കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുൻപ് തുടരന്വേഷണം ആരംഭിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെയാണ് തുടരന്വേഷണം തുടങ്ങിയത്. അന്വേഷണത്തിലെ പാളിച്ചകൾ മറയ്ക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോവുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു. കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനും കൂട്ട് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഢാലോചനക്കുറ്റം നിലനിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ദിലീപിനടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.

അന്വേഷണം സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ ഗൂഢാലോചന സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഫോണുകൾ കൈമാറാതിരുന്നത് നിസഹകരണമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. പ്രതികളുടെ കൈവശമുള്ള ഫോണുകൾ കൈമാറിയതായി കോടതി വിലയിരുത്തി.

ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദവും ഹൈക്കോടതി തള്ളി. ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ല. ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിവസം കേസ് നടന്നത് വിചാരണക്കോടതിയിലല്ല. അങ്കമാലിക്കോടതിയിലാണ് കേസ് നടന്നത്. പ്രേരണാക്കുറ്റം നിലനിൽക്കില്ല. പ്രേരണയിൽ കൃത്യം ചെയ്തുവെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വിധിപ്പകർപ്പിൽ പറയുന്നു.



ജാമ്യം ലഭിച്ചാൽ പ്രതികൾ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്ക കോടതി പരിഗണിച്ചു. അത്തരം നടപടികളുണ്ടായാൽ പ്രതികളുടെ അറസ്റ്റ് ആവശ്യവുമായി കോടതിയെ സമീപിക്കാം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മുൻകൂർ ജാമ്യാപേക്ഷയുടെ ഉപാധിയിലുണ്ട്. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോടതികൾക്കെതിരായ വിമർശനങ്ങൾക്കെതിരായ പരാമർശങ്ങളും ജസ്റ്റിസ് ഗോപിനാഥിന്റെ ഉത്തരവിലുണ്ട്. പാതിവെന്ത വസ്തുതകളും അപൂർണ വിവരങ്ങളുമായി കോടതികളെ വിമർശിക്കുന്നത് അംഗീകരിക്കാനാകില്ല. നിതീന്യായസംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെയെന്ന അജ്ഞതയാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നും ജസ്റ്റിസ് ഗോപിനാഥ് ചൂണ്ടിക്കാട്ടി.

ജാ്മ്യ വ്യവസ്ഥകൾ

അഞ്ചു വ്യവസ്ഥകളിലാണ് ദിലീപിനും കൂട്ടാളികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയിൽ വ്യക്തമാക്കി.

പ്രതികൾ പാസ്പോർട്ട് കോടതിയിൽ നൽകണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകൾ. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയിൽ പറയുന്നു.

ദിലീപിനും കൂട്ടാളികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷൻ. അന്വേഷണവുമായി മുന്നോട്ടുപോവാൻ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടും.

ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.