തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങൾ നേരിട്ട് തഴക്കവും പഴക്കവുമുള്ള ആളാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയത്തിലെ ചാണക്യനായ ഉമ്മൻ ചാണ്ടിയെ ഒരു പ്രതിസന്ധി മറികടക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും കടുത്ത പരീക്ഷണമായി മാറിയ സോളാർ കേസിനെയും ഉമ്മൻ ചാണ്ടി അനായാസം മറികടന്നിരുന്നു. യുഎൻ പുരസ്‌ക്കാരം നേടിയ മുഖ്യമന്ത്രിയെന്ന് വരെ വിശേഷിപ്പിച്ച് മുഖ്യമന്ത്രി ചരിത്രത്തിൽ ആദ്യമായി പരസ്യ വിചാരണ നേരിട്ട മുഖ്യമന്ത്രിയായി മാറുകയും ചെയ്ത കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ എത്തിയാണ് വിശദമായ മറുപടി നൽകിയത്.

ഒരു രാവും പകലും നീണ്ടു നിന്ന വിചാരണയാണ് നടന്നത്. എന്നാൽ വക്കീലന്മാരുടെ കുനുഷ്ട് നിറഞ്ഞ ചോദ്യങ്ങളെ സമർത്ഥമായി മറികടന്ന മറുപടി നൽകിയെന്ന ആത്മവിശ്വാസത്തിലാണ് എല്ലാം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി. രണ്ടുമണിക്കൂറിലധികം കമ്മീഷൻ ജസ്റ്റീസ് സി ശിവരാജനും തുടർന്ന് മണിക്കൂറുകളോളം മറ്റ് അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ഇത്രയധികം സമയം വിസ്തരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന അപൂർവമായൊരു മൊഴിയെടുപ്പിന്റെ നേർക്കാഴ്ച.

മൊഴിയെടുപ്പ് നീണ്ടത് 14 മണിക്കൂർ, അവസാനിച്ചത് അർദ്ധരാത്രി 1.15ന്

മൊഴിയെടുപ്പും വിസ്താരവും 14 മണിക്കൂറിലേറെയാണ് നീണ്ടു നിന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ഒരു മുഖ്യമന്ത്രിയിൽനിന്ന് മൊഴിയെടുക്കുന്നത്. നടപടികൾ ഒറ്റ ദിവസംകൊണ്ട് പൂർത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകൾ നീണ്ടത്. രാവിലെ 11 മണിക്ക് തുടങ്ങിയ വിസ്താരം രാത്രി 1.15 ഓടെയാണ് അവസാനിച്ചത്. വിസതാരം പൂർത്തിയാക്കിയ മുഖ്യമന്ത്രി സോളാർ കമ്മീഷൻ മുമ്പാകെ തനിക്ക് വ്യക്തമായി കാര്യങ്ങൽ ബോധിപ്പിക്കാൻ സാധിച്ചതിൽ ആത്മവിശ്വാസമണ്ടെന്ന് വ്യക്തമാക്കി സോളാർ ഇടപാടിൽ ഖജനാവിന് നഷ്ടമോ അവർക്ക് ലാഭമോ ഉണ്ടായിട്ടില്ല. താൻ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നുണപരിശോധനക്ക് തയാറാണോ എന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനാണ് ആവശ്യപ്പെട്ടത്. തന്റെ കക്ഷി നുണപരിശോധനക്ക് തയാറാണെന്നുംബിജു രാധാകൃഷ്‌ണെന്റ അഭിഭാഷകൻ വ്യക്തമാക്കി. അർധരാത്രി 12ഓടെയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കാൻ ആരംഭിച്ചത്. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങൾ എന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതാണോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നായിരുന്നു മറുപടി.

ചോദ്യങ്ങൾ അനവധി, തളരാതെ കൃത്യമായ മറുപടിയുമായി മുഖ്യൻ

14 മണിക്കൂർ കമ്മീഷൻ മുമ്പാ കമ്മിഷനിൽ നിന്നുള്ള ചോദ്യങ്ങൾ അനവധി. എതിർകക്ഷികളുടെ അഭിഭാഷകരും ഉമ്മൻ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്തു. കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി. ശിവരാജന്റെ ചോദ്യങ്ങൾ കുറിക്കുകൊള്ളുന്നതായിരുന്നു. ഓരോന്നിനും മെയ്‌വഴക്കത്തോടെ മറുപടി. തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞതിനുശേഷമാണ് കമ്മിഷൻ സിറ്റിങ് നടന്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നു മുഖ്യമന്ത്രി മടങ്ങിയത്. ഉച്ചഭക്ഷണത്തിനു കിട്ടിയ ഇടവേളയിൽ ഫയലുകൾ നോക്കാനും അദ്ദേഹം മറന്നില്ല. ജീവൻരക്ഷാ മരുന്നുകൾ ആവശ്യപ്പെട്ടുള്ള പതിനഞ്ചോളം നിവേദനങ്ങളിൽ മുഖ്യമന്ത്രി ഒപ്പുവച്ചു. കമ്മിഷനു മുന്നിൽ മുഖ്യമന്ത്രി നൽകിയ മൊഴി പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായി.

മുഖ്യമന്ത്രി ഇന്നലെ രാവിലെ 10.45ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി. 11ന് മൊഴിയെടുപ്പാരംഭിച്ചു. ഉത്തരംമുട്ടിക്കുമെന്നു തോന്നിപ്പിച്ച ചോദ്യങ്ങളെ അദ്ദേഹം വിദഗ്ധമായി നേരിട്ടു. ഒന്നേകാലോടെ കമ്മിഷന്റെ മൊഴിയെടുപ്പ് പൂർത്തിയായി. ഇതിനിടയിൽ മുഖ്യമന്ത്രി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിച്ചു. തങ്ങൾക്ക് ഉച്ചയ്ക്കു ശേഷം ക്രോസ്‌വിസ്താരം നടത്താൻ അവസരമൊരുക്കണമെന്ന് കേസിലെ കക്ഷികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന് കമ്മിഷൻ ഒരു മണിക്കൂർ ഇടവേള അനുവദിച്ചു. ക്ലിഫ് ഹൗസിലേക്കു പോയ മുഖ്യമന്ത്രി 10 മിനിറ്റ് കഴിഞ്ഞ് തന്നെ കാണാനെത്തിയവരിൽനിന്നു നിവേദനങ്ങൾ സ്വീകരിച്ചു. ഇതിനിടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ.കെ. ബാലകൃഷ്ണനോട് ഇന്നലത്തേക്കു മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കാൻ നിർദ്ദേശിച്ചു.

അദ്ദേഹം രണ്ടു മണിയോടെ തിരികെ ഗസ്റ്റ് ഹൗസിലെത്തി. 2.15ന് ക്രോസ് വിസ്താരം തുടങ്ങി. ഇനി മറ്റൊരു ദിവസത്തേക്ക് മാറ്റണമോയെന്ന് 4.30ന് കമ്മിഷൻ ആരാഞ്ഞെങ്കിലും തുടരാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ബജറ്റ് ചർച്ചയും നിയമസഭാ സമ്മേളനവും അടുക്കുന്നതിനാലായിരുന്നു ഇത്. അഭിഭാഷകരുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഒരിക്കൽപ്പോലും മുഖ്യമന്ത്രി പകച്ചില്ല.

കമ്പ്യൂട്ടർ ഉപയോഗിക്കാത്ത മുഖ്യമന്ത്രി

താൻ ഔദ്യോഗികമായോ വ്യക്തിപരമായോ കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. ഓഫീസിലും മുറിയിലും ഉള്ളത് ലൈവ് വെബ് കാമറ മാത്രമാണ്. സോളാർ വിവാദങ്ങൾക്ക് ശേഷം ഒരുവർഷം വരെ റിക്കാർഡ് ചെയ്ത് സൂക്ഷിക്കാവുന്ന സി സി ടി വി സംവിധാനം സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നതായും സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജന് മുൻപാകെ മുഖ്യമന്ത്രി മൊഴിനൽകി.

ചാണ്ടി ഉമ്മന് ബിസിനസ് ഇല്ല, ബാംഗ്ലൂരിൽ നിയമം പഠിക്കുന്നു..

കമ്മീഷൻ സിറ്റിംഗിനിടെ ഉമ്മൻ ചാണ്ടി സമർത്ഥമായി തന്നെ മകൻ ചാണ്ടി ഉമ്മനെയും പ്രതിരോധിച്ചു. തന്റെ മകൻ ചാണ്ടിഉമ്മന് ഒരു ബിസിനസുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമസ് കുരുവിളയുമായി ചേർന്ന് ചാണ്ടി ഉമ്മൻ ഡൽഹിയിൽ ബിസിനസ് നടത്തുകയാണോയെന്ന ചോദ്യത്തിന് ഉത്തരംപറയുകയായിരുന്നു മുഖ്യമന്ത്രി. 'അവന് ബിസിനസുമായി യാതൊരു ബന്ധവുമില്ല. ഡൽഹി സെന്റ് സ്റ്റീഫൻസിലെ പഠനത്തിനു ശേഷം ചാണ്ടിഉമ്മൻ ഡൽഹി സർവകലാശാലയിൽ നിയമപഠനം നടത്തി. ഇപ്പോൾ ബംഗളുരുവിലെ ക്രൈസ്റ്റ് സർവകലാശാലയിൽ എൽ.എൽ.എമ്മിന് പഠിക്കുന്നു' ഉമ്മൻ ചാണ്ടി പറഞ്ഞു. ചാണ്ടിഉമ്മനെ ഉൾപ്പെടുത്തിയ ബിസിനസിലൂടെ തോമസ് കുരുവിള കോടികളുണ്ടാക്കിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. തോമസ് കുരുവിളയുടെ സാമ്പത്തിക സ്ഥിതി തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല എന്നായിരുന്നു മറുപടി.

ഖജനാവിന് നഷ്ടമുണ്ടായെന്ന് സോളാർ കമ്മീഷൻ

സോളാർ തട്ടിപ്പിൽ സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ജസ്റ്റിസ് ജി.ശിവരാജൻ വിചാരണയ്ക്കിടെ ഖണ്ഡിച്ചു. കേന്ദ്രസർക്കാരിന്റെ എംപാനൽ ഏജൻസിയല്ലാത്ത സരിതയുടെ ടീം സോളാർ സ്ഥാപിച്ച സോളാർ പാനലുകൾക്ക് സബ്‌സിഡി നൽകാനുള്ള 45 അപേക്ഷകൾ ഒന്നര വർഷത്തിലേറെ നടപടിയെടുക്കാതെ അനർട്ട് കൈവശം സൂക്ഷിച്ചിരുന്നതായി കമ്മിഷൻ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ജി.ശിവരാജൻ പറഞ്ഞു. സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് കൊടുക്കേണ്ട സോളാർ അനുബന്ധ ഉപകരണങ്ങൾ സരിതയ്ക്ക് അനർട്ടിൽ നിന്ന് ലഭിച്ചു. അതുവഴി സർക്കാരിന് നഷ്ടമുണ്ടായി. എന്നാൽ, ഈ ആരോപണങ്ങളൊന്നും നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും ടീം സോളാറിന്റെ അപേക്ഷയിൽ സബ്‌സിഡി കൊടുത്തില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഇടതുസർക്കാർ ടീം സോളാറിനെ അനർട്ടിന്റെ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടാകാം..

സരിതയെ നേരിട്ട് കണ്ടതായി വ്യക്തമായ ഓർമയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ക്രോസ് വിസ്താരത്തിലാണ് മൂന്ന് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചത്. ഒരുതവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാൻ വന്നപ്പോഴും പിന്നീട് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് നിവേദനം നൽകാൻ എത്തിയപ്പോഴുമാണ് കണ്ടത്. പാല കടപ്‌ളാമറ്റത്ത് നടന്ന ചടങ്ങിൽ വച്ചും കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മൊഴി നൽകി. ഡൽഹിയിൽ ദേശീയ വികസന സമിതി യോഗത്തിനിടെ തോമസ് കുരുവിളയുമൊത്ത് സരിതയെ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

'ആലുവ ഗസ്റ്റ് ഹൗസിൽ വച്ച് ബിജു രാധാകൃഷ്ണൻ പറഞ്ഞപ്പോഴാണ് രണ്ട് തവണ സരിതയെ കണ്ടത് ഓർമ വന്നത്. കടപ്‌ളാമറ്റത്ത് വേദിയിലിരുന്നപ്പോൾ പിറകിലൂടെ ഒരാൾ വന്ന് ചെവിയിൽ എന്തോ പറഞ്ഞതായി ഓർക്കുന്നു. അത് തട്ടിപ്പ് കേസിലെ സരിത ആയിരുന്നോയെന്ന് വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല' കമീഷന്റെ വിസ്താരത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ദേശീയ വികസന സമിതി യോഗത്തിന്റെ തീയതി സംബന്ധിച്ച് നിയമസഭയിൽ പറഞ്ഞത് തെറ്റി. ഡൽഹി വിജ്ഞാൻ ഭവന് പുറത്തുവച്ച് സരിതയെ കണ്ടു എന്നത് നിയമസഭയിൽ നിഷേധിച്ചിട്ടുണ്ട്. ദേശീയ വികസന സമിതി യോഗത്തിന്റെ തീയതി ഡിസംബർ 27 എന്നതിന് പകരം 29 എന്നാണ് നിയമസഭയിൽ പറഞ്ഞത്.

കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ ശ്രീധരൻനായരെ അറിയാം. 2012 ജൂലൈ ഒമ്പതിന് അദ്ദേഹം തന്റെ ഓഫീസിൽ വന്ന് ക്രഷർ ഉടമകളുടെ നിവേദനം നൽകിയെന്നത് ശരിയാണ്. തന്നോടൊപ്പം സരിതയും ഉണ്ടായിരുന്നെന്നും സോളാർ പദ്ധതിയെ കുറിച്ചും മറ്റും സംസാരിച്ചെന്നുമുള്ള ശ്രീധരൻനായരുടെ പ്രസ്താവന സത്യസന്ധമല്ല. മുഖ്യമന്ത്രിയെ കാണാൻ ഓഫീസിൽ എത്തിയപ്പോൾ സരിതയും ശ്രീധരൻനായരും അവിടെ ഉണ്ടായിരുന്നെന്ന നെയ്യാറ്റിൻകര എംഎൽഎ ആർ സെൽവരാജിന്റെ മൊഴി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

സോളാർ കമ്മീഷൻ സിറ്റിംഗിനിടെ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന് ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയും ചുവടേ:

കമ്മിഷൻ: പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ടെന്നി ജോപ്പനെ എന്നുമുതൽ അറിയും?
മുഖ്യമന്ത്രി : പഠനകാലം മുതൽ. കെ എസ്.യു പ്രവർത്തകനാണ്.
? എംഎ‍ൽഎ ക്വാട്ടേഴ്‌സിലെ താങ്കളുടെ മുറിയിൽ ജോപ്പൻ താമസിച്ചിട്ടുണ്ടോ
= ഇല്ല. എന്റെ മുറിയുടെ അടുത്ത് അവരുടെ എംഎ‍ൽഎ ആയിരുന്ന എഴുകോൺ നാരായണന്റെ മുറിയിലായിരുന്നു താമസം.
? സോളാർതട്ടിപ്പ് പരാതികളെത്തുടർന്ന് പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ജോപ്പനെ മാറ്റി നിർത്തിയിരുന്നോ
= മാറ്റിനിർത്തിയിരുന്നു.
? പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ജിക്കുമോൻ ജേക്കബിനെ എന്നുമുതൽ അറിയാം.
= ചെറുപ്പം മുതൽ അറിയാം. കെ എസ് യു പ്രവർത്തകൻ എന്ന നിലയിലല്ല. കുടുംബവുമായുള്ള ബന്ധമാണ്. പഠനത്തിനായി എത്തിയ ജിക്കുമോൻ എം എൽ എ ക്വാട്ടേഴ്‌സിലെ എന്റെ മുറിയിൽ താമസിച്ചിരുന്നു. 2000 മുതലാണെന്നാണ് ഓർമ.
? ജിക്കുമോനെ 2005 ൽ മുഖ്യമന്ത്രി ആയപ്പോൾ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചിരുന്നോ
=ടെന്നി ജോപ്പനൊപ്പം ജിക്കുമോനെയും ക്ലാർക്കായി നിയമിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പേഴ്‌സണൽ സ്റ്റാഫിൽ തുടർന്നു. 2011 ൽ മുഖ്യമന്ത്രി ആയപ്പം ജിക്കു അഡീഷണൽ പി.എ മാരിൽ ഒരാളായി.

? സോളാർ ആരോപണങ്ങൾക്ക് ശേഷം ജിക്കുവിനെ മാറ്റിയതാണോ
= സോളാർ സംബന്ധിച്ച പരാതി നിയമസഭയിൽ വന്നപ്പോൾ അന്വേഷണം നടത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തുകയുമായിരുന്നു.
? 2011 ൽ മുഖ്യമന്ത്രി ആയപ്പോഴാണ് സലിം രാജിനെ ഗൺമാനായി നിയമിച്ചത്.
= എന്റെ മണ്ഡലത്തിൽപ്പെട്ടയാളാണ്. 2004 ൽ ആണെന്ന് തോന്നുന്നു സെക്യൂരിറ്റി സ്റ്റാഫിൽ വന്നത്. 2011 ൽ മുഖ്യമന്ത്രി ആയപ്പോൾ ഇയാളെയും ഗൺമാന്മാരിൽ ഒരാളായി വച്ചിരുന്നു.
? അദ്ദേഹത്തിന്റെ ഡ്യൂട്ടി വീട്, ഓഫീസ്, യാത്ര തുടങ്ങി എല്ലായിടത്തുമായിരുന്നോ
= ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് സെക്യൂരിറ്റി ഓഫീസർമാരാണ്. അഞ്ച് ഗൺമാന്മാരുണ്ട്. ഒന്നിടവിട്ടായിരുന്നു ഇവരെ നിയോഗിച്ചിരുന്നത്.

? ഡൽഹിയിൽ എത്തുമ്പോൾ സ്ഥിരമായി സഹായിക്കുന്നയാളാണോ തോമസ് കുരുവിള
= ഔദ്യോഗികമായും മറ്റുപല സാഹചര്യങ്ങളിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്നു.
? തോമസ് കുരുവിളയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചിരുന്നോ, പ്രതിഫലം നല്കിയിരുന്നോ
= ഇല്ല, തോമസ് കുരുവിളക്ക് ഞാനോ, സർക്കാരോ, പാർട്ടിയോ ഒരുവിധ പ്രതിഫലവും നല്കുന്നില്ല.

? സോളാർതട്ടിപ്പ് കേസിൽ അഡി. ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നോ
= അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നല്കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 33 കേസുകളിൽ അന്വേഷണം നടത്തി അതാത് കോടതികളിൽ കേസുകൾ ഫയൽ ചെയ്തു. ഒരു കേസിൽ കോടതി നടപടി പൂർത്തിയാക്കി പ്രതികളെ ശിക്ഷിച്ചു. അന്വേഷണ സംഘത്തെക്കുറിച്ച് ഒരു പരാതിയിയും ലഭിച്ചില്ല.
( കമ്മീഷൻ: സോളാർത്തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കിയത്. ടെലിഫോൺ വിളികൾ അടക്കമുള്ള കാര്യങ്ങൾ അവർ അനേഷിച്ചില്ല. പ്രതിപക്ഷം അതേക്കുറിച്ച് പരാതിയും പറഞ്ഞില്ല.)

? സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് രജിസ്റ്റർ ചെയത് ടീം സോളാർ എന്ന കമ്പനിയേക്കുറിച്ച് എന്നാണ് കേൾക്കുന്നത്.
= സരിതയെക്കുറിച്ചും അവരുടെ കമ്പനിയക്കെറിച്ചും അറിയുന്നത് അവരുടെ അറസ്റ്റിന് ശേഷമാണ്. ബിജുരാധാകൃഷ്ണൻ എന്നെ വന്ന് കണ്ടിരുന്നു. ഷാനവാസ് എംപി വിളിച്ച് വലിയ കമ്പനിയുടെ എം.ഡി ക്ക് തന്നെക്കണ്ട് വ്യക്തിപരമായ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ മറ്റൊരാൾക്കൊപ്പം അയാളെ കണ്ടത്. അയാൾ പറഞ്ഞ വ്യക്തിപരാമായ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നായർ രണ്ടു തവണ എന്റെ ഓഫീസിൽ വന്ന് നിവേദനം തന്നിരുന്നുവെന്ന് എന്ന് പറഞ്ഞിരുന്നു.

? ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുന്നവർക്ക് അപ്പോൾത്തന്നെ സ്വന്തം ലെറ്റർഹെഡിൽ അക്‌നോളജ്‌മെന്റ് ലെറ്റർ നല്കുമോ
= മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധാരാളം വ്യക്തികളും സംഘടനകളും സംഭാവന നല്കാറുണ്ട്. എന്റെ കൈവശമാണ് തരുന്നതെങ്കിൽ നന്ദിപറഞ്ഞ് എന്റെ ലെറ്റർ ഹെഡിൽ തന്നെ കത്ത് നല്കും.

? പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ടെന്നി ജോപ്പൻ കമ്മിഷനിൽ മൊഴി നല്കിയിരുന്നു. ലക്ഷ്മിനായർ എന്ന സരിത നായർ ജോപ്പനെ വിളിച്ച് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നെന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാനാണെന്ന് പറഞ്ഞിരുന്നുവെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സമയം വാങ്ങി നല്കിയെന്നും സരിത നായരും അവരുടെ ജനറൽമാനേജരും നേരിട്ടെത്തി മുഖ്യമന്ത്രിയുടെ കയ്യിൽ പണം നല്കിയെന്നുമായിരുന്നു ജോപ്പന്റെ മൊഴി.
= അക്കാര്യം ഇപ്പോൾ വ്യക്തമായി ഓർക്കുന്നില്ല. സാധ്യത വളരെ കുറവാണ്.

? സോളാർ കേസിൽ കബളിപ്പിക്കപ്പെട്ട മല്ലേലിൽ ശ്രീധരൻ നായർ സെക്രട്ടേറിയേറ്റ് നോർത്ത് ബ്ലോക്കിലെ അങ്ങയുടെ ഓഫീസിൽ വരുകയും അവിടെ വച്ച് സരിതാനായരും അവരുടെ ജനറൽ മാനേജരെയും ടെന്നി ജോപ്പൻ അങ്ങയുടെ ചേംബറിൽ കൂട്ടിക്കൊണ്ടുവരുകയും ചെയതതായി ശ്രീധരൻ നായർ റാന്നി കോടതിയിൽപ്രസ്താവന നല്കിയിരുന്നു. അവിടെ വച്ച് കമ്പനിയുടെ മേന്മയെക്കുറിച്ച അങ്ങ് ശ്രീധരൻനായരോട് പറഞ്ഞിട്ടുണ്ട്. എ ഡി ജി പി ഹേമചന്ദ്രൻ കമ്മീഷൻ മുമ്പാകെ നല്കിയ മൊഴിയിൽ 2012 ജൂലായ ഒമ്പതിന് ശ്രീധരൻ നായരും സരിതയും ജോപ്പനും ഒരേ സമയം താങ്കളുടെ ഓഫീസിലുണ്ടായിരുന്നതായും പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര എം എൽ എ സെൽവരാജ് ശ്രീധരൻ നായർ അങ്ങയുടെ ഓഫീസിലേക്ക് വരുന്നത് കണ്ട കാര്യവും കമ്മീഷനിൽ മൊഴിനൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.

= ശ്രീധരൻ നായർ എനിക്ക് പരിചയമുള്ള ആളാണ്. അദ്ദേഹം സരിതയോടൊപ്പം വന്ന് കണ്ടിട്ടില്ല. പരിചയമില്ലാത്ത സ്ത്രീയോടൊപ്പം വന്നിരുന്നെങ്കിൽ അക്കാര്യം അപ്പോൾ ആരാഞ്ഞേനെ. സരിതയുടെ കമ്പനിക്ക് ഉറപ്പ് നലകിയെന്നത് ശരിയല്ല. ഇക്കാര്യം ഉറപ്പിച്ച് പറയാനാകും. ശ്രീധരൻ നായർ തട്ടിപ്പിന് ഇരയായെങ്കിൽ അക്കാര്യം എപ്പോഴെങ്കിലും എന്നോട് പറയേണ്ടതല്ലെ. പ്രത്യേകിച്ച് ഞാൻ ഉന്നത സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയിൽ എന്തെങ്കിലും നിവൃത്തി ഉണ്ടാക്കാൻ കഴിയില്ല. അക്കാര്യം ശ്രീധരൻ നായർ പറഞ്ഞിട്ടേയില്ല. ശ്രീധരൻ നായർ ക്രഷർ യൂണിറ്റ് സംബന്ധിച്ച നിവേദനം തരാനാണ് വന്നത്. അതിന്റെ മറ്റ് സംഘാടകർ വന്നപ്പോൾ അക്കാര്യം ഞാൻ പറയുകയും ചെയ്തു. ഞാൻ മിക്കപ്പോഴും ചേംബറിൽ നിന്നിറങ്ങി വരാന്തയിൽ നിന്ന് നിവേദനം സ്വീകരിക്കാറുണ്ട്. അന്നേ ദിവസം സരിത ആ ഓഫീസിൽ വന്നതായി അറിയില്ല. ചിലപ്പോൾ വന്നിട്ടുണ്ടാകാം. ഞാൻ കണ്ടിട്ടില്ല.

? എ ഡി ജി പി പറഞ്ഞത് അവർ മൂവരും ചേംബറിൽ ഉണ്ടായിരുന്നുവെന്നാണ്.
= അതെനിക്കറിയില്ല. ചേംബറിൽ വന്നിട്ടില്ല. എന്നാൽ പുറത്ത് വന്ന് കണ്ടിരുന്നോ എന്ന് ഉറപ്പിച്ച് പറയാനുമാവില്ല.
? രണ്ട് ലക്ഷത്തിന്റെ ചെക്ക് ടീം സോളാർ കമ്പനി 2012 ജൂലായ് ഒമ്പതിന് ദുരിതാശ്വാസ നിധിയിലേക്ക് തന്നിരുന്നു. ജൂലായ് പത്തിന് ഡേറ്റിട്ട ചെക്കിന് ഒമ്പതിന് തന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ കത്തും നല്കിയിട്ടുണ്ട്. ഈ ലെറ്റർ ഹെഡ് അന്വേഷണോദ്യോഗസ്ഥർ ഹാജരാക്കിയിട്ടുണ്ട്.
= ഈ തട്ടിപ്പ് സംഘം അവരുടെ ബിസിനസ് ആവശ്യത്തിന് ഇടപാടുകാരെ പ്രലോഭിപ്പിക്കാൻ ഉന്നതരുടെ സർട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കിയിട്ടുണ്ട്. അത്തരത്തിൽ തട്ടിപ്പിനായാവും ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് നല്കിയെന്നും മനസിലാക്കുന്നു.

? ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ തോമസ് കുരുവിള ഇടപാട് ചെയ്തതനുസരിച്ച് സരിതയെ കണ്ടിരുന്നോ
= തോമസ് കുരുവിള ഇത്തരത്തിൽ സരിതക്ക് അപ്പോയ്ന്മെന്റ് അനുവദിച്ചിരുന്നോ എന്നറിയില്ല. പ്രധാനമന്ത്രി പങ്കെടുത്ത യോഗമാണ് വിജ്ഞാൻ ഭവനിൽ നടന്നത്. അതീവ സുരക്ഷയുള്ള സ്ഥലമാണ്. പുറത്തുനിന്ന് ആരെയും അനുവദിച്ചിരുന്നില്ല. വിജ്ഞാൻ ഭവനിലെ യോഗം തീരും മുമ്പുതന്നെ നാട്ടിലേക്ക് മടങ്ങാനായി സാംസ്‌കാരിക മന്ത്രിക്കൊപ്പം പുറത്തേക്ക് വന്നു. മുഖ്യമന്ത്രിയുടെ കാർ പോലും വിജ്ഞാൻ ഭവന് പുറത്താണിട്ടിരുന്നത്. അവിടേക്ക് പോകുന്നതിനിടെ മലായാളികളായ മാദ്ധ്യമപ്രവർത്തകർ കാത്തുനിന്നിരുന്നു. അവരോട് രണ്ട് മിനിറ്റോളം യോഗത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അവിടെ സരിത ഉണ്ടാകാനുള്ള സാധ്യത ഇല്ല. സരിതയെ ഞാൻ അവിടെയും കണ്ടിട്ടില്ല.

? പാലാ കടപ്ലാമറ്റത്ത് ജലനിധി പരിപാടിയിൽ സ്‌റ്റേജിൽ വന്ന സരിത അങ്ങയോട് എന്തോ ചെവിയിൽ പറയുന്ന ചിത്രം ഉണ്ട് (ചിത്രം മുഖ്യമന്ത്രിയെ കാണിക്കുന്നു) അവിടെ വച്ചാണ് സരിതയെ കാണുന്നതെന്ന് സലിംരാജിന്റെ മൊഴിയുമുണ്ട്.
= പത്രത്തിൽ വന്ന ഫോട്ടോ നിഷേധിക്കുന്നില്ല. അന്നേ ദിവസം ഞാൻ സ്റ്റേജിൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് ചെവിയിൽ എന്തോ പറഞ്ഞതായി ഓർക്കുന്നു. അത് തട്ടിപ്പ് കേസിലെ സരിത അയിരുന്നോ എന്ന് ഫോട്ടോ കണ്ട ശേഷവും ഓർക്കാൻ കഴിയുന്നില്ല.

? സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് എന്നെങ്കിലും സരിതയെ നേരിട്ട് കണ്ടിട്ടുണ്ടോ
= ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാനും പിന്നീട് അവരുടെ ബിസിനസുമായി ബന്ധപ്പെട്ട് നിവേദനം നല്കാനും അവർ എന്നെ വന്ന് കണ്ടിരുന്നുവെന്ന് ബിജുരാധാകൃഷ്ണൻ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞപ്പോഴാണ് സരിതയെ രണ്ട് പ്രാവശ്യം കണ്ടിരുന്നതായി ഓർക്കാൻ കഴിഞ്ഞത്. കടപ്ലാമറ്റത്തെ പരിപാടിക്കിടെ ഫോട്ടോയിൽ കാണുന്ന പ്രകാരവും അവർ എന്നെ കണ്ടിരുന്നിരിക്കാം. ഈ മൂന്നുതവണ കണ്ടിട്ടുണ്ടാവാം.

കമ്മീഷൻ അഭിഭാഷകൻ: ടീംസോളാർ കമ്പനിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിക്കുന്ന ചിത്രം കമ്പനി ജനറൽ മാനേജർ കമ്മീഷന് കൈമാറിയിട്ടുണ്ട്. ഒരുലക്ഷം രൂപയെന്നാണ് അങ്ങ് പറഞ്ഞിട്ടുള്ളത്. ചെക്ക് നേരിട്ട് കൈപ്പറ്റിയിട്ടും അക്‌നോളജ് മെന്റ് കത്ത്‌ ്രൈപവറ്റ് സെക്രട്ടറിയാണ് നല്കിയത്.
= ഒരുലക്ഷം എന്ന് ഓർമയിൽനിന്ന് പറഞ്ഞതാണ്. അക്‌നോളജ്‌മെന്റ് കത്ത്‌ ്രൈപവറ്റ് സെക്രട്ടറി ശ്രീകുമാർ നലകിയതാണ്. താൻ സ്ഥലത്തില്ലാത്ത സാഹചര്യത്തിലാവാം കത്ത് നല്കിയത്.

? സോളാർ തട്ടിപ്പിൽ സർക്കാരിന് ഒരു രൂപ നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് പറയുമ്പോഴും അനർട്ട് വഴി ടീം സോളാർ സബ്‌സിഡിക്ക് ശ്രമിക്കുകയും പല ആനുകൂല്യങ്ങളും ലഭിച്ചതായും ചില രേഖകളിൽ നിന്ന് മനസിലാക്കുന്നു.
= എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നിയമസഭയിലും ഒരു ചർച്ചയിലും ഇക്കാര്യം ആരും ഉന്നയിച്ചിട്ടില്ല.

? മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരുമായും മറ്റ് മന്ത്രിമാരുമായും കേന്ദ്രമന്ത്രി അടക്കമുള്ളവരുമായും സോളാർ ഇടപാടിനായി സരിത ഫോണിൽ സംസാരിച്ചുവെന്ന കാര്യത്തിൽ അന്വേഷണം നടന്നതായി അറിയുമോ
= എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. അത് അനർട്ട് മുഖേനയും മറ്റൊരു സർക്കാർ ഏജൻസിയുമാണ്. ടീം സോളാറിന് സ്വാധീനമുണ്ടായിരുന്നെങ്കിലും അവരെക്കൊണ്ട് ചെയ്യിക്കേണ്ടതല്ലെ.

? ഇന്റലിജൻസ് അഡി. ഡി.ജി.പി നല്കിയ ഇടക്കാല റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയിലെ ഫോൺ ദുരപയോഗം ചെയ്തതായി പറയുന്നുണ്ട്.
= അക്കാര്യം മനസിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ആളുകളെ മാറ്റി നിർത്തുകയും ചെയ്തു.
? സരിത ഓഫീസ് ജീവനക്കാരെ ദുരുപയോഗം ചെയ്തതായി കണ്ടിരുന്നോ
= ഒരുവിധത്തിലും ഓഫീസ് ദുരുപയോഗം ചെയ്തതായി അറിയില്ല. ചിലർ ഫോൺ വിളിച്ചു. ഫോൺവിളിക്ക് അപ്പുറത്തേക്ക് സരിതയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്ന ടെന്നി ജോപ്പനെതിരെ ക്രിമിനൽക്കുറ്റം ചുമത്തി നടപടി എടുത്തു.

ബിജെപി അഭിഭാഷകൻ: മുഖ്യമന്ത്രിയുടെ ഓഫീസിനെ കമ്മീഷന്റെ അന്വേഷണവിഷയത്തിൽ വ്യക്തമായി ചേർക്കാതിരുന്നത്.
= തുറന്ന സമീപനത്തിന്റെ ഭാഗമായാണ്. ഓഫീസും ഓഫീസിനു പുറത്തും നിയമസഭയിൽ പറഞ്ഞകാര്യങ്ങളും എല്ലാം അന്വേഷണപരിധിയിൽ വരും. ഓഫീസ് എന്ന് പറഞ്ഞാൽ അന്വേഷണം പരിമിതപ്പെടുത്തിയെന്ന് ആക്ഷേപം വന്നേനെ.

? പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം ജുഡീഷ്യൽ അന്വേഷണം എന്ന നയമാണ് അങ്ങ് സ്വീകരിച്ചത്. ആരോപണവിധേയരായ പ്രതികളെ ജുഡീഷ്യൽ അന്വേഷണത്തിന്റെ മറവിൽ രക്ഷപെടാൻ അനുവദിക്കില്ലെന്നും നിയമസഭയിൽ പറഞ്ഞിരുന്നു.
= ക്രിമിനൽ കേസിലെ പ്രതികളെ കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ബിജുരാധാകൃഷ്ണനെ പിടികൂടിയ ശേഷമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

? തട്ടിപ്പിൽ പണം നഷ്ടമായ ആരെങ്കിലും മുഖ്യമന്ത്രിയെ വന്നുകണ്ട് പരാതി പറഞ്ഞിരുന്നോ
= ടി സി മാത്യു എന്നൊരാൾ തന്നെ വന്ന് കണ്ടിരുന്നു. ഡി ജി പിക്ക് പരാതി നല്കാൻ പറഞ്ഞിരുന്നെങ്കിലും ആദ്യതവണ നല്കിയില്ല. രണ്ടാമതും തന്നെ വന്ന് കപ്പോൾ പരാതി എഴുതി നല്കി. എ ഡി ജി പി ഹേമചന്ദ്രനെ വിളിച്ചുവരുത്തി നടപടി എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

? തന്നെ ഫോണിൽകിട്ടാൻ ജോപ്പനെയും ജിക്കുവിനെയും സലിം രാജിനെയും വിളിക്കണമെന്ന വാർത്തയെക്കുറിച്ച്
= വാർത്ത അതിശയോക്തിയാണ്. ഒരിക്കൽ പോലും ജിക്കു എന്റെ കൂടെ ഡൽഹിയിൽ വന്നിട്ടില്ല. ഗൺമാന്മാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡ്യൂട്ടിക്ക് ഉണ്ടാവുക. അത്തരം സന്ദർഭങ്ങളിൽ കൂടെയുള്ളവരുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്.

? സരിതയുടെ ഫോൺ ചോർത്തലിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരാണെന്ന് പറയാൻ പൊലീസിലെ ഉന്നതൻ തന്നോട് ആവശ്യപ്പെട്ടതായി ്രൈകം റിക്കോർഡ്‌സ് ബ്യൂറോ മേധാവി ആയിരുന്ന ഐ ജി ടി.ജെ.ജോസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നോ. ആഭ്യന്തര വകുപ്പിൽ നിന്ന് പുറത്തുപോകാൻ സാധ്യത ഇല്ലാത്ത വിവരങ്ങൾ പൊലീസ് ഇടപെട്ട് പുറത്തുവിട്ടു എന്നാണ് മനസിലാക്കുന്നത്.
= ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ജോസ് എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല.

? അന്വേഷണ സംഘം മുഖ്യമന്ത്രിയെ കാണുകയോ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ കമ്പ്യൂട്ടർ പരിശോധിക്കുകയോ ചെയ്തിട്ടുണ്ടോ
= അന്വേഷണ സംഘം തന്നെ വന്ന് കണ്ട് മൊഴിയെടുത്തിരുന്നു. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. ഔദ്യോഗികമായോ അല്ലാതെയോ ഞാൻ കമ്പ്യൂട്ടർ ഉപയോഗിക്കുന്നില്ല. മുറിയിലും ഓഫീസിലും ലൈവ് വെബ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 14 ദിവസം വരെ റിക്കോർഡിങ് സംവിധാനം ആയിരുന്നു മുമ്പുണ്ടായിരുന്നത്. ഒരു വർഷം വരെ റിക്കോർഡിങ് ഉള്ള സംവിധാനം ഒരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.