ ലഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് എടുപ്പിച്ച കടം ഉൾപ്പെടെ അന്തിമ കണക്കുകൾ പുറത്ത് വന്നതോടെ സർക്കാറിന്റെ നിലവിലെ കട ബാധ്യത 3,71,644 കോടിയാണ്. സർക്കാർ കടത്തിൽ മുങ്ങിതാഴുമ്പോൾ ഒരു കച്ചിത്തുമ്പായി എടുത്ത് ഉപയോഗിക്കാൻ വേണ്ടിയുള്ള ഫണ്ടാണ് കൺസോളിഡേറ്റഡ് സിംങ്കിംങ് ഫണ്ട്. ഏതൊരു സാധാരണക്കാരനും വീട്ടിലെ ഏതെങ്കിലും പാത്രത്തിലോ പെട്ടിയിലോ പുസ്തകത്തിനത്തോ ഒരു ചെറിയ തുക മാറ്റി വെക്കും. കുറെ ദിവസം പണിയില്ലാതാവുമ്പോൾ വീട്ടിൽ ഒരാൾക്ക് പെട്ടെന്ന് ഒരു രോഗം വന്നാൽ അല്ലെങ്കിൽ അരിയും സാധനങ്ങളും തീരുമ്പോൾ പണത്തിന് മറ്റൊരു മാർഗ്ഗവുമില്ലാതാവുമ്പോൾ മാത്രമാണ് സാധാരണക്കാരൻ ഈ പണം എടുക്കാറ്.

അങ്ങനെയുള്ള അവസാന ഘട്ടത്തിൽ സർക്കാറിന് എടുക്കാനുള്ള പണമാണ് കൺസോളിഡേറ്റഡ് സിംങ്കിംങ് ഫണ്ട്. ഈ ഫണ്ടിൽ ഉണ്ടായിരുന്ന 1467 കോടി രൂപ അടക്കം എടുത്ത് ഉപയോഗിച്ച് കഴിഞ്ഞു. ഒരു നയാ പൈസ ഈ ഫണ്ടിലും ബാക്കിയില്ല. വിതയ്ക്കാൻ വെച്ച വിത്ത് പോലും എടുത്ത് കുത്തി കഞ്ഞി വെച്ച് കഴിഞ്ഞു. അപ്പോഴാണ് പുതിയ ബുദ്ധി ഉദിച്ചത്. 1,16,546 കോടി രൂപ കൂടി കടമെടുപ്പിക്കാനുള്ള നിയമ ഭേദഗതി ബിൽ ധനകാര്യ ബില്ലായിട്ടാണ് സഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയത്. സരിതയും സ്വപ്നയും എ.കെ.ജി. സെന്ററിന് നേരെയുള്ള പടക്കമേറും ജോർജ്ജിന്റെയും ശബരീനാഥന്റെയും അറസ്റ്റും തുടങ്ങിയ വിഷയങ്ങളല്ലാതെ ജനത്തെ ബാധിക്കുന്ന ഒരു വിഷയവും ഇക്കാല പരിധിയിൽ സഭയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. സർക്കാർ സ്‌പോൺസർഷിപ്പിൽ ഒരു വിഷയം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കുക മറുവശത്ത് ജനമറിയാതെ സർക്കാറിന് എന്തോ ചെയ്യാനുണ്ടെന്ന്. സരിതയും സ്വപ്നയും മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ പിന്നാമ്പുറങ്ങളിൽ ജനാധിപത്യത്തിൽ അരുതാത്തത് പലതും സംഭവിക്കുന്നു. പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും കണ്ണിൽ പൊടിയിട്ടുകൊണ്ടാണ് ഒരു നിയമ ഭേദഗതി ധനകാര്യ ബില്ലായി അവതരിപ്പിച്ചത്.

സർക്കാറിന്റെ ദൈനംദിന കാര്യങ്ങൾക്കുള്ള ചിലവുമായി ബന്ധപ്പെട്ട് ഒട്ടനവധി ധനകാര്യ ബില്ലുകൾ സഭയിൽ അവതരിപ്പിക്കാറുണ്ട്. ദൈനംദിന ചെലവിന്റെ കാര്യമായതു കൊണ്ടു തന്നെ ധന ബില്ലിൽ ചർച്ച നടത്തുകയോ പ്രതിപക്ഷം എതിർക്കുകയോ ചെയ്യാറില്ല. ഈ അവസരം ഉപയോഗിച്ചാണ് വൻ സാമ്പത്തിക ബാധ്യത വരുത്തുന്നത് മാത്രമല്ല സംസ്ഥാനത്തെ മൊത്തത്തിൽ പണയപ്പെടുത്തുന്ന നിയമ ഭേദഗതി പാസ്സാക്കിയത്. ജൂലൈ 19 ലെ കാര്യപരിപാടിയിൽ എവിടെയും ഈ നിയമ ഭേദഗതിയെ കുറിച്ച് പറയുന്നില്ല. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും മാത്രമായിരുന്നു അന്നത്തെ കാര്യപരിപാടി. ശബരീനാഥന്റെ അറസ്റ്റ് നാടകത്തിനിടയിലാണ് സഭയിൽ ഈ ബില്ല് പാസ്സാക്കപ്പെട്ടത്. പാസ്സാക്കപ്പെട്ട ഈ ബില്ല് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കാനായി ഇപ്പോൾ നിയമ വകുപ്പിന്റെ കൈവശത്തിലാണ് ഉള്ളത്. ജനാധിപത്യത്തിലെ പരമാധികാരികളായ ജനം ഇത്രയും സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ ഭേദഗതിക്ക് അംഗീകാരം നൽകാൻ പാടില്ലായെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്ക് പരാതികൾ അയയ്ക്കണം. നിങ്ങളുടെ അധികാരം വിനിയോഗിക്കാൻ നികുതിദായകരായ നിങ്ങൾ തയ്യാറാവേണ്ടതുണ്ട്.

ജനത്തിന്റെ സമ്മതമില്ലാത്ത ഒരു നിയമത്തിനും ഗവർണർക്ക് അംഗീകാരം നൽകാൻ കഴിയില്ല. വോട്ട് ചെയ്തുവെന്നതിന്റെ പേരിൽ എന്തും ചെയ്യാനുള്ള അധികാരം ജനപ്രതിനിധികൾക്ക് ഇല്ലായെന്ന് ബോധ്യപ്പെടുത്താൻ ജനത്തിന് ലഭിക്കുന്ന ഏറ്റവും നല്ല ഒരു അവസരമാണിത്. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടിയതോടെയാണ് സർക്കാർ ഇത്രയും വലിയ കടക്കെണിയിലായത്. നാല് വർഷം മുമ്പ് വർദ്ധിപ്പിച്ച മന്ത്രിമാരുടെയും എംഎ‍ൽഎ. മാരുടെയും ശമ്പളം വീണ്ടും വർദ്ധിപ്പിക്കാൻ വേണ്ടി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി സർക്കാർ നിയമിച്ചിരിക്കുന്നു. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. നാളെ ജനിക്കാൻ പോകുന്ന കുട്ടിയെ കൂടി പണയപ്പെടുത്തി കടമെടുത്ത സർക്കാർ നാളെ തങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കാൻ എന്തായിരിക്കും പണയപ്പെടുത്തുക ? മന്ത്രിമാരും എംഎ‍ൽഎ.മാരും അമേരിക്കയിലും ലണ്ടനിലും പോയി സുഖചികിത്സ നടത്തുമ്പോൾ പാവം ജനം സ്വന്തം മക്കളുടെ ചികിത്സാ ചെലവിന് അങ്ങാടിയിൽ പാട്ട് പാടി പണം പിരിക്കുകയാണ്. വികസിപ്പിച്ച് വികസിപ്പിച്ച് പട്ടിണികൊണ്ട് 30 മനുഷ്യരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. 21698 സ്ത്രീകളാണ് വേശ്യാവൃത്തി നടത്തി കുടുംബം പുലർത്തുന്നത്.

ആറ് വർഷത്തിനിടയിൽ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്തത് 1030 പേരാണ്. തൊഴിലില്ലാത്ത 6604 ചെറുപ്പക്കാരും ആത്മഹത്യ ചെയ്തപ്പോൾ ഈ കണക്കുകൾ ഒന്നും ഭരണാധികാരികളെ വേദനിപ്പിക്കില്ല. കാരണം അവർ രാജ്യത്തെ കോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിലേക്ക് എത്താനുള്ള മത്സരത്തിലാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ദരിദ്ര കുടുംബങ്ങളുടെ എണ്ണം 20,60,495 ൽ നിന്ന് 35,02,509 ലേക്ക് ഉയർന്നപ്പോൾ അതിദരിദ്രർ എന്നൊരു വിഭാഗത്തെ കൂടി സർക്കാർ സൃഷ്ടിച്ചിരിക്കുന്നു. അപ്പോഴും ധൂർത്തിന്റെ പര്യായമായി ഭരണകൂടം ജനത്തെ വെല്ലുവിളിക്കുകയാണ്. ശമ്പളമായും ആനുകൂല്യങ്ങളായും ലക്ഷങ്ങൾ കൈപ്പറ്റുന്നവർ ഒരു ഉളുപ്പുമില്ലാതെ സ്വയം ശമ്പളം വർദ്ധിപ്പിക്കുന്നു. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും മാത്രം ആഡംബരത്തോടും ആർഭാടത്തോടും കൂടി ജീവിക്കാൻ വേണ്ടി ഇലക്ട്രിസിറ്റി ചാർജ്ജും, വെള്ളകരവും കെട്ടിട നികുതിയും വർദ്ധിപ്പിച്ചു. ഉപ്പു മുതൽ കർപ്പൂരം വരെയുള്ളവയ്ക്ക് നികുതി ഏർപ്പെടുത്തി. ഇനി മുലക്കരം തിരിച്ചു വരുമ്പോൾ വിവാഹ കരവും കുട്ടിയെ ജനിപ്പിക്കുന്നതിനും കരം നൽകേണ്ടിവരും സംസ്ഥാനത്ത്. ടൂറിസത്തിന്റെ പേരിൽ നിങ്ങളുടെ ഭാര്യമാരെയും സഹോദരിമാരെയും പെൺ മക്കളെയും കൂട്ടിക്കൊടുത്ത് അതിനും ഇവർ നികുതി ഏർപ്പെടുത്തുന്ന നാളുകൾ വിദൂരമല്ല. നിങ്ങൾ കഴിക്കുന്നത് അരിഭക്ഷണമാണെങ്കിൽ ഇനിയെങ്കിലും ചിന്തിക്കുക ആർക്കുവേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത് ?

ഭരണഘടന ഉറപ്പ് നൽകുന്ന എന്ത് സ്വാതന്ത്ര്യമാണ് നിങ്ങൾ അനുഭവിക്കുന്നത് ? മാറിയേ മതിയാവൂ. മാറ്റിയേ മതിയാവൂ. അതാത് കാലഘട്ടത്തിലെ സാമ്പത്തിക വ്യവസ്ഥിതിയിൽ നിന്നാണ് അതാത് കാലഘട്ടത്തിന്റെ രാഷ്ട്രീയം രൂപപ്പെടേണ്ടത് എന്ന് പറഞ്ഞത് എംഗൽസാണ്. എങ്കിൽ ഇന്നത്തെ ഈ സാമ്പത്തിക വ്യവസ്ഥിതിയിൽ നിന്ന് തീർച്ചയായും ഒരു രാഷ്ട്രീയം രൂപപ്പെടേണ്ടതുണ്ട്. അത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

തയ്യാറാക്കിയത്,
അഡ്വ. വി.ടി.പ്രദീപ് കുമാർ ,
സെക്രട്ടറി, ദി പീപ്പിൾ,