തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഹാക്ക് ചെയ്തു. 3.14 ലക്ഷം ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.

2013 സെപ്റ്റംബർ മുതൽ സജീവമായ അക്കൗണ്ടാണ് ഇത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങൾ എന്തുചെയ്യാൻ പോകുന്നു, ഞങ്ങൾ ഇതിനകം എന്താണ് ചെയ്തത്, ഞങ്ങൾ ലോകത്തിന് എന്ത് ഓഫർ ചെയ്യും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാളെ ഞങ്ങൾ പങ്കിടും എന്ന ക്യാപ്ഷനോടെ വീഡിയോകളും ഫോട്ടോകളും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻ.എഫ്.ടി വിപണനം ആണ് ഇപ്പൊൾ ഇതിലൂടെ നടക്കുന്നത്.

ഹാക്ക് ചെയ്യപ്പെടുന്നതിന് മുമ്പുള്ള അവസാന പോസ്റ്റ് സൈബർ സുരക്ഷയെകുറിച്ചായിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. 2013ൽ ആരംഭിച്ച ട്വിറ്റർ അക്കൗണ്ടിലൂടെ നിലവിൽ എൻ എഫ് ടിയെ കുറിച്ചുള്ള ട്വീറ്റുകളാണ് പ്രചരിക്കുന്നത്.