തിരുവനന്തപുരം: പൊലീസിനെ പ്രതിസന്ധിയിലാക്കാൻ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനെത്തുന്നു. സുപ്രധാന തസ്തിക വഹിക്കുന്ന വനിത ഐ.പിഎസ് ഉദ്യോഗസ്ഥയടക്കം മൂന്നു എ.ഡി.ജി.പിമാർ കേരളം വിടുമെന്നാണ് സൂചന. കേന്ദ്ര സർവ്വീസിൽ ഡപ്യൂട്ടേഷനു താൽപ്പര്യം പ്രകടിപ്പിച്ച് ദക്ഷിണ മേഖലാ എ.ഡി.ജി.പി: അനിൽ കാന്ത്, പരിശീലന വിഭാഗം മേധാവി ബി.സന്ധ്യ, തീരദേശ പൊലീസ് തലവൻ സുധേഷ് കുമാർ എന്നിവർ നീക്കം തുടങ്ങിയിട്ടുണ്ട്. ഇത് കേന്ദ്രം അംഗീകരിക്കുമെന്നാണ് സൂചന.

ഇവർ മൂന്നു പേരും കേരളം വിടുന്നതോടെ തൊട്ടു താഴെയുള്ള സീനിയർ ഐ.ജിമാർക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കും. തിരുവനന്തപുരം ഐ.ജി: മനോജ് എബ്രഹാം, ആംഡ് ബറ്റാലിയൻ ഐ.ജി: ഇ.ജെ. ജയരാജ് എന്നിവർക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനു പുറമേ തൃശുർ ഐ.ജി. എം.ആർ. അജിത് കുമാർ, ക്രൈംബ്രാഞ്ച് ഐ.ജി: എസ്.ശ്രീജിത്, എറണാകുളം ഐ.ജി: വിജയ് എസ്. സാഖറെ എന്നിവർക്ക് സ്ഥാനക്കയറ്റം വേഗത്തിൽ ലഭിക്കും. 1995, 1996 ബാച്ച് ഐ.പി.എസുകാരാണിവർ

ഡെപ്യൂട്ടേഷന് എഡിജിപിമാർ നൽകിയ സമ്മതപത്രം കേന്ദ്ര സർക്കാരിനു അയച്ചു. ഇവരുടെ സീനിയോറിറ്റി അനുസരിച്ചുള്ള ഒഴിവുണ്ടാക്കുന്ന മുറയ്ക്ക് നിയമനം ലഭിക്കും. ഈ മൂന്നു പേർക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് വൈകാതെ എംപാനൽമെന്റ് നൽകും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു ക്രമസമാധാനമടക്കം നിരവധി ചുമതലകൾ വഹിക്കുന്ന ആളാണ് അനിൽ കാന്ത്. രണ്ട് മേഖല എ.ഡി.ജി.പിമാരുടെ ചുമതല, ശബരിമല ചുമതലയും ഇദ്ദേഹത്തിനാണ്. അനിൽ കാന്തിന്റെ കേന്ദ്രത്തിലേക്കുള്ള മാറ്റം സർക്കാരിന് ഏറെ തലവേദനയാകും.

സംസ്ഥാനത്തെ രണ്ടാമത്തെ വനിത ഐ.പിഎസുകാരിയാണ് സന്ധ്യ. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ സമ്മർദ്ദങ്ങൾ അതിജീവിച്ച് അറസ്റ്റു ചെയ്തത് സന്ധിയാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം ദക്ഷിണമേഖല എ.ഡി.ജി.പിയുടെ കസേര നഷ്ടമായി. ഒരു വർഷം മുമ്പ് സന്ധ്യക്ക് കേന്ദ്ര സർവ്വീസിൽ ബി.പി ആന്റ ആർ.ഡിയിൽ ഉന്നത പദവി ലഭിച്ചിരുന്നു. അന്ന് പോയില്ല. എന്നാൽ ഇപ്പോൾ കേന്ദ്്രത്തിലേക്ക് പോകാനാണ് താൽപ്പര്യം കാട്ടുന്നത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ സുധേഷ് കുമാർ ദീർഘകാലം അതിർത്തി സംരക്ഷണ സേനയിലായിരുന്നു. കേന്ദ്രം സുധേഷിന്റെ സേവനം ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ശേഷമായിരിക്കും അനിൽ കാന്തടക്കം മൂന്നു പേരും കേന്ദ്ര സർവ്വീസിൽ പ്രവേശിക്കുകയുള്ളൂവെന്നു ഉന്നത കേന്ദ്രങ്ങൾ നൽകുന്ന സൂചന.