കൊച്ചി: 1800 425 1125 -ഇത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പറാണ്. ഭക്ഷ്യവസ്തുക്കളിൽ മായമോ മറ്റോ ഉണ്ടെന്നു കണ്ടാൽ വിളിച്ചു പറഞ്ഞ് പരാതി രജിസ്റ്റർ ചെയ്യേണ്ട നമ്പർ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിലും സംസ്ഥാനത്തെ ഹോട്ടൽ, ബേക്കറി എന്നിവയുടെ മുന്നിലുമൊക്കെ ഈ നമ്പറുണ്ട്.

എന്നാൽ പരാതി കേട്ടിട്ടും നടപടികൾ സ്വീകരിക്കാൻ കഴിയാതെയായതോടെ ഈ നമ്പറിൽ വിളിച്ചാൽ ഇപ്പോൾ ആരെയും ലഭിക്കില്ല. നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമല്ല എന്ന് മറുപടി ലഭിക്കും. അതു പോലെ തന്നെയാണ് ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിലെ മറ്റു കാര്യങ്ങളും. പച്ചക്കറിയിലും, പാലിലും, മാംസത്തിലും, എന്നു വേണ്ട ഹോട്ടൽ ഭക്ഷണത്തിലും, പായ്്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിലുമൊക്കെ ശരീരത്തിന് ഹാനികരമായ വിഷാംശങ്ങളോ, കീടനാശിനികളോ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നു കൊണ്ടിരിക്കെ ഇതറിയാത്തത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് മാത്രമാണ്.

സംസ്ഥാനത്തെ മൂന്നു കോടി 33 ലക്ഷത്തോളം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആകെയുള്ളത് വെറും 45 ഫുഡ് സേഫ്റ്റി ഓഫീസർമാർ. അതായത് ഒരു ഉദ്യോഗസ്ഥന് ഏകദേശം എട്ടു ലക്ഷത്തോളം പേരുടെ ചുമതല. ഓരോ അസംബ്ലി മണ്ഡലത്തിലും ഒരു ഉദ്യോഗസ്ഥൻ എന്ന നിയമം സർക്കാർ അട്ടിമറിച്ചതിലൂടെ കുത്തക കമ്പനികളും മറ്റും വിളമ്പുന്ന വിഷം കഴിക്കേണ്ട അവസ്ഥയിലാണ് ജനം.

ഓരോ നിയോജകമണ്ഡലത്തിലും ഒരു ഫുഡ് സേഫ്റ്റി ഓഫീസർ ഇരുപതുവർഷം മുമ്പ് സർക്കാർ തീരുമാനിച്ചതാണെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. 140 ഫുഡ് സേഫ്റ്റി ഓഫീസർമാർ സംസ്ഥാനത്ത് വേണമെന്ന് തീരുമാനിച്ചത് 20 വർഷം മുമ്പാണെങ്കിൽ ഇപ്പോൾ ഇതിന്റെ രണ്ടിരട്ടി ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും മതിയാവാത്ത നിലയാണ്. എന്നാൽ 20 വർഷം മുമ്പ് തീരുമാനിച്ച 140 പേരെ ഇതുവരെ നിയമിച്ചിട്ടില്ല.

ജില്ലാ ആസ്ഥാനങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്തു ചിലയിടങ്ങളിൽ മാത്രമേ ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നുള്ളു. മുഴുവൻ പേരേയും നിയമിക്കുകയാണെങ്കിൽ തന്നെ പുതിയ ഓഫീസുകൾ സ്ഥാപിക്കേണ്ടി വരും. അതേസമയം മൂന്നുവർഷം മുമ്പു മുതൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിൽ നിയമനങ്ങൾ നടന്നിട്ടില്ല. റിട്ടയർ ചെയ്തു പോയ ഒഴിവുകൾ നികത്താതെ കിടന്നതു മൂലം നിയോജകമണ്ഡലങ്ങളിൽ ഒരാൾ എന്നതു പോയിട്ട് ജില്ലയിൽ പോലും ആളില്ലാത്ത നിലയിലായി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ഭക്ഷ്യവസ്തുക്കൾ കടന്നു വരുന്ന പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസം വരെ ഒരാൾ മാത്രമാണ് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉണ്ടായിരുന്നത്. ഈയാഴ്‌ച്ചയാണ് തൃശൂർ ജില്ലയിൽനിന്ന് രണ്ടു പേർ ട്രാൻസ്ഫറായി വന്നത്. ഇപ്പോൾ ആകെ മൂന്നു പേർ.

സർക്കാർ കണക്കിൽത്തന്നെ ഒമ്പതുപേർ കുറവ്. വാളയാർ ഉൾപ്പെടെ അരഡസനോളം അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളുള്ള പാലക്കാട് ജില്ലയിലൂടെ നിത്യേന ടൺകണക്കിന് ഭക്ഷ്യവസ്തുക്കളാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ പേരിനു പോലും ഇതിന്റെയൊന്നും പരിശോധന നടക്കുന്നില്ല. സാധാരണ ഗതിയിൽ നടക്കേണ്ട ഭക്ഷ്യവസ്തുപരിശോധനകൾ, ഗുണനിലവാര പരിശോധനകൾ ഒന്നും നടക്കുന്നില്ല. കാസർകോഡ് ജില്ലയിൽ രണ്ടു പേരാണുള്ളത്. എറണാകുളം ഉൾപ്പടെയുള്ള മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.

നിലവിലുള്ള ഉദ്യോഗസ്ഥർക്കു മുമ്പ് പിടിച്ച കേസുകളിൽ കോടതികളിൽ ഹാജരാവാനും മറ്റും അവർ ജോലി ചെയ്ത ജില്ലകളിലേക്ക് പോകേണ്ടി വരുമ്പോൾ ജോലികൾ പൂർണമായി സ്തംഭിക്കുന്ന അവസ്ഥയുണ്ട്. ആളില്ലാ പരാതി വർദ്ധിച്ചതോടെ പി.എസ്.സി. ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർമാരുടെ 86 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇവർ നിയമിതരാകാൻ വർഷങ്ങൾ തന്നെ എടുത്തേക്കും. ഈ ഒഴിവുകൾ നികത്തിയാലും പിന്നേയും നികത്തപ്പെടാതെ കുറെ ഒഴിവുകൾ കിടക്കും. പരാതികൾ വന്നാൽ മാത്രം പരിശോധന, പരിശോധന നടത്താൻ തന്നെ വേണ്ടത്ര സംവിധാനമില്ലാത്ത മൂന്നു ലാബുകൾ, പരിശോധനക്ക് അയച്ച സാമ്പിളിന്റെ റിസൽറ്റ് കിട്ടാനുള്ള കാത്തിരിപ്പ്, കേസെടുക്കാതിരിക്കാൻ പറ്റുമോയെന്ന് നിയമത്തിന്റെ നൂലിഴ കീറി പരിശോധിക്കൽ.... ഇങ്ങനെയൊക്കെയാണ് സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാപാഠങ്ങൾ.