- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകളായി സ്കൂളുകളും കോളേജുകളും; ടിപിആർ 40.21 ശതമാനത്തിൽ എത്തിയതും റെക്കോർഡ്; കോവിഡ് ടെസ്റ്റു നടത്താതെ വീട്ടിലിരിക്കുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാൽ കണക്കുകൾ കുതിച്ചുയരും; കോവിഡിന്റെ കൊടുമുടിയിലായ കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനും ആശങ്ക
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് ഇന്നലെയാണ്. . 1,15,357 സാംപിളുകളുടെ ഫലം വന്നപ്പോൾ 46,387 പേർ പോസിറ്റീവായി. സ്ഥിരീകരണ നിരക്കും (ടിപിആർ) റെക്കോർഡാണ് 40.21%. മുൻപു 2021 മെയ് 12നാണ് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് റിപ്പോർട്ട് ചെയ്തത്. അന്ന് 1,46,320 സാംപിളുകളുടെ ഫലം വന്നപ്പോൾ 43,529 പേരാണു പോസിറ്റീവായത്. 29.75% ആയിരുന്നു അന്നത്തെ ടിപിആർ. ഇന്നലെ സ്ഥിരീകരിച്ചവരിൽ പകുതിയിലേറെയും തിരുവനന്തപുരം (9720), എറണാകുളം (9605), കോഴിക്കോട് (4016) ജില്ലകളിലാണ്.
സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിവിട്ടു പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കോവിഡ് കുതിപ്പ്. സംസ്ഥാനത്തോ കോവിഡ് മൂന്നാം തരംഗത്തിൽ കോവിഡ് ക്ലസ്റ്ററുകളായിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.സുകളുകളും കോളേജുകളും കോവിഡ് ക്ലസ്റ്ററുകളായി. എന്തിനേറെ സെക്രട്ടറിയേറ്റ് പോലും കോവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്. മിക്ക മന്ത്രിമാരുടെ ഓഫീസും പ്രവർത്തന രഹിതമാണ്.
സംസ്ഥാനത്ത് 10 ദിവസത്തിനിടെ ആശുപത്രിയിലെ രോഗികൾ 41 ശതമാനവും ഓക്‌സിജൻ ആവശ്യമുള്ള രോഗികൾ 30 ശതമാനവും വർധിച്ചു. ഐസിയു രോഗികൾ 21 % ഉം ഉയർന്നു . ഇപ്പോൾ വ്യാപിക്കുന്ന വകഭേദം ഏതാണെങ്കിലും എല്ലാവർക്കുമത് വെറും ജലദോഷപ്പനിയായി അവസാനിക്കുന്നില്ലെന്ന് ചുരുക്കം.
അതേസമയം വലിയൊരു വിഭാഗം ആശ്രയിക്കുന്നത് വീട്ടിൽവച്ച് ഉപയോഗിക്കാവുന്ന ടെസ്‌ററ് കിററുകളാണ്. ഇവ ഔദ്യോഗിക കണക്കിൽ വരില്ല. ഇവരുടെ എണ്ണം കൂടിയാകുമ്പോൾ രോഗവ്യാപനത്തിന്റെ തോത് പതിന്മടങ്ങ് ഉയരാനിടയുണ്ട്. ക്‌ളസ്റ്ററുകളിൽ ഭൂരിഭാഗവും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നതാണ് ഉചിതമെന്ന് മുമ്പുതന്നെ ആരോഗ്യവകുപ്പ് ശുപാർശ നല്കിയിരുന്നെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ ആശങ്കയാണ് രക്ഷിതാക്കൾക്ക് സൃഷ്ടിക്കുന്നത്.
കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാറും രംഗത്തുവന്നു തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര സംഘത്തെ അയച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയിലുള്ള രോഗികൾ ഏറ്റവുമധികവും ഈ സംസ്ഥാനങ്ങളിൽ തന്നെയാണ്. മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, യുപി, ഗുജറാത്ത്, ഒഡീഷ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും മുൻ തരംഗങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ പ്രയോജനപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. വിപുലമായ രീതിയിലുള്ള വാക്സിനേഷൻ വഴി മരണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്സിനേഷൻ വഴി സാധിച്ചതായി ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം ഏപ്രിൽ 30ന് 3,86,452 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെൽറ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ മൂന്ന് ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവർ ഏപ്രിൽ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ