തിരുവനന്തപുരം: 35ാം ദേശീയ ഗെയിംസിലെ മത്സര ഇനങ്ങൾ സമാപിക്കാൻ ഒരുങ്ങുമ്പോൾ ആതിഥേയരായ കേരളത്തിന് രണ്ടാം സ്ഥാനം. 54 സ്വർണ്ണ മെഡലുകൾ 158 മെഡലുകൾ നേടിയാണ് കേരളം രണ്ടാമതായിത്. ഒന്നാം സ്ഥാനത്തെത്തി ഓവറോൾ ചാമ്പ്യന്മാരായ സർവീസസ് 89 സ്വർണം അടക്കം 156 മെഡലുകൾ നേടി. ദേശീയ ഗെയിംസ് പടിയിറങ്ങുമ്പോൾ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ദൃശ്യമായത്. കഴിഞ്ഞ തവണത്തെ റാഞ്ചി ദേശീയ ഗെയിംസിൽ ഒമ്പത് സ്വർണ്ണമെന്ന നേട്ടം ഇത്തവണ കേരളം 13 ആക്കി ഉയർത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് കേരളം അത്‌ലറ്റിക്‌സിൽ മെഡലുകൾ വാരിക്കൂട്ടിയത്.

ട്രാക്ക് ഇനങ്ങളുടെ അവസാന ദിവസമായ ഇന്ന് കേരളം അഞ്ച് സ്വർണം ഓടിയെടുത്തു. 800 മീറ്ററിലെ കേരളത്തിന്റെ സ്വർണ്ണ പ്രതീക്ഷയായിരുന്ന ടിന്റു ലൂക്ക വിശ്വാസം തെറ്റിക്കാതെ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ പുരുഷന്മാരുടെ ഇതേ ഇനത്തിൽ സജീഷ് ജോസഫും ആതിഥേയർക്ക് സ്വർണം സമ്മാനിച്ചു. വനിതകളുടെ 200 മീറ്ററിൽ വി ശാന്തിനിയാണ് കേരളത്തിന് അപ്രതീക്ഷിതമായി സ്വർണം സമ്മാനിച്ച മറ്റൊരു താരം. വനിതകളുടെ 4- 400 മീറ്റർ റിലേ ടീമും കേരളത്തിന് സ്വർണം സമ്മാനിച്ചു. 4-400 മീറ്റർ റിലേയിൽ അനു മറിയം ജോസ്, ടിന്റു ലൂക്ക, ആർ. അനു, അനിൽഡ തോമസ് എന്നിവരിലൂടെയാണ് കേരളം സ്വർണം നേടിയത്. അതേസമയം ഈ ഇനത്തിൽ പുരുഷ ടീമിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ അവസാന നിമിഷമാണ് കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വനിതകളുടെ ട്രിപ്പിൾ ജംപിൽ എൻ.വി. ഷീനയും സ്വർണം നേടി. ഈ ഇനത്തിൽ സ്വർണത്തിന് പുറമെ വെള്ളിയും വെങ്കലവും കേരള താരങ്ങൾക്കാണ്. അമിതാ ബേബി വെള്ളി നേടിയപ്പോൾ എം.എ. പ്രജുഷയ്ക്കാണ് വെങ്കലം.

ഇതിനിടെ സ്വർണ്ണത്തിളക്കത്തേക്കാൾ മാറ്റുകൂടുന്ന വെങ്കല മെഡൽ നേട്ടവും ട്രാക്കിൽ നിന്നുമുണ്ടായി. പുരുഷന്മാരുടെ 800 മീറ്ററിൽ സജീഷ് ജോസഫിനൊപ്പം മത്സരിച്ച പറളി +2 സ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഫ്‌സലാണ് അത്ഭുതനേട്ടം കൈവരിച്ചത്. ദേശീയ ഗെയിംസ് മീറ്റ് റെക്കോർഡോടെയായിരുന്നു പി ടി ഉഷയുടെ ശിഷ്യയായ ടിന്റുലൂക്ക സ്വർണം നേടിയത്. 2:01:86 സെക്കൻഡിലാണ് ടിന്റു സ്വർണം ഓടിയെടുത്തത്. റോസക്കുട്ടിയുടെ റെക്കോഡാണ് ടിന്റു പഴങ്കഥയാക്കിയത്. തമിഴ്‌നാടിന്റെ ഗോമതി ഈ ഇനത്തിൽ വെള്ളി നേടി. ഈ ഇനത്തിൽ മത്സരിച്ച സിനി മാർക്കോസിന് വെങ്കലം ലഭിച്ചു. സിനിയുടെ വിടവാങ്ങൽ മത്സരമായിരുന്നു യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലേത്.

വനിതകളുടെ 200 മീറ്ററിൽ വി ശാന്തിനിയിലൂടെ കേരളത്തിന് അപ്രതീക്ഷിത സ്വർണ്ണമാണ് ലഭിച്ചത്. ഈ ഇനത്തിൽ മത്സരിച്ച അനിൽഡ തോമസിന് വെള്ളിയും ലഭിച്ചു. പുരുഷ-വനിതാ ടീമുകൾ വോളിബോളിവും കേരളത്തിന് വേണ്ടി സ്വർണം നേടി. വനിതാ ബാസ്‌കറ്റ് ബോളിലും കേരളം സ്വർണ്ണപ്പതക്കം നേടി. വനിത വോളിയിൽ കർണാടകത്തെ തോൽപ്പിച്ചാണ് കേരളത്തിന്റെ സ്വർണ്ണ നേട്ടം. 25-19,23-25, 26-24,25-12 എന്നീ സെറ്റുകൾക്കാണ് കേരളം ജയിച്ചത്.

60 കിലോഗ്രാം ബോക്‌സിങ്ങിൽ കേരളത്തിന്റെ കുൽവീന്ദറിന്റെ സ്വർണമാണ് കേരളത്തിന്റെ സ്വർണം അമ്പതിൽ എത്തിച്ചത്. ഹരിയാനയുടെ സന്ദീപിനെ തോൽപിച്ചാണ് കുൽവീന്ദർ ബോക്‌സിങ്ങിൽ സ്വർണം നേടിയത്. സൈക്ലിങ് ടീം സ്പ്രിന്റ് ഇനത്തിൽ കേരളത്തിന്റെ മഹിതാ മോഹനും കെസിയ വർഗീസും സ്വർണം നേടി. ഈ ഇനത്തിൽ സ്വർണവും വെള്ളിയും വെങ്കലവും കേരളത്തിനാണ്. വി.രജനി വെള്ളിയും ലിഡിയ മോൾ എം. സണ്ണി വെങ്കലവും നേടി.

നേരത്തെ ബാഡ്മിന്റൺ മിക്‌സഡ് ഡബിൾസിലും സിംഗിൾസിലും തായ്‌കൊണ്ടോയിലും കനൂയിങ്ങിലും കയാക്കിങ്ങിലുമാണ് കേരളം സ്വർണം നേടിയിരുന്നു. കൂടാതെ ഇടിക്കൂട്ടിൽ നിന്നും കേരളത്തിന് സ്വർണം ലഭിച്ചു. ബോക്‌സിങ്ങ് 91 കിലോ വിഭാഗത്തിൽ സന്ദീപ് ചിക്കാരയാണ് കേരളത്തിന്റെ സ്വർണം നേടിയത്. സർവീസസ് താരത്തെ തോൽപ്പിച്ചാണ് അദ്ദേഹം സ്വർണം നേടിയത്.

ബാഡ്മിന്റണിൽ കേരളത്തിന്റെ അപർണ ബാലൻഅരുൺ വിഷ്ണു സഖ്യമാണ് മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയത്. തെലങ്കാനയുടെ കെ തരുൺ സിക്കി റെഡ്ഡി ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കു പരാജയപ്പെടുത്തിയാണു ബാഡ്മിന്റണിൽ സ്വർണം നേടിയത്. സിംഗിൾസിൽ പി സി തുളസിയാണ് കേരളത്തിനായി സ്വർണം നേടിയത്.

തായ്‌കൊണ്ടോ സീനിയർ പെൺകുട്ടികളുടെ 67 കിലോ വിഭാഗത്തിൽ കേരളത്തിന്റെ വി രേഷ്മ സ്വർണം നേടി. തായ്‌കൊണ്ടോയിൽ കേരളത്തിന്റെ രണ്ടാം സ്വർണമാണിത്. മണിപ്പൂരിന്റെ ലാൽ റിംപുലേലെയാണ് രേഷ്മ തോൽപ്പിച്ചത്. ആദ്യ റൗണ്ട് 52ന് സ്വന്തമാക്കിയ രേഷ്മ രണ്ടും മൂന്നും റൗണ്ടുകൾ 93, 134 എന്ന സ്‌കോറിന് സ്വന്തമാക്കി. തുടക്കം മുതൽ ലീഡ് നേടിയാണ് രേഷ്മ കളിച്ചത്.

ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് രേഷ്മ മൽസരിക്കാനിറങ്ങിയത്. സെലക്ഷൻ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഗെയിംസിൽ പങ്കെടുക്കാൻ ഹൈക്കോടതി വിധി സമ്പാദിക്കേണ്ടി വന്നത്. കഴിഞ്ഞ മാസം ആറിനാണ് ദേശീയ ഗെയിംസിൽ മൽസരിക്കാമെന്ന വിധി വന്നത്. കേവലം രണ്ടാഴ്ചയാണ് പരിശീലനത്തിനായി രേഷ്മയ്ക്കു ലഭിച്ചത്. പ്രശ്‌നങ്ങൾ എല്ലാം തരണം ചെയ്തു സ്വർണം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രേഷ്മ പറഞ്ഞു. വനിതകളുടെ 200 മീറ്റർ കയാക്കിങ് ടീമിനത്തിലും കനൂയിങ് 200 മീറ്റർ വ്യക്തിഗത ഇനത്തിലുമാണ് കേരളം ഇന്നു സ്വർണം നേടിയിരുന്നു. കനൂയിങ് 200 മീറ്ററിൽ നിത്യ കുര്യാക്കോസാണ് സ്വർണം നേടിയത്.