- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടക്കുന്നത് രാഷ്ട്രീയ കോലാഹലങ്ങൾ മാത്രം; നാഥനില്ലാ കളരിയായി സെക്രട്ടറിയേറ്റ്; റവന്യൂ കമ്മി 22000 കോടിയായത് ആരും മൈൻഡ് പോലും ചെയ്യുന്നില്ല; കടമെടുത്ത് മുടിയുമ്പോൾ നിർമ്മാണ പ്രവർത്തനവും മുടങ്ങും; അഴിമതിപ്പേടിയിൽ തിരൂമാനമെടുക്കാൻ മടിച്ച് ഐഎഎസുകാരും; കേരളം നീങ്ങുന്നത് എങ്ങോട്ട്?
തിരുവനന്തപുരം: സാമ്പത്തികത്തകർച്ച, അഴിമതി, കെടുകാര്യസ്ഥത, അച്ചടക്കരാഹിത്യം ഇവയെല്ലാം ഒന്നിച്ചുചേർന്നപ്പോൾ യുഡിഎഫ് സർക്കാർ സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുന്നു. ബാർ കോഴയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് മാത്രമാണ് സർക്കാരിന്റെ ചിന്ത. നൂൽപ്പാലത്തിലൂടെ നീങ്ങി എങ്ങനേയും അഞ്ചു കൊല്ലം പൂർത്തിയാക്കാനുള്ള തത്രപാടിൽ മാത്രമാണ് കോൺഗ്രസ
തിരുവനന്തപുരം: സാമ്പത്തികത്തകർച്ച, അഴിമതി, കെടുകാര്യസ്ഥത, അച്ചടക്കരാഹിത്യം ഇവയെല്ലാം ഒന്നിച്ചുചേർന്നപ്പോൾ യുഡിഎഫ് സർക്കാർ സമ്പൂർണ തകർച്ചയിലേക്ക് നീങ്ങുന്നു. ബാർ കോഴയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് മാത്രമാണ് സർക്കാരിന്റെ ചിന്ത. നൂൽപ്പാലത്തിലൂടെ നീങ്ങി എങ്ങനേയും അഞ്ചു കൊല്ലം പൂർത്തിയാക്കാനുള്ള തത്രപാടിൽ മാത്രമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ. ഇമേജുയർത്തലുകൾക്കപ്പുറം ഒന്നും മന്ത്രിമാർ ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ ബാക്കിപത്രമാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയും.
ഒരു ഭരണകൂടം എങ്ങനെ അരാജകത്വത്തിലേക്ക് വീഴുമെന്ന് കേരളത്തിലെ യുഡിഎഫ് സർക്കാർ ഇപ്പോൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രം എടുത്തു പരിശോധിച്ചാൽ എല്ലാ കോൺഗ്രസ് സർക്കാരുകളുടെയും അവസ്ഥ ഇങ്ങനെയായിരുന്നുവെന്ന് കാണാൻ കഴിയും. കോൺഗ്രസ് ഘടകകക്ഷിയായിരുന്ന സി അച്യുതമേനോൻ നേതൃത്വം നൽകിയ മന്ത്രിസഭ മാത്രമായിരുന്നു അതിന് അപവാദമായിട്ടുണ്ടായിരുന്നത്. ആ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്ന നേട്ടങ്ങളുടെ ക്രെഡിറ്റ് അച്യുതമേനോന് മാത്രമുള്ളതാണെന്ന് നിഷ്പക്ഷമതികൾ സമ്മതിക്കും. മറ്റുള്ള അവസരങ്ങളിലെല്ലാം കോൺഗ്രസ് മന്ത്രിസഭകൾക്ക് കാടിളക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ അതാണിപ്പോഴും നടക്കുന്നത്.
സാമ്പത്തികത്തകർച്ചയുടെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ് ഈ സർക്കാർ. 2010-2011 ൽ ഈ സർക്കാർ അധികാരം ഏൽക്കുമ്പോൾ 3,670 കോടി റവന്യൂ കമ്മിയായിരുന്നത് നാലു വർഷംകൊണ്ട് 22,000 കോടിയായി വർദ്ധിച്ചു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മാർച്ച് അവസാനത്തിലെ ചെലവുകൾ 2,000 കോടി രൂപയായി പരിമിതപ്പെടുത്തേണ്ടി വന്നു.സാധാരണ ഇതു എണ്ണായിരം കോടിക്കു മുകളിലായിരുന്നു. അങ്ങനെ 8,000 കോടി രൂപയുടെ ബാധ്യത അടുത്ത സാമ്പത്തിക വർഷത്തിലേക്ക് വരും. ഇതൊരു അസാധാരണ സംഭവമാണ്. ഇനി സർക്കാരിന് ഈ സാമ്പത്തിക വർഷം കടമെടുക്കാൻ കഴിയില്ല. ഫെബ്രുവരി മാസത്തോടുകൂടി അതിന്റെ പരിധിയും കഴിഞ്ഞു.
ജിഒപി നമ്പർ 48/15 എന്ന ഇഎൽഎഎംഎസ് (ഇലക്‌ട്രോണിക് ലെഡ്ജർ അക്കൗണ്ട് മാനേജ്‌മെന്റ് സിസ്റ്റം) എന്ന വിചിത്രമായ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. ഈ ഉത്തരവുപ്രകാരം പദ്ധതിവിഹിതത്തിന്റെ പകുതിമാത്രം ഇപ്പോൾ നൽകുന്നതായും ബാക്കിതുക അക്കൗണ്ടിൽ ഉള്ളതായി സങ്കൽപ്പിച്ച് പ്രവർത്തനം നടത്തണമെന്നാണ് മാണിയുടെ പുതിയ ധനകാര്യ മാനേജ്‌മെന്റ് പറയുന്നത്. വരുമാനത്തിൽ വന്ന ഇടിവാണ് ഇത്തരത്തിൽ ഒരു സാഹചര്യം കേരളത്തിൽ സൃഷ്ടിച്ചത്. ഡോ. തോമസ് ഐസക്കിന്റെ ഭരണകാലത്ത് 25 ശതമാനം ആയിരുന്ന റവന്യൂ വളർച്ച 8 ശതമാനമായി കുറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ ദുസ്ഥിതിയിൽ കൊണ്ടെത്തിച്ചത്. ക്ഷേമപെൻഷനുകളുടെ കുടിശിക നാലുമാസത്തിലേറെയായി വെറും 500 രൂപ മാത്രം ലഭിക്കുന്ന അവശപെൻഷനുകൾ പോലും കൃത്യമായി നൽകാൻ സർക്കാരിന് കഴിയുന്നില്ല. കരാറുകാരുടെ കുടിശിക 3,000 കോടിയായി വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി മരാമത്ത് പണികളെല്ലാം മന്ദീഭവിച്ചിരിക്കുകയാണ്. സർക്കാരിന്റെ ഒരു പദ്ധതിയും ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല.
സുസ്ഥിരമായ ഒരു ഭരണസംവിധാനം കേരളത്തിൽ നടക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസംപോലും മന്ത്രിമാർ സെക്രട്ടറിയേറ്റിലിരുന്ന് ഭരണത്തിൽ ശ്രദ്ധിക്കുന്നില്ല. കാബിനറ്റ് യോഗങ്ങളിൽ പോലും പങ്കെടുക്കാതെ മന്ത്രിമാർ ഉദ്ഘാടന മാമാങ്കങ്ങൾക്ക് പോകുന്നതായി ആക്ഷേപം ഉയരുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഫയലുകളും കൊണ്ട് സ്വർണക്കടകളുടേയും തുണിക്കടകളുടേയും വേദിയിൽ കൊണ്ടുപോയി മന്ത്രിമാരുടെ ഒപ്പ് വാങ്ങേണ്ട ഗതികേടിലേക്ക് വരെ എത്തിയിരിക്കുന്നു. സ്ഥാനം ഒഴിഞ്ഞ ചീഫ്‌സെക്രട്ടറി ഭരത് ഭൂഷൺ ഒരു ഇന്റർവ്യൂവിൽ പറഞ്ഞകാര്യം വളരെ പ്രസക്തമാണ്. മന്ത്രിമാർക്ക് സ്വന്തം മണ്ഡലം മാത്രമാണ് പ്രശ്‌നം. നിയമസഭാ തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും എത്താമെന്നുള്ളതിനാൽ മന്ത്രിമാരുടെ മനസ്സിൽ പ്രാദേശിക ചിന്തകളേ ഉള്ളൂ.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനത അഴിമതിയും അച്ചടക്കരാഹിത്യവുമാണെന്ന് അദ്ദേഹത്തിനു തന്നെ പറയേണ്ടിവന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ട മുഖ്യമന്ത്രി ഞാണിന്മേൽകളി കളിച്ച് ജനങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കുന്നു. ആർക്കും ആരോടും ഒരു ഉത്തരവാദിത്വവും ഇല്ല. ഭരണതലത്തിലുള്ള അഴിമതി ഉദ്യോഗസ്ഥതലത്തിലേക്കും വ്യാപിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ്, എക്‌സൈസ്, ആരോഗ്യം എന്നീ വകുപ്പുകളിൽ സ്ഥലംമാറ്റത്തിന് പരസ്യമായ ലേലം വിളികളാണ് നടക്കുന്നത്. ഡെപ്യൂട്ടേഷൻ നിയമനങ്ങൾക്കായി ലക്ഷങ്ങൾ വാങ്ങുന്നതായി ആരോപണങ്ങൾ ഉയരുന്നു. മുഖ്യമന്ത്രിയും ഭൂരിപക്ഷം മ്രന്തിമാരും ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലാകാൻ പോകുകയാണ്. സംസ്ഥാനത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി 2014-2015 സാമ്പത്തിക വർഷം 54 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഏകദേശം 1,700 കോടി ഇനിയും ചെലവഴിക്കപ്പെട്ടിട്ടില്ല. ഇത് നൽകാനുള്ള തുക ഖജനാവിലില്ല. അതുകൊണ്ടാണ് ചെലവഴിക്കാത്ത തുക മുഴുവൻ അടുത്ത വർഷത്തേക്ക് കാരിയോവർ ചെയ്യാൻ സർക്കാർ ഉത്തരവിറക്കിയത്. ഇത് നിർവ്വഹണത്തെയാകെ താളം തെറ്റിക്കും.
കാര്യക്ഷമതയുള്ള ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ കുറവും കേരളം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. സത്യസന്ധരായ പല ഉദ്യോഗസ്ഥരും കേരളം വിട്ട് കേന്ദ്ര സർവ്വീസിൽ ഡെപ്യൂട്ടേഷനിലേക്ക് പോയിക്കഴിഞ്ഞു. സോമസുന്ദരം, വിപി ജോയ്, എംഎസ് വിജയാനന്ദ്, അരുണാ സുന്ദർ രാജ്, വേണു തുടങ്ങി നിരവധിപേർ ഡൽഹിയിലാണ്. കേരളത്തിലേക്ക് വരാൻ ആർക്കും ഇപ്പോൾ താൽപര്യമില്ല. നാൽപതോളം സിവിൽ സർവ്വീസ് ഓഫീസർമാരുടെ ഒഴിവാണ് ഇപ്പോൾ കേരളത്തിലുള്ളത്. മിക്ക തസ്തികകളിലും കൺഫേഡ് ഐഎഎസുകാർ ഇരിക്കുന്നു. കഴിവുള്ള ഓഫീസർമാർക്ക് ആറു മാസത്തിൽ കൂടുതൽ ഒരു തസ്തികയിൽ ഇരിക്കാൻ കഴിയുന്നില്ല. ഋഷിരാജ് സിംഗിന്റെ കാര്യം തന്നെ ഉദാഹരണം. ടോംജോസിനെപ്പോലുള്ള ഐഎഎസുകാരെ മാത്രമേ സർക്കാരിന് ഇനി കൂടുതൽ ആശ്രയിക്കാൻ കഴിയൂ. ഉദ്യോഗസ്ഥന്മാർ ഫയലുകളിൽ തീരുമാനമെടുക്കാൻ വൈമുഖ്യം കാണിക്കുന്നു. അപ്രധാനമായ ഫയലുകൾപോലും മന്ത്രിയുടെയും കാബിനറ്റിന്റെയും തീരുമാനത്തിനു വിട്ട് അവരുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകുന്നു.
കേരളത്തിലെ പൊതുവിതരണ സമ്പ്രദായം താറുമാറായി കൺസ്യൂമർഫെഡിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റുകളും നന്മാ സ്റ്റോറുകളും പൂട്ടി. മാവേലിസ്റ്റോറുകളിൽ ജനം കയറാതായി. പൊതുമാർക്കറ്റിൽ സാധനവില കുതിച്ചുയരുന്നു. കേരളത്തിലെ കൃഷിക്കാർ ദുരിതക്കയത്തിലാണ്. റബറിന്റെ വിലയിടിവ് കേരളീയ ഗ്രാമങ്ങളുടെ നട്ടെല്ലൊടിച്ചു. ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് കർഷകർ. 25,819 സർക്കാർ ജീവനക്കാരാണ് മാർച്ച് 31 ന് സർവ്വീസിൽനിന്നും വിരമിച്ചത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് 300 കോടിയോളം രൂപ സർക്കാരിന് കണ്ടെത്തേണ്ടതുണ്ട്. അതോടുകൂടി സർക്കാരിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും.
സംസ്ഥാനത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു നയം രൂപപ്പെടുത്തിയെടുക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാ നയങ്ങളുടെയും പിന്നിൽ അഴിമതി ഒളിഞ്ഞിരിക്കുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുമ്പോൾ തന്നെ എയ്ഡഡ് മേഖലയിൽ പുതിയ ഹയർസെക്കന്ററി ബാച്ചുകൾ അനുവദിക്കുന്നു. 250 പുതിയ ബാച്ചുകൾക്കാണ് ഈ വർഷം അനുമതി നൽകിയിട്ടുള്ളത്. യാതൊരു ശാസ്ത്രീയ പഠനത്തിന്റെയും അടിസ്ഥാനത്തിലല്ല +2 ബാച്ചുകൾ അനുവദിച്ചിട്ടുള്ളതെന്ന ആരോപണം യുഡിഎഫിൽ തന്നെയുണ്ട്. ഇത്രയും മൂല്യശോഷണമുണ്ടായ ഒരു ഭരണ കാലയളവ് മുമ്പെങ്ങും ഉണ്ടായിട്ടില്ല.
ജീവനക്കാരുടെ ജാതിനോക്കി അവധി പ്രഖ്യാപിച്ചതു വഴി അവരുടെയിടയിൽ സ്പർദ്ധ വളരുന്നതിന് ഇടയാക്കി. നന്മയുടെ എല്ലാ വഴിയും ഈ സർക്കാർ അടച്ചു. സംസ്ഥാനത്താകെ അനധികൃത നിർമ്മാണപ്രവൃത്തികൾ ദൃുതഗതിയിൽ നടക്കുന്നു. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻതുമ്പത്തുപോലും അത്തരത്തിലുള്ള അനധികൃത നിർമ്മാണപ്രവൃത്തികൾ നമുക്ക് കാണാൻ കഴിയും.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ