- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിസാൻ ക്രെഡിറ്റ് അക്കൗണ്ടുകളും തുടങ്ങിയില്ല; കോർ ബാങ്കിംഗും ഒന്നുമായില്ല; കേന്ദ്രത്തിന്റെ കർശന നിയന്ത്രണം മൂലം സഹകരണ ബാങ്കുകളുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയായി; രണ്ട് ലക്ഷത്തിൽ കൂടുതൽ കാശായി നൽകരുതെന്ന നിർദ്ദേശവും കേരളത്തിലെ സഹകരണ ബാങ്കുകളുടെ അടിത്തറ ഇളക്കും
കണ്ണൂർ: നോട്ട് നിരോധനമുണ്ടാക്കിയത് സഹകരണ മേഖലയിൽ സർവ്വത്ര പ്രതിസന്ധിയായിരുന്നു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു അത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അത് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും പ്രതിസന്ധിയെത്തുന്നു. പണ ഉപയോഗവുമായി ബന്ധപ്പെട്ട് റിസർവ്വ് ബാങ്കിന്റെ പുതിയ വ്യവസ്ഥകൾ നിലവിൽവന്നതോടെയാണ് ഇത്. രണ്ടുലക്ഷം രൂപയ്ക്കു മുകളിൽ പണമായി നൽകാനാവില്ലെന്ന വ്യവസ്ഥയും റുപേ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയല്ലാതെ കാർഷികവായ്പകൾ നൽകാനാവില്ലെന്നതുമാണ് തിരിച്ചടിയാകുന്നത്. മാർച്ച് 31-ന് മുമ്പ് ജില്ലാസഹകരണ ബാങ്കുമായി കോർബാങ്കിങ് പൂർത്തിയാക്കണമെന്ന് പ്രാഥമിക സഹകരണബാങ്കുകൾക്ക് സഹകരണസംഘം രജിസ്ട്രാർ നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ ഒന്നുമുതൽ പ്രാഥമിക സഹകരണബാങ്കുകൾ ജില്ലാ ബാങ്കുകളിലെ റുപേ കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലൂടെയേ കാർഷിക വായ്പകൾ നൽകാവൂയെന്ന് 2016 ഡിസംബർ 31-ന് കേന്ദ്രസർക്കാരും നിർദ്ദേശിച്ചു. നൂറിൽതാഴെ പ്രാഥമിക ബാങ്കുകൾമാത്രമാണ് ഇതു പാലിച്ചത്. മറ്റാരും ഇത് ഗൗരവത്തോടെ എട
കണ്ണൂർ: നോട്ട് നിരോധനമുണ്ടാക്കിയത് സഹകരണ മേഖലയിൽ സർവ്വത്ര പ്രതിസന്ധിയായിരുന്നു. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നു അത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അത് മറികടക്കാൻ ശ്രമം നടത്തിയെങ്കിലും വീണ്ടും പ്രതിസന്ധിയെത്തുന്നു. പണ ഉപയോഗവുമായി ബന്ധപ്പെട്ട് റിസർവ്വ് ബാങ്കിന്റെ പുതിയ വ്യവസ്ഥകൾ നിലവിൽവന്നതോടെയാണ് ഇത്.
രണ്ടുലക്ഷം രൂപയ്ക്കു മുകളിൽ പണമായി നൽകാനാവില്ലെന്ന വ്യവസ്ഥയും റുപേ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയല്ലാതെ കാർഷികവായ്പകൾ നൽകാനാവില്ലെന്നതുമാണ് തിരിച്ചടിയാകുന്നത്. മാർച്ച് 31-ന് മുമ്പ് ജില്ലാസഹകരണ ബാങ്കുമായി കോർബാങ്കിങ് പൂർത്തിയാക്കണമെന്ന് പ്രാഥമിക സഹകരണബാങ്കുകൾക്ക് സഹകരണസംഘം രജിസ്ട്രാർ നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ ഒന്നുമുതൽ പ്രാഥമിക സഹകരണബാങ്കുകൾ ജില്ലാ ബാങ്കുകളിലെ റുപേ കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലൂടെയേ കാർഷിക വായ്പകൾ നൽകാവൂയെന്ന് 2016 ഡിസംബർ 31-ന് കേന്ദ്രസർക്കാരും നിർദ്ദേശിച്ചു. നൂറിൽതാഴെ പ്രാഥമിക ബാങ്കുകൾമാത്രമാണ് ഇതു പാലിച്ചത്.
മറ്റാരും ഇത് ഗൗരവത്തോടെ എടുത്തില്ല. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കാർഷിക വായ്പകൾ നൽകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കോർബാങ്കിങ് നടപ്പാക്കുന്നതിന് പ്രാഥമികബാങ്കുകളിലെ അംഗങ്ങൾ ജില്ലാസഹകരണ ബാങ്കിൽ കെ.വൈ.സി. നൽകി അക്കൗണ്ട് തുടങ്ങണം. ഇടപാടുകാരുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ജില്ലാബാങ്കിന് കൈമാറണം. ഇവർക്ക് ജില്ലാബാങ്ക് റുപേ കിസാൻ കാർഡ് നൽകും. ഇത് എ.ടി.എം. കാർഡായി ഉപയോഗിക്കാം. പ്രാഥമിക ബാങ്ക് കാർഷികവായ്പ അനുവദിച്ചാൽ റുപേ കാർഡ് വഴി ഇടപാടുകാരന് ഏത് എ.ടി.എമ്മിൽനിന്നും പണം പിൻവലിക്കാം.
വായ്പ അനുവദിക്കുന്നതും തിരിച്ചടയ്ക്കുന്നതും പ്രാഥമിക ബാങ്കുകളാണെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കുന്നത് ജില്ലാസഹകരണ ബാങ്കായിരിക്കും. പ്രാഥമിക -ജില്ലാബാങ്കുകൾ തമ്മിലുള്ള ഇടപാട് കോർബാങ്കിങ്ങിലൂടെ അക്കൗണ്ട് അഡ്ജസ്റ്റ്മെന്റ് നടത്തി തീർക്കണം. എന്നാൽ ഇതൊന്നും നടപ്പിലാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 1500-ലധികം പ്രാഥമിക ബാങ്കുകളാണ് ഇനിയും കോർബാങ്കിങ് നടപ്പാക്കാനുള്ളത്. ഇവയ്ക്ക് പഴയ രീതിയിൽ വായ്പ അനുവദിക്കാനാകുമോ എന്നതിൽ സഹകരണവകുപ്പ് നിലപാടെടുത്തിട്ടില്ല. നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാണിത്. ഇതോടെ ഈ ബാങ്കുകൾക്ക് വായ്പ നൽകാൻ കഴിയുന്നില്ല.
കാർഷിക വായ്പയ്ക്ക് നബാർഡ് നൽകുന്ന പലിശയിളവ് ജില്ലാബാങ്കിൽ തുടങ്ങുന്ന അക്കൗണ്ടിലേക്കായിരിക്കും നൽകുക. അങ്ങനെയെങ്കിൽ പലിശയിളവുവഴിയുള്ള കേന്ദ്രസഹായം കർഷകർക്ക് ലഭിക്കില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 30 കോടിയിലധികം രൂപയാണ് നഷ്ടമാവുക. രണ്ടുലക്ഷത്തിനുമുകളിൽ പണമായി നൽകാനാവില്ലെന്ന വ്യവസ്ഥ, പ്രാഥമിക സഹകരണബാങ്കുകളിലെ മറ്റ് വായ്പകളുടെ വിതരണത്തെയും ബാധിക്കും. പ്രാഥമിക ബാങ്കുകൾക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. അതിനാൽ രണ്ടുലക്ഷത്തിന് മുകളിലുള്ള വായ്പാവിതരണത്തിന് മറ്റ് ബാങ്കുകളുടെ ചെക്ക് ഉപയോഗിക്കേണ്ടിവരും.
അടിയന്തരാവശ്യങ്ങൾക്കുള്ള സ്വർണപ്പണയ വായ്പയ്ക്കുപോലും രണ്ടുലക്ഷത്തിനുമുകളിൽ പണം നൽകാനാവില്ല. വായ്പയനുവദിച്ച് പണത്തിനായി മറ്റുബാങ്കുകളിലേക്ക് പറഞ്ഞയക്കുന്നത് പ്രാഥമിക ബാങ്കുകളിൽനിന്ന് ഇടപാടുകാരെ അകറ്റും. അങ്ങനെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.