കൊച്ചി: ഹൈക്കോടതിയിലെ എസ്‌കലേറ്റർ നിർമ്മാണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് ഹൈക്കോടതിക്ക് മുമ്പിൽ സ്വാതന്ത്ര്യദിവസമായ ഓഗസ്റ്റ് 15ന് സത്യാഗ്രഹം ഇറിക്കുമെന്ന് പ്രഖ്യാപിച്ച പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺസൺ മനയാനിയുടെ നടപടിക്ക് ഫലമുണ്ടായി. അഭിഭാഷകർക്കായി നിർമ്മിക്കുന്ന എസ്‌കലേറ്ററിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് രേഖാമൂലം ഹൈക്കോടതി രജിസ്ട്രാർ കത്തു നൽകിയതോടെ സമരത്തിൽ നിന്നും പിന്മാറുകയാണെന്ന് ജോൺസൺ മനയാനി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹൈക്കോടതി രജിസ്ട്രാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ താൻ സമര രംഗത്തു നിന്നും പിന്മാറുകയാണെന്നും അഡ്വ. ജോൺസൺ മനയാനി പറഞ്ഞു. എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കാമെന്ന് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി അറിയിച്ചതായി കാണിച്ചാണ് ഹൈക്കോടതി രജിസ്ട്രാർ മനയാനിക്ക് കത്തു നൽകിയത്.

ജഡ്ജിമാരും അഭിഭാഷകരും ഉപയോഗിക്കുന്ന ഹൈക്കോടതിയിലെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കുന്നത് പതിവായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിയവരിൽ ജഡ്ജിമാരും അഭിഭാഷകരും അടക്കം നിരവധി പേർ. ഒടുവിൽ ഗതികെട്ടപ്പോഴാണ് ഹൈക്കോടതിയി 35 വർഷമായി പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ അഡ്വ. ജോൺസൺ മനയാനി മന്ത്രിമാർക്കും മറ്റും നിരന്തരം പരാതി നൽകിയത്. ഒടുവിൽ അഭിഭാഷകർക്കായി പുതിയ എസ്‌കലേറ്റർ നിർമ്മിക്കാൻ സർക്കാർ തീരുമാനമെടുത്തു. ടെണ്ടർ നൽകി എക്‌സലേറ്റർ നിർമ്മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു.

2014ൽ തുടങ്ങിയ നിർമ്മാണം ഇനിയും പൂർത്തിയായില്ല. വക്കീലന്മാർ കോടതിയുടെ കോണിപ്പടികയറി നടുവേദന പിടിക്കുകയും ചെയ്തു. എന്നാൽ, നിർമ്മാണം പിന്നെയും നീണ്ടുപോകുന്നതിൽ ഗതികെട്ട് അഡ്വക്കേറ്റ് ജോൺസൻ മനയാനി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയില്ലെങ്കിൽ ഈവരുന്ന ഓഗസ്റ്റ് 15ന് സത്യാഗ്രഹ സമരം നയിക്കാൻ ഒരുങ്ങുകയാണ് അറിയിച്ച് കേരളാ മുഖ്യമന്ത്രിക്കും നിയമന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ ഹൈക്കോടതി രജിസ്ട്രാർ, അഡ്വക്കേറ്റ് ജനറൽ, തുടങ്ങിയവർക്കും അദ്ദേഹം പരാതി നൽകി.

ഇതോടാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് രജിസ്ട്രാൽ കത്തു നൽകിയത്.