ആലുവ: സമ്മർ ബംപറിൽ രണ്ടാം സമ്മാനമായ 25 ലക്ഷമടിച്ച ലോട്ടറി ടിക്കറ്റ് വാങ്ങാൻ ഉടമ 'പറന്നെത്തി'. പണം നൽകി പറഞ്ഞുവെച്ച ടിക്കറ്റ് ഇവർക്ക് കൈമാറാൻ ഏജന്റ് ലോട്ടറി ഏജന്റ് സ്മിജയും കാത്തിരുന്നു. ചെന്നൈ ത്യാഗരാജനഗർ 22/14 ഭഗവന്തനം സ്ര്ടീറ്റിൽ പി. പത്മ സുബ്ബറാവുവാണ് തിങ്കളാഴ്ച ആലുവയിലെത്തി ബംപർ ടിക്കറ്റ് കൈപ്പറ്റിയത്. ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. തുടർന്ന് സമ്മാനമടിച്ച ടിക്കറ്റ് സ്മിജയ്ക്കൊപ്പം ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈമാറി.

ആന്ധ്രപ്രദേശിലെ നെല്ലൂരാണ് പത്മയുടെ ജന്മദേശം. ചെന്നൈയിലെ സ്വകാര്യ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയിൽ സഹോദരന്മാരുമുണ്ട്. തീർത്ഥാടകയായ പത്മ കേരളത്തിൽ പതിവായി എത്താറുണ്ട്. കഴിഞ്ഞ വർഷം സമ്മർ ബംപറിൽ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. 2021 മാർച്ച് 21-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. പാലച്ചുവട് ചന്ദ്രൻ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ടിക്കറ്റിനാണ് സമ്മാനമടിച്ചത്. യാതൊരു മടിയുംകൂടാതെ ഈ ടിക്കറ്റ് ചന്ദ്രന് കൈമാറിയതോടെ സ്മിജ താരമായി.

ഇതേസമയം, കേരളത്തിലുണ്ടായിരുന്ന പത്മ, സ്മിജയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് സ്മജിയുടെ പക്കൽനിന്ന് പതിവായി ലോട്ടറി വാങ്ങുകയും ചെയ്തു. ഇത്തവണ സമ്മർ ബംപറിൽ രണ്ടാം സമ്മാനമടിച്ച എസ്.ഇ. 703553 നമ്പർ ടിക്കറ്റിനായി പത്മ ബാങ്കിലൂടെ സ്മിജയ്ക്ക് പണം അയച്ചുനൽകുകയായിരുന്നു.

കേരളത്തിൽ തീർത്ഥാടനത്തിന് എത്തുന്ന പതിവുണ്ട് പത്മത്തിന്. ഇതുവഴിയാണ് സ്മിജയുമായി അടുപ്പത്തിലാവുന്നത്. മിക്കവാറും മാസങ്ങളിൽ പത്മം ബാങ്കിലൂടെ പണം നൽകി ടിക്കറ്റെടുക്കും. സമ്മാന വിവരം വിളിച്ചറിയിച്ചത് സ്മിജ തന്നെയാണ്. രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങാനിരിക്കുകയാണ് സുബ്ബറാവു പത്മം. ഇത്തവണ എടുത്ത ടിക്കറ്റും സൂക്ഷിച്ചു വെച്ച സ്മിജ, സമ്മാനമടിച്ചപ്പോൾ പത്മയെ വിവരം അറിയിച്ചു. ലോട്ടറി ടിക്കറ്റ് ബാങ്കിൽ നൽകിയ ശേഷം പത്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയി. ചൊവ്വാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങും.

സാമ്പത്തികമായി സഹായിക്കാമെന്ന് നിരവധി തവണ പത്മം സ്മിജയോട് പറഞ്ഞിരുന്നു. എന്നാൽ സഹായം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു സ്മിജ. സ്മിജയുടെ സത്യസന്ധതയും ആത്മാർത്ഥതയുമാണ് കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കുവാൻ പ്രചോദനമായതെന്ന് പത്മം പറഞ്ഞു. രാജഗിരി ആശുപത്രിക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെട്ടു. പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. ജഗത്തും ലുഖൈദുമാണ് സ്മിജയുടെ മക്കൾ.