കല്പറ്റ: വയനാട്ടിൽ സർക്കാർ സ്വന്തം മെഡിക്കൽ കോളജ് സ്ഥാപിക്കാനൊരുങ്ങുന്നത് സ്വകാര്യ മെഡിക്കൽ കോളേജായ ഡി.എം. വിംസ് ഏറ്റെടുക്കാനുള്ള ഡോക്ടർ ആസാദ് മൂപ്പന്റെ നിർദ്ദേശം തള്ളി. വിംസ് മെഡിക്കൽ കോളേജ് കൈമാറാനുള്ള സന്നദ്ധത ആസാദ് മൂപ്പൻ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ ചന്ദ്രപ്രഭാ ചാരിറ്റബിൾ 50 ഏക്കർ ഭൂമി വിട്ടുനൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിക്കുകയായിരുന്നു.

സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നിർദ്ദേശം പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണൽ റിസർച്ച് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. ചേലോട് എസ്‌റ്റേറ്റിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാനും ആലോചനയുണ്ടായിരുന്നു.

ആരോഗ്യ മേഖലയിൽ കേരളം അതിവേഗം കുതിക്കുമ്പോഴും വയനാട്ടിലെ ആദിവാസികൾക്കും സാധാരണക്കാർക്കും വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ ചുരമിറങ്ങി കോഴിക്കോട്ടെത്തണം. ചുരം താണ്ടി 100 കിലോമീറ്ററോളം സഞ്ചരിച്ച് ചികിൽസ തേടുക എന്നത് വയനാട്ടുകാർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തീരെ നിവൃത്തിയില്ലാതെ വരുമ്പോ‍ൾ മാത്രമാണ് പലരും അതിനു മുതിരുന്നത്.

രോഗികളുടെ ഈ ദുരിതയാത്ര അവസാനിപ്പിക്കാൻ വയനാടിന് ഒരു മെഡിക്കൽ കോളജ് എന്ന ആവശ്യമുയർന്നിട്ട് ഏറെക്കാലമായി. ഒടുവിൽ, ദീർഘനാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ശേഷം സംസ്ഥാന സർക്കാർ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചു. 2012ൽ അതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചെങ്കിലും ഏഴു വർഷത്തിനു ശേഷവും മെഡിക്കൽ കോളജിനായി കണ്ടെത്തിയ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പ്രഖ്യാപനം 2012ൽ നടന്നെങ്കിലും മെഡിക്കൽ കോളജിന് തറക്കല്ലിട്ടത് മൂന്നുവർഷത്തിനു ശേഷം 2015 ൽ. എന്നാൽ ആ കല്ലിനു മേൽ വേറൊരു കല്ലുകൂടി ഇതുവരെ എടുത്തുവയ്ക്കാനായില്ല.