തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളത്. മെയ്‌ 4 മുതൽ 9 വരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും. ടിവി സീരിയൽ ഷൂട്ടിങ് നിർത്തിവയ്ക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിലെ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിച്ചേ കച്ചവടം നടത്താവൂ. രണ്ട് മാസ്‌കും കൈയുറയും ഇവർ ധരിക്കണം.ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സഹായം തേടാം.

വീട്ടു സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കച്ചവടക്കാർ മുൻഗണന നൽകണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പിൽ നൽകിയാൽ എത്തിക്കാൻ ഡെലിവറി സംവിധാനം ഒരുക്കണം.

സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത പരിപാടികൾ മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ബാങ്കുകൾ 2 മണിക്ക് ശേഷവും പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ജീവനക്കാർക്ക് ടാർഗറ്റ് നിശ്ചയിച്ചു കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓക്സിജൻ പാർലറുകൾ സ്ഥാപിക്കും. പ്രാദേശിക തലത്തിലും ഓക്സിജൻ പാർലറുകൾ സ്ഥാപിക്കുന്നതാണ്. ജനിതക വ്യതിയാനം വന്ന വൈറസ് മൂലം അടുത്ത സമ്പർക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം അവരവരുടെ വീടുകളിലിരുന്ന് അവ കാണണമെന്നും കൂട്ടം കൂടി രോഗസാദ്ധ്യത വർദ്ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആദ്യ കോവിഡ് തരംഗത്തിൽ 75 ശതമാനം മരണവും 60 വയസിന് മുകളിലുള്ളവർക്കായിരുന്നു. 45 വയസിന് മുകളിലുള്ളവരാണ് 90 ശതമാനത്തിന് മുകളിലുമുള്ളത്.

മരണനിരക്ക് കുറയ്ക്കാൻ വാക്സിനേഷനിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ വേണ്ട എന്ന് പറയുന്നത് സമൂഹത്തിന്റെ പൗരബോധത്തിലെ വിശ്വാസം കൊണ്ടാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീതി കൂടാതെ മഹാമാരിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനോട് ജനങ്ങൾ പൂർണമായും സഹകരിക്കണം.