തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും പ്രതിമാസ ശമ്പളത്തുക കുറവാണെന്ന ആക്ഷേപങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്കുമിടയിൽ ശമ്പളം പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയമിക്കാനൊരുങ്ങി ഇടതു സർക്കാർ. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് കേരളത്തിലെ എംഎൽഎമാർക്കാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ശമ്പള പരിഷ്‌കരണത്തിന് സർക്കാർ തയ്യാറെടുക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവിനെ കുറിച്ച് പഠിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം ഏകാംഗ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്തെ എംഎൽഎമാരിൽ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നവർ കേരളത്തിലെ എംഎൽഎമാരല്ല എന്ന കാര്യം വ്യക്തമാക്കുന്നതാണ് മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ. കേരളത്തിലെ എംഎൽഎമാരെക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്നവരും കൂടിയ ശമ്പളം വാങ്ങുന്നവരുമുണ്ട്.

രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നത് തെലങ്കാനയിലെ എംഎൽഎമാരാണ്. ശമ്പളവും മറ്റു മണ്ഡല അലവൻസുമായി 2,50,000 രൂപ ലഭിക്കും. മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ 1000 രൂപ അലവൻസ്. ശമ്പളവും അലവൻസും അടക്കം മഹാരാഷ്ട്രയിൽ 232000 രൂപയും കർണാടകയിൽ 205000 രൂപയും എംഎൽഎമാർക്കു ലഭിക്കും. കുറവ് തുക ലഭിക്കുന്നത് ത്രിപുരയിലാണ് 34,000 രൂപ.

സംസ്ഥാനത്ത് മന്ത്രിമാർക്കും എംഎൽഎമാർക്കും 2018 ലാണ് അവസാനമായി ശമ്പളവർധന നടപ്പിലാക്കിയത്. 2018 മാർച്ച് 27ന് ശമ്പള വർധനവിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. സംസ്ഥാനത്തു മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്നു 97,429 രൂപയായും എംഎൽഎമാരുടേത് 39,500 രൂപയിൽനിന്ന് 70,000 രൂപയായും വർധിപ്പിച്ചു.

ശമ്പള വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതു സംബന്ധിച്ചു ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിഷൻ ശുപാർശ ചെയ്തതിലും കുറഞ്ഞ നിരക്കാണു മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം രൂപയാക്കി ഉയർത്തണമെന്നായിരുന്നു കമ്മിഷന്റെ ശുപാർശ.

എംഎൽഎമാരുടെ പ്രതിമാസ അലവൻസ് നിലവിൽ 2000 രൂപയാണ്. മണ്ഡല അലവൻസ് 25,000 രൂപ. ടെലഫോൺ അലവൻസ് 11,000 രൂപ. ഇൻഫർമേഷൻ അലവൻസ് 4000 രൂപ. അതിഥി സൽക്കാരത്തിനുള്ള അലവൻസ് 8000 രൂപ. ആകെ 50,000 രൂപ. യാത്രാ ചെലവുകൾക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത് 70,000 രൂപയാണ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം ലഭിക്കുന്നത്.

മന്ത്രിമാരുടെ പ്രതിമാസ അലവൻസ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവൻസ് 40,000 രൂപ. തലസ്ഥാന നഗരിയിലും അതിനോട് ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം. കേരളത്തിന് അകത്തും പുറത്തും റോഡുകളിൽ സഞ്ചരിക്കുന്നതിന് കിലോമീറ്ററിനു 15രൂപ അലവൻസ്. കേരളത്തിനകത്തെ യാത്രകളിൽ താമസത്തിനു ദിവസേന 1000 രൂപ അലവൻസ്. ട്രെയിൻ യാത്രഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് 1 രൂപ നിരക്കിൽ ചെലവ്.

സംസ്ഥാനത്തിനകത്തും പുറത്തും വിമാനത്തിൽ സൗജന്യയാത്ര. സർക്കാർ ബോട്ടുകളിൽ സൗജന്യയാത്ര. ഔദ്യോഗിക വസതിയും ടെലഫോണും. പഴ്‌സനൽ സ്റ്റാഫ് ആയി പരമാവധി 30പേരെ നിയമിക്കാം. സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ 1500 രൂപ ദിവസേന യാത്രാബത്ത. ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്‌സ്‌മെന്റ്.

ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തുക കുറവാണെന്നാണ് എംഎൽഎമാരിൽ പലരുടെയും അഭിപ്രായം. 70000 രൂപയിൽനിന്ന് പാർട്ടിക്കു ലെവി കൊടുക്കുന്നവരുമുണ്ട്. ഇതിനു പുറമേ ഡ്രൈവർക്കും മണ്ഡലത്തിലെ ഓഫിസ് ജീവനക്കാരനും ശമ്പളം കൊടുക്കണം. സഹായം അഭ്യർത്ഥിക്കുന്നവർക്ക് സ്വന്തം കീശയിൽനിന്ന് പണം നൽകേണ്ട സാഹചര്യം ഉണ്ടാകും. വിവിധ പദ്ധതികൾ അവലോകനം ചെയ്യാനെത്തുമ്പോൾ കൂടെയുള്ള ഉദ്യോഗസ്ഥരുടെ ഭക്ഷണ കാര്യങ്ങളും നോക്കേണ്ടി വരും. മണ്ഡലത്തിലുള്ളപ്പോൾ വിവിധയിടങ്ങൾ സന്ദർശിക്കേണ്ടിവരും. ഇപ്പോഴത്തെ ഇന്ധനചെലവ് താങ്ങാൻ കഴിയാത്തതാണെന്നും എംഎൽഎമാർ പറയുന്നു.

ടിഎ, ഡിഎ ആനുകൂല്യങ്ങൾ:
റോഡ് യാത്ര (കേരളത്തിലും പുറത്തും) കിലോമീറ്ററിന് 10 രൂപ.
ട്രെയിൻ യാത്രഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് 1 രൂപ നിരക്കിൽ ചെലവ്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക് 3 ലക്ഷം രൂപ.
നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ് കേരളത്തിൽ ദിവസം 1000 രൂപ, കേരളത്തിനു പുറത്ത് ദിവസം 1200 രൂപ.
യോഗങ്ങളിൽ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി 50000 രൂപ (ഒരു വർഷത്തേക്ക്).
മെട്രോ പൊളിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം 3500 രൂപ.
ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്‌സ്‌മെന്റ്.
പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ.
ഭവന വായ്പ അഡ്വാൻസ് 20 ലക്ഷം രൂപ.
പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15000 രൂപ