തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ കുതിപ്പിൽ കുറവ് വരാത്ത പശ്ചാത്തലത്തിൽ നിലവിലെ നിയന്ത്രണത്തിന് പുറമെ കോവിഡ് വ്യാപനം ഉള്ള ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാം തീയതി മുതൽ കൂടുതൽ കർക്കശമായി നിയന്ത്രണങ്ങളിലേക്കാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യസർവീസിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ഹോട്ടൽ, റെസ്റ്റോറന്റ് ഇവയിൽ നിന്ന് പാഴ്സൽ മാത്രമെ നൽകാൻ പാടുള്ളു. ഹോം ഡെലിവറിമാത്രമെ അനുവദിക്കുകയുള്ളു. ഇവരുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുന്നതും ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയർപോർട്ട്, റെയിൽവെ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ഓക്സിജൻ, ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കൾ തടസമില്ലാതെ അനുവദിക്കും. ബാങ്കുകൾ കഴിയുന്നതും ഓൺലൈൻ ഇടപാട് നടത്തണം. ആൾക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസമില്ല. റേഷൻ സിവിൽ സപ്ലൈസ് ഓഫീസുകൾ തുറക്കും. ഇതിന്റെ വിശദാംശങ്ങൾ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

''സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും പാഴ്‌സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുന്നത് ആലോചിച്ചിട്ടുണ്ട്.''- മുഖ്യമന്ത്രി പറഞ്ഞു.

''സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്‌സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു