കാസർഗോഡ്:  ലോകത്തിന് തന്നെ അൽഭുതമായിരുന്നു കേരളാ മോഡൽ. സ്വാശ്രയത്തിലൂന്നിയ വികസനത്തിന് കേരളം അവതരിപ്പിച്ച മാതൃകയുടെ പ്രധാന കരുത്ത് സഹകരണ പ്രസ്ഥാനങ്ങളായിരുന്നു. പാവപ്പെട്ടവർക്ക് സാമ്പത്തിക കരുത്ത് നൽകുന്ന വികസന മോഡൽ. എന്നാൽ ആഗോളവൽകരണത്തിന്റെ കാലത്ത് സ്വകാര്യ മുതലാളിമാർക്കും കുത്തകകൾക്കുമായി സഹകരണ സംവിധാനത്തെ നമ്മൾ തന്നെ തകർത്തു. ഇന്ന് പഴയ പ്രതാപം അതിന് നഷ്ടമായിരിക്കുന്നു. പുതു തലമുറയ്ക്ക് സഹകരണമെന്തെന്ന് അറിയാത്ത അവസ്ഥ.

ആർക്കും സഹകരണ പ്രസ്ഥാനത്തോട് ഇന്ന് താൽപ്പര്യമില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുഖമുദ്രമായാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇംഗ്ലണ്ടിനെ പോലുള്ള രാജ്യങ്ങൾ മുതലാളിത്തത്തോടാണ് അടുത്ത് നിൽക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളും അവിടെ സജീവമല്ല. എന്നിട്ടും സഹകരണത്തെ തുലച്ചവർ അവിടെ പഠനത്തിന് പോകുന്നു. അടിച്ചു പൊളിച്ച് തിരിച്ചുവരിക മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് സഹകരണ ജീവനക്കാരുടെ യാത്ര വിവാദത്തിലാകുന്നത്.

ലോകത്തിലെ തന്നെ സഹകരണ മാതൃകയായി അറിയപ്പെടുന്ന കേരളത്തിൽ നിന്ന് സഹകരണ പ്രസ്ഥാനത്തെ എങ്ങനെ വിജയിപ്പിക്കാമെന്ന് പഠിക്കുന്നതിന് ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെ സഹകാരികളാണ് ഇതൊന്നുമില്ലാത്ത ലണ്ടനിലേയ്ക്ക് പോകുന്നത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കിലെയും ഡറയക്ടർ ബോർഡ് അംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരും ഉൾപ്പെടെ 30 പേരാണ് കേരളത്തിൽ നിന്ന് സഹകരണമാതൃക പഠിക്കാൻ വിദേശത്ത് പോകുന്നത്.

വൈകുണ്ഠമേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് സ്‌പോൺസർ ചെയ്യുന്നത്. എന്നാൽ, ചെലവുകൾ മുഴുവനും ബാങ്കുകൾ വഹിക്കണം. 85000 രൂപയാണ് രജിസ്‌ട്രേഷൻ തുക. അതിനു പുറമെ ലണ്ടനിലേക്കും തിരികെയുമുള്ള വിമാനയാത്രയും മറ്റ് സ്വന്തം ചെലവുകളും ബാങ്കുകൾ തന്നെ വഹിക്കണം. ഒരാൾക്ക് ആറുലക്ഷം രൂപയാണ് ചെലവ്. രണ്ടുകോടിയോളം രൂപ മൊത്തം ചെലവ് വരുമെന്നാണ് പറയുന്നത്. ലണ്ടനിലെ പരിശീലന ക്യാമ്പിലെ ചെലവുകൾ അവിടെ വഹിക്കും. സംസ്ഥാനത്തെ പത്ത് ജില്ലാ ബാങ്കുൾ, സംസ്ഥാന സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ അല്ലെങ്കിൽ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ എന്നിവരാണ് ലണ്ടനിലുള്ളത്. ഓഗസ്റ്റ് 4 മുതൽ 8 വരെയാണ് ക്യാമ്പ്.

കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രശ്‌നങ്ങൾ കൊണ്ട് നിറയുമ്പോഴാണ് സഹകരണം പഠിക്കാൻ ലണ്ടനിൽ പോകുന്നത്. സഹകരണ മേഖലയെ കോർപ്പറേറ്റുകൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ സർക്കാർ പരിഷ്‌ക്കരിക്കുന്നതിനിടയിലാണ് ലണ്ടനിലെ സഹകരണത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സഹകരണ വകുപ്പ് അനുമതി നൽകിയത്. ഇംഗ്ലണ്ടിലെ സഹകരണ പ്രസ്ഥാനത്തെ കോർപ്പറേറ്റുകളോട് വിജയകരമായി ചേർത്ത് വച്ചത് എങ്ങനെയാണെന്ന് പഠിക്കാനാണ് പഠനയാത്ര എന്നാണ് ആക്ഷേപം. 

സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ 25 ശതമാനം ദേശസാൽകൃത ബാങ്കുകളിലോ സർക്കാർ ബോർഡുകളിലോ നിക്ഷേപിക്കണമെന്ന നിയമം ആർബിഐ ഇറക്കിയിരിക്കുന്നത് കോർപ്പറേറ്റുകൾക്ക് നിക്ഷേപം മറിച്ചു നൽകാനാണെന്ന് ആക്ഷേപമുണ്ട്. ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രാഥമിക സഹകരണ ബാങ്കുകളിൽ മാത്രമുള്ളത്. ഇതിനു പുറമെ കമ്പ്യൂട്ടർവത്ക്കരണം ഉപ്പെടെയുള്ള സാങ്കേതിക പദ്ധതികൾ വിപ്രോയെന്ന കോർപ്പറേറ്റിനു നൽകിക്കഴിഞ്ഞു. സഹകരണ ബാങ്ക് ഭരണ സമിതികളെ കോർപ്പറേറ്റുകളോട് സമരസപ്പെടുത്തുകെയന്നതാണ് ലണ്ടൻ യാത്രയുടെ ലക്ഷ്യമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.