തിരുവനന്തപുരം: കാലം മാറിയപ്പോൾ പൊലീസിന്റെ മനോഭാവവും മാറി വരികയാണ്. സ്റ്റേഷനിലെത്തുന്ന ആളുകളോട് പരുഷമായി പെരുമാറിയിരുന്ന കാലമൊക്കെ ഓർമയായി. ജനമൈത്രി എന്ന വാക്കിന് അർത്ഥം വരുന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും. ജനങ്ങളോട് അടുത്തിടപഴകി വേണ്ട സഹായങ്ങളും നൽകി ജനശ്രദ്ധ പിടിച്ചു പറ്റുകയാണ് പൊലീസുകാർ. അത്തരം നന്മയുള്ള വാർത്തകൾ നിരവധിയാണ്. അത്തരത്തിലൊരു വാർത്തയാണ് തലസ്ഥാനത്ത് നിന്നും പുറത്ത് വരുന്നത്. കാസർഗോഡ് നിന്നും തലസ്ഥാനത്തെത്തി വഴിതെറ്റി പോയ ഒരാളെ യഥാസ്ഥാനത്ത് തിരികെ എത്തിക്കാൻ പൊലീസുകാർ കാണിച്ച ക്ഷമ വാനോളം പുകഴ്‌ത്തിയാലും മതിയാവില്ല.

കാസർഗോഡ് കന്നിവയൽ ചെഞ്ചേരി മുനയൻകുന്ന് പ്രദീപ്കുമാർ(35) ഇന്നലെ രാവിലെ കാസർഗോഡ് നിന്നും മാവേലി എക്സ്പ്രസ്സിൽ കൊച്ചുവേളിയിൽ വന്നിറങ്ങി. പത്മനാഭ സ്വാമീ ക്ഷേത്രത്തിൽ ദർശനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. കൊച്ചുവേളിയിൽ നിന്നും ബസിൽ തമ്പാനൂർ ബസ്റ്റാന്റിലെത്തി. അവിടെ കണ്ട ഒരു ഓട്ടോ റിക്ഷാക്കാരനോട് ഒരു മുറിവേണം എന്നാവശ്യപ്പെട്ടു. സമയം രാവിലെ എട്ടു മണിയോടടുത്തിരുന്നു. അയാൾ പ്രദീപിനെ ഒരു ലോഡ്ജിലെത്തിച്ചു. അവിടെ നിന്നും വേഗം കുളിച്ചു വസ്ത്രം മാറി പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വച്ചു പിടിച്ചു. ലോഡ്ജ് നടത്തിപ്പുകാരൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ നടന്നാണ് പോയത്. ക്ഷേത്ര ദർശ്ശനവും കഴിഞ്ഞ് പുറത്തിറങ്ങി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പോയി. അവിടെ നിന്നും പുറത്തിറങ്ങിയപ്പോൾ സ്ഥലം മനസ്സിലായില്ല. എവിടെക്കാണ് പോകേണ്ടത് എന്നും മുറിയെടുത്ത ലോഡ്ജും അറിയില്ല. തിടുക്കത്തിൽ ഇറങ്ങിയതിനാൽ ലോഡ്ജിന്റെ പേരു പോലും നോക്കിയിരുന്നില്ല. കൂടാതെ മുറി പൂട്ടി താക്കോൽ ലോഡ്ജിലെ റിസപ്ഷനിൽ തന്നെ കൊടുക്കുകയും ചെയ്തിരുന്നു.

വഴിയറിയാതെ വിഷമിച്ച പ്രദീപ് ലോഡ്ജ് അന്വേഷിച്ച് കിഴക്കേ കോട്ട മുഴുവൻ അലഞ്ഞു. ഈ സമയം പെയ്ത മഴയെല്ലാം നനഞ്ഞാണ് ലോഡ്ജ് അന്വേഷിച്ചിറങ്ങിയത്. പാസ്പോർട്ടും ആധാറും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ അവശ്യ രേഖകളും മുറിയിൽ ഇരിക്കുന്ന ബാഗിലാണ്. ഏറെ നേരം നടന്നിട്ടും ലോഡ്ജ് കണ്ടെത്താനാകാതെ വന്നപ്പോൾ ഒരു ഓട്ടോ റിക്ഷാക്കാരനോട് വിവരം പറഞ്ഞു. അയാൾ പിന്നെ പ്രദീപിനെ അറിയാവുന്ന ചില ലോഡ്ജുകളിലെല്ലാം കൊണ്ടു പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് ഓട്ടോ റിക്ഷാ കയറി പല ഇടങ്ങളിലും അന്വേഷിച്ചു.

ഒടുവിൽ അരിസ്റ്റോ ജംഗ്ഷനിൽ വച്ച് രണ്ട് പേർ പറഞ്ഞതനുസരിച്ച് തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസ് പ്രദീപിനെ സമാധാനിപ്പിച്ചിരുത്തി. തങ്ങൾ സഹായിക്കാമെന്ന് വാക്കും കൊടുത്തു. അങ്ങനെ തമ്പാനൂർ എസ്‌ഐ വി എം ശ്രീകുമാർ പ്രദീപിനെ ജീപ്പിൽ കയറ്റി സ്റ്റേഷൻ പരിധിയിലുള്ള ലോഡ്ജുകളിലും ഹോട്ടലുകളിലും പോയി. മൂന്ന് മണിക്കൂറുകളോളം ചുറ്റിക്കറങ്ങിയെങ്കിലും പ്രദീപ് താമസിക്കാനെടുത്ത ലോഡ്ജ് കണ്ടെത്താനായില്ല. പ്രദീപ് അപ്പോഴും പറയുന്നുണ്ടായിരുന്നു ലോഡ്ജിൽ നിന്നും നടന്നാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയതെന്ന്. അതോടെ തമ്പാനൂർ എസ്‌ഐ പ്രദീപിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌ഐ പി.ഷാജിമോൻ ലോഡ്ജ് കണ്ടെത്താൻ സിവിൽ പൊലീസ് ഓഫീസറായ സാജുവിനെ ചുമതലപ്പെടുത്തി. സാജു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. തന്റെ ടൂ വീലറിൽ പ്രദീപിനെ കയറ്റി പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി. എവിടെ നിന്നുമാണ് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയത് എന്ന് ചോദിച്ചു. പ്രദീപ് പറഞ്ഞ അടയാളങ്ങളൊക്കെ വച്ച് വടക്കേ നടവഴിയാണ് കയറിയത് എന്ന് മനസ്സിലാക്കി. അവിടെ നിന്നും പിന്നെ പുറകോട്ട് പോയി ഇരുവരും.

തകരപറമ്പ് പാലം വഴി പോയപ്പോൾ പ്രദീപിന് വന്ന വഴി മനസ്സിലായി. അങ്ങനെ ലോഡ്ജിൽ നിന്നിറങ്ങിയതിന് ശേഷം ചായകുടിച്ച കട കണ്ടെത്തി. അവിടെ ചോദിച്ച് മനസ്സിലാക്കി ഒടുവിൽ എസ്.എൽ തീയേറ്ററിന് സമീപമുള്ള മാസ് ലോഡ്ജിലെത്തി. അവിടെ എത്തിയിട്ടും പ്രദീപിന് ആദ്യം ഒന്നും മനസ്സിലായില്ല. പൊലീസ് ഓഫീസറായ സാജു സ്വയം പരിചയപ്പെടുത്തിയശേഷം പ്രദീപെന്ന പേരിൽ ഇവിടെ മുറിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. അവർ രജിസ്റ്ററിൽ നോക്കിയപ്പോൾ പ്രദീപിന്റെ പോരുണ്ട്. അങ്ങനെ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രദീപ് തന്റെ മുറിയിലെത്തി. തന്നെ സഹായിച്ച പൊലീസ് ഓഫീസർ സാജുവിന് നന്ദി അറിയിക്കുകയും ചെയ്തു.

ഞങ്ങളുടെ ലേഖകൻ പ്രദീപിനെ മാസ് ലോഡ്ജിലെത്തി കണ്ടപ്പോൾ തലസ്ഥാനത്തെ പൊലീസിനെ പറ്റി പറയാൻ നൂറു നാവായിരുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെയും ഫോർട്ട് പൊലീസ് സ്റ്റേഷനിലെയും എസ്‌ഐമാർ ഒരു സഹോദരനോട് പെരുമാറുന്നത് പോലെയാണ് ഇക്കാര്യത്തിൽ ഇടപെട്ടതെന്നും ഒരിക്കലും ഇത്തരത്തിൽ ഹൃദ്യമായ പെരുമാറ്റം പൊലീസിന്റെ ഭാഗത്ത് നിന്നും ആദ്യമായിട്ടാണ് കിട്ടുന്നതെന്നും പ്രദീപ് മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യമായിട്ടാണ് തിരുവനന്തപുരത്ത് വരുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണം എന്ന ദീർഘ നാളത്തെ ആഗ്രഹത്തെ തുടർന്നാണ് എത്തിയത്. വഴിയറിയാതെ ഏറെ വിഷമിച്ചു. എന്നാൽ ഇവിടുത്തെ ഓട്ടോക്കാരും പൊലീസുകാരും എന്നെ ഏറെ സഹായിച്ചു. അവരോടൊക്കെ ഒരുപാട് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ടത്തെ മാവേലി എക്സ്പ്രസ്സിന് കാസർഗോട്ടേക്ക് തിരിക്കും. തീർച്ചയായും പൊലീസുകാരെ നിങ്ങളുടെ നന്മയുള്ള മനസ്സിന് ഈ കാസർഡോഡ് കാരൻ ഹൃദയത്തിൽ തൊട്ട് സല്യൂട്ട് ചെയ്യുന്നു.