തിരുവനന്തപുരം: ശനിയാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കാൻ കോവിഡ് അവലോകനയോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമാക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണവും മാറും. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏർപ്പെടുത്തുക.

കടകളുടെ പ്രവൃത്തിസമയം ദീർഘിപ്പിക്കാനും തീരുമാനമുണ്ട്. ഇളവുകൾ നാളെ ആരോഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും. ചട്ടം 300 പ്രകാരമാണ് പ്രസ്താവന നടത്തുക.

തമിഴ്‌നാട് യാത്രയ്ക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

കേരളത്തിൽനിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ വ്യാഴാഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. അതേസമയം, കോവിഡ് വാക്‌സീൻ രണ്ടു ഡോസും എടുത്ത് 14 ദിവസം പൂർത്തിയായവർക്ക് ഇളവുണ്ട്. ഈ വിഭാഗത്തിലുള്ളവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.

വിമാന യാത്രക്കാർക്കും നിബന്ധന ബാധകമാണ്. വിമാനത്താളവത്തിലെത്തുമ്പോൾ ശരീര താപനില പരിശോധിക്കും. ഉയർന്ന താപനിലയുള്ളവരെ റാപ്പിഡ് ആർടിപിസിആർ പരിശോധനയ്ക്കു വിധേയരാക്കും. 13 മിനിട്ടിനുള്ളിൽ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനം ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കമുള്ള വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

റോഡ് മാർഗം വരുന്നവരെ അതിർത്തിയിൽ വാഹനം തടഞ്ഞു പരിശോധിക്കും. സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ കടത്തിവിടൂ. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ മാത്രം 13 ഇടങ്ങളിലാണു കേരളത്തിൽ നിന്നുള്ളവരെ പരിശോധിക്കുക.