തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്ന നടപടി അനന്തമായി നീണ്ടതോടെയാണ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. 125 കോളേജുകളിൽ 80 കോളേജുകൾക്കാണ് ആരോഗ്യസർവകലാശാലയുടെയും നഴ്സിങ് കൗൺസിലിന്റെയും പ്രവേശനാനുമതി ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇങ്ങനെ അനുമതി ലഭിച്ചവയാകട്ടെ പലതിന്റെയും സീറ്റും കുറച്ചു.

എല്ലാ വർഷവും പ്രവേശനനടപടികൾ തുടങ്ങുംമുമ്പ് ആരോഗ്യസർവകലാശാലാ ജനറൽകൗൺസിൽ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാസമിതിയും നഴ്സിങ് കൗൺസിലും കോളേജുകളിലെ സൗകര്യങ്ങൾ പരിശോധിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി നൽകുന്നത്. ന്യൂനത കണ്ടാൽ അതു പരിഹരിച്ച് അപേക്ഷ നൽകുന്ന മുറയ്ക്കാണ് അനുമതി ലഭിക്കുക.

സ്വാശ്രയ കോളേജുകളിലെ പകുതിസീറ്റുകൾ സർക്കാരിന് വിട്ടുനൽകിയിട്ടുണ്ട്. എൽ.ബി.എസ്. ആണ് ആ സീറ്റുകളിലേക്ക് പ്രവേശനം നടത്തുക. അവശേഷിക്കുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകളും. മാനേജ്മെന്റ് അസോസിയേഷനുകൾ ഈ സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. പ്രവേശനാനുമതി ലഭിച്ചാൽമാത്രമേ ഓരോ കോളേജിനും മാനേജ്‌മെന്റ് സീറ്റ് ഉൾപ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ.

ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് നഴ്സിങ് പ്രവേശനത്തിന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നൽകിയിട്ടുള്ള സമയം. ഓഗസ്റ്റ് 30-നകം പ്രവേശനം പൂർത്തിയാക്കണം. സംസ്ഥാനത്ത് സർക്കാർ മേഖലയിലേതടക്കം 7200-ഓളം സീറ്റാണുള്ളത്. ഇക്കൊല്ലം പാരിപ്പള്ളി, മഞ്ചേരി മെഡിക്കൽ കോളേജുകളിലും പ്രവേശനം തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്.