ആലപ്പുഴ: കെ റെയിൽ വിഷയത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം കനക്കുമ്പോഴും സർക്കാർ അനുകൂല നിലപാടുമായി രംഗത്തുവന്നവരിൽ പ്രമുഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. ഈ പുകഴ്‌ത്തലിലൂടെ വെള്ളാപ്പള്ളി ലക്ഷ്യം വെച്ചത് എസ്എൻഡിപി യോഗം കൈവിട്ടു പോകാതിരിക്കുക എന്നതായിരുന്നു. ഇതിന് സർക്കാർ സഹായം ലഭിക്കുക എന്ന വെള്ളാപ്പള്ളിയുടെ ലക്ഷ്യത്തിന് ഒടുവിൽ സർക്കാർ വഴങ്ങുകയാണ്.

ഹൈക്കോടതി വിധി മറികടക്കാൻ എസ്എൻഡിപിക്ക് അനുകൂലമായ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ് സർക്കാർ. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷയിലാണ് കമ്പനി നിയമത്തിൽ ഇളവ് നൽകാനുള്ള തിരക്കിട്ട നീക്കം. അതേസമയം, എസ്എൻഡിപി യോഗം റിസീവർ ഭരണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിമതവിഭാഗം.

എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ഹൈക്കോടതി റദ്ദാക്കിയത് വെള്ളാപ്പള്ളി നടേശനും കൂട്ടർക്കും കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. കമ്പനി നിയമത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഇളവ് ഉപയോഗിച്ചായിരുന്നു 200 പേർക്ക് ഒരു വോട്ട് എന്ന രീതി തുടർന്ന് വന്നത്. ഇത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചതോടെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നീണ്ടുപോവുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്, നോൺ ട്രേഡിങ് കമ്പനികൾക്ക് വേണ്ടി പ്രത്യേക നിയമനിർമ്മാണം നടത്താമെന്ന് കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ പഴുത് ഉപയോഗിച്ച് വിധി മറികടക്കാൻ വെള്ളാപ്പള്ളി സംസ്ഥാന സർക്കാരിൽ സമ്മർദ്ദം തുടങ്ങി.

ഇതിന് പിന്നാലെയാണ് കരട് നിയമം വേഗത്തിൽ തയ്യാറാക്കാൻ അഡീഷണഷൽ ചീഫ് സെക്രട്ടറി രജിസ്‌ട്രേഷൻ വകുപ്പിന് നിർദ്ദേശം നൽകിയത്. അതേസമയം, സർക്കാർ നടപടി നിയമവിരുദ്ധമെന്ന് എസ്എൻഡിപി വിമത വിഭാഗം ചൂണ്ടിക്കാട്ടുന്നു. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഇളവ് വാങ്ങി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് പ്രതീക്ഷയിലാണ് ഒദ്യോഗിക വിഭാഗം.

അടുത്തിടെ മറ്റു മാനേജ്‌മെന്റുകളും തയ്യാറെങ്കിൽ എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പിഎസ്‌സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ കുറവുള്ള സമുദായങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്നു. ഇവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നത് സർക്കാരുമാണ്. എന്തു ജനാധിപത്യമാണിത്. കേരളത്തിൽ മാത്രമാണിത്. സംവരണം പോലും ഇവിടെ അട്ടിമറിക്കുന്നു വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ ജനസംഖ്യയിൽ ചില വിഭാഗങ്ങൾ വളർച്ച നേടിയപ്പോൾ 33 ശതമാനമുണ്ടായിരുന്ന ഈഴവ സമൂദായം 25 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പള്ളി ലക്ഷ്യം വെച്ചത് സർക്കാറിന് അനുകൂലമായി നില്ക്കുക എന്നതായിരുന്നു.