തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റാൻ തീരുമാനിച്ചത്. ഏപ്രിൽ അവസാന വാരം നടത്താനാണ് ആലോചന. ഏപ്രിൽ അവസാനം തുടങ്ങി മെയ് മാസാവസാനം വരെ ഒളിമ്പിക്‌സ് നടത്തും. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്‌സ് നടക്കുന്നത്.

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക്‌സിന്റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്. നീരജ് ആണ് കേരള ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം. ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവ്ലിൻ താരം നീരജ് ചോപ്രയോടുള്ള ആദരസൂചകമായാണ് ഭാഗ്യചിഹ്നമായ മുയലിന് നീരജെന്ന് പേരിട്ടത്.

അത്‌ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ആർച്ചറി, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, സൈക്ലിങ്, ഫുട്‌ബോൾ, ജൂഡോ, നെറ്റ്‌ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബോൾ, ഖോ ഖോ, കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്‌ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണു കേരള ഒളിമ്പിക്‌സ് മത്സരം. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്‌സുകളിലും വിജയികളാകുന്നവരാണ് മത്സരിക്കുക. പ്രധാന മത്സരങ്ങളെല്ലാം തിരുവനന്തപുരത്തായിരിക്കും നടക്കുക. ഹോക്കി ഉൾപ്പെടെയുള്ള ചില മത്സരങ്ങൾക്ക് മറ്റു ജില്ലകൾ വേദിയാകും