തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലർ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാർക്ക് കൃത്യമായ കൗൺസിലിങ് ആവശ്യമാണ്. അതിനാൽ സ്‌കൂളുകളിലും കോളേജുകളിലും കൗൺസിലർമാർ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

18 വയസ്സ് തികയാത്തതിനാൽ കോവിഡ് വാക്സിൻ എടുക്കാൻ പറ്റാത്ത ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വാക്സിനേഷൻ നിബന്ധനയിൽ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്സിൻ എടുത്ത വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ കോളേജുകളിൽ ക്ലാസിൽ വരാൻ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ സമയമാകാത്ത വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കും. വാക്സിൻ എടുക്കാൻ വിമുഖതകാട്ടുന്ന അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്സും ഉറപ്പാക്കും.
സ്‌കൂൾ തുറക്കുന്നതിന്റെ ആദ്യഘട്ടത്തിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾക്ക് പ്രത്യേക അനുമതി വാങ്ങണം. സംസ്ഥാന സർക്കാരിന്റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബർ 25 മുതൽ തുറന്നു പ്രവർത്തിക്കും. സംസ്ഥാനതലത്തിൽ നെഹ്റു ഹോക്കി സെലക്ഷൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകും.

കർണ്ണാടകയിൽ ചികിത്സതേടി മരണപ്പെട്ട കാസർകോട്ടുകാർക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നത്തിൽ കർണ്ണാടക ചീഫ് സെക്രട്ടറിയുമായി ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മഴ കനത്തതിനെത്തുടർന്ന് സംസ്ഥാനത്ത് 48 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.