- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ ഒരാഴ്ച കൂടി; നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും; നാല് ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മെയ് 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ; ഇന്ന് 34,696 പേർക്ക് കൂടി കോവിഡ്; 93 മരണങ്ങൾ കൂടി എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയാണ്് തീരുമാനം പ്രഖ്യാപിച്ചത്. മെയ് 23 വരെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.നാല് ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മെയ് 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും.
മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്തത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് ആവശ്യം ഉയർന്നത്.
പതിനഞ്ചാം തീയതി വരെയാണ് നിലവിലെ ലോക്ക്ഡൗൺ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ ലോക്ക്ഡൗണിന്റെ ഫലം പ്രതിഫലിക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.
ലോക്ക്ഡൗൺ നീട്ടുന്നത് ദിവസക്കൂലിക്കാരെയും മറ്റും വല്ലാതെ ബാധിക്കുന്നുണ്ടെന്ന കാര്യം സർക്കാരിനു മുന്നിലുണ്ടായിരുന്നു. കടുത്ത രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി മറ്റിടങ്ങളിൽ മിനി ലോക്ക്ഡൗണിലേക്കു പോവണമെന്ന നിർദ്ദേശവും സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ ഏതാനും ദിവസം കൂടി സമ്പൂർണമായ അടച്ചിടൽ വേണമെന്നും അതിനു ശേഷം ഇക്കാര്യം പരിഗണിക്കുന്നതാവും നല്ലതെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം.
കേരളത്തിൽ ഇന്ന് 34,694 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂർ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസർഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 125 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 258 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 4346, മലപ്പുറം 3775, എറണാകുളം 3739, തൃശൂർ 3148, കൊല്ലം 2978, പാലക്കാട് 1578, കോഴിക്കോട് 2693, കണ്ണൂർ 2014, ആലപ്പുഴ 2145, കോട്ടയം 1901, ഇടുക്കി 1245, പത്തനംതിട്ട 1163, കാസർഗോഡ് 1060, വയനാട് 463 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
112 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, പാലക്കാട് 20, വയനാട് 13, കാസർഗോഡ് 12, തിരുവനന്തപുരം 11, എറണാകുളം 8, കൊല്ലം 6, തൃശൂർ 4, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2802, കൊല്ലം 2634, പത്തനംതിട്ട 117, ആലപ്പുഴ 3054, കോട്ടയം 2174, ഇടുക്കി 836, എറണാകുളം 3341, തൃശൂർ 2679, പാലക്കാട് 2924, മലപ്പുറം 3981, കോഴിക്കോട് 3912, വയനാട് 644, കണ്ണൂർ 1490, കാസർഗോഡ് 731 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,42,194 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,36,790 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,14,454 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9,77,257 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 37,197 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4018 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 844 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ