- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വരെ വായ്പ; കെഎഫ്സി, കെഎസ്എഫ്ഇ വായ്പ പലിശയ്ക്ക് ഇളവ്; 5650 കോടിയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ; 2000 കോടിയുടെ വായ്പകൾക്ക് ഇളവ് ലഭിക്കും; ഓണക്കിറ്റ് വിതരണം നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ ഇളവുകളുമായി സംസ്ഥാന സർക്കാർ. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സർക്കാർ വഹിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വരെ വായ്പ സെപ്റ്റംബർ വരെ. 5650 കോടിയുടെ ആനുകൂല്യമാണ് സർക്കാർ പ്രഖ്യാപിച്ചത്.
കെഎഫ്സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കി. വ്യാപാരികൾക്കും സർക്കാർ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷം വരെയുള്ള വായ്പകൾക്ക് പലിശയുടെ നാലു ശതമാനം സർക്കാർ വഹിക്കും. ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ആറു മാസത്തേക്കാണ് ഇളവ്. 2000 കോടിയുടെ വായ്പകൾക്ക് ഇളവ് ലഭിക്കും. സർക്കാരിന്റെ കടമുറികൾക്ക് ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെ വാടക ഒഴിവാക്കി. സ്വകാര്യ കട ഉടമകളും ഈ സാഹചര്യത്തിൽ ഉദാര സമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു.
ഓണക്കിറ്റ് വിതരണം നാളെ മുതൽ
ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്സിഡി, മുൻഗണനേതര നോൺ സബ്സിഡി ക്രമത്തിൽ 16 വരെയാണ് വിതരണം. പതിനാറ് ഇനം സാധനം കിറ്റിലുണ്ടാകും.
ഒരു കിലോ പഞ്ചസാര, അരക്കിലോവീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാംവീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്ക്കറ്റ് (20 ഗ്രാം) ഏലയ്ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്.
മറുനാടന് മലയാളി ബ്യൂറോ