കൊച്ചി: മഴക്കെടുതി നേരിടുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കാൻ ഇടുക്കിയിൽ തിരക്കിട്ട നീക്കം. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ 5 മീറ്റർ വീതം ഉയർത്തി. നീരാർ അണക്കെട്ട് തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ വൈദ്യുതവകുപ്പ്് ചെയർമാന്റെ അധ്യക്ഷതയിൽ ഇന്ന് തലസ്ഥാനത്ത് യോഗം. മഴ ശക്തമാവുമെന്നുള്ള കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറയിപ്പ് കണക്കിലെടുത്ത്് ഇടുക്കി കളക്ടർ ജീവൻ ബാബു ഇന്ന് ദുരന്തനിവാരണ അതോററ്റിയുടെ യോഗം വിളിച്ചു. ഈ യോഗത്തിന് ശേഷമാവും ഡാമുകൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാവു എന്ന് കളക്ടർ അറിയിച്ചു.

അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഏത് പ്രതിസന്ധിയും നേരിടാൻ തക്കവണ്ണം കരുതൽ വേണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്യാമ്പുകൾ തുറക്കുന്നതിന് ആവശ്യമായ സ്ഥല-സൗകര്യങ്ങൾ കണ്ടെത്തിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ അതോററ്റിയുടെ യോഗത്തിന് ശേഷം ജില്ലയിലെ എം പി-എം എൽ എ മാർ അടക്കമുള്ള ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് മറ്റൊരുയോഗവും കളക്ടർ വിളിച്ചുചേർത്തിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് കൂടുതൽ നാശനഷ്ട മുണ്ടായ പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി വിലയിരുത്തും.അപകട സാധ്യത ഉണ്ടെന്നുകണ്ടാൽ ഇവിടങ്ങളിൽ നിന്നും മുഴുവൻ താമസക്കാരെയും ക്യാമ്പുകളിലേക്ക് മാറ്റും.ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം കർശനമാക്കാനും ഉദ്യോഗസ്ഥ തലത്തിൽ തീരുമാനമായിട്ടുണ്ട്.

ചെറുതോണി ഡാം ഉടൻ തുറക്കേണ്ട സാഹചര്യം ഇല്ലന്നാണ് വൈദ്യുതവകുപ്പിന്റെ കണക്കുകൂട്ടൽ. വൃഷ്ടിപ്രദേശത്ത് അങ്ങിങ്ങായി മഴ പെയ്യുന്നുണ്ടെങ്കിലും വൻതോതിൽ നിരൊഴുക്ക് വർദ്ധിച്ചിട്ടില്ലന്നാണ് സൂചന. ഡാം തുറക്കേണ്ടിവന്നാൽ മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ഉണ്ടാവുമെന്നും തുടർന്ന് നാല് മണിക്കൂർ ശേഷമാവും ഷട്ടറുകൾ ഉയർത്തുക എന്നുമാണ് ലഭ്യമായ വിവരം.വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ താമസക്കാരില്ലാത്തതിനാൽ ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ചൂണ്ടികാണിക്കയ്ക്കപ്പെടുന്നത്.

ഇടമലയാറിൽ ജലനിരപ്പ് താഴ്ന്ന സ്ഥിതിയിലാണ്.നീരാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്‌നാട് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നെന്നും ഇവിടെ നിന്നുള്ള വെള്ളം എത്തിയാലും ഇടമലയാറിൽ ആശങ്കപ്പെടേണ്ട സ്ഥിതി ഗതി ഇല്ലന്നും അധികൃതർ അറിയിച്ചു.നീരാർ അണക്കെട്ടിലെ ജലനിരപ്പ് വിലയിരുത്തുന്ന സംവിധാനം തകരാറിലായതിനാലാണ് ഷട്ടറുകൾ ഉയർത്താത്തതെന്നും തകാർ പരിഹരിക്കുന്ന മുറയ്ക്ക് വെള്ളം തുറന്നുവിടുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ടെന്നും കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി. നിലവിൽ ഇടമലയാർ സംഭരണിയിലെ ജലനിരപ്പ് താഴ്ന്ന സ്ഥിതിയിലാണ്.നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്.

ഭൂതത്താൻകെട്ട് ജലസംഭരണിയുടെ 15 ഷട്ടറുകളും 5 മീറ്റർ വീതം ഉയർത്തി. ഉന്നതാധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ഉന്ന് രാവിലെയാണ് ജീവനക്കാർ ഷട്ടറുകൾ ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജലപ്രവാഹം കുറഞ്ഞതിനാൽ ഷട്ടറുകളുടെ ഉയരം 80 സെന്റീമീറ്ററായി ക്രമീകരിച്ചിരുന്നു. വൃഷ്ടിപ്രദേശത്ത് മഴകനത്താലോ ഉരുൾപൊട്ടൽ ഉണ്ടായാലോ പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരും. വെള്ളം ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ട് സംഭരണിയിലേയ്ക്കാണ്. ഈ സാഹചര്യത്തിൽ വേഗത്തിൽ വെള്ളം ഒഴുക്കിക്കളയുന്നതിന് ലക്ഷ്യമിട്ടാണ് ഷട്ടറുകൾ ഉയർത്തിയിട്ടുള്ളത്.

കഴിഞ്ഞ പ്രളയകാലത്ത് ഷട്ടറുകൾ 7 മീറ്റർ വീതം ഉയർത്തിയിട്ടും പൂർണ്ണ സംഭരണശേഷി പിന്നിട്ടും ജലനിരപ്പ് ഉയർന്നത് പരക്കെ ആശങ്ക ഉയർത്തിയിരുന്നു. ഇതേ തുടർന്ന് അണക്കെട്ട് സന്ദർശിച്ച ഡാം സുരക്ഷാവിഭാഗം ഷട്ടറുകളുടെ ഉയരം 1 മീറ്റർ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത് ആവശ്യമില്ലന്നായിരുന്നു പെരിയാർവാലിയുടെ വിദഗ്ധ സംഘത്തിന്റെ നിലപാട്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്. കുറഞ്ഞ അളവിലാകും ജലം പുറത്തേക്ക് വിടുക. മുല്ലപെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു. അതി തീവ്രമായ മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥ വരും. അങ്ങനെയാണെങ്കിൽ ഇവിടെ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കി വിടേണ്ടി വരും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയൊന്നും നിലവിലില്ല. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് നിലനിൽക്കുന്നത്.

സ്ഥിതിഗതികൾ വിലയിരുത്താൻ കെ.എസ്.ഇ.ബി അധികൃതർ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റിൽ യോഗം ചേരുന്നുണ്ട്. നീരൊഴുക്കും വരാൻ പോകുന്ന മഴയുമൊക്കെ പരിഗണിച്ചാകും ഷട്ടറുകൾ തുറക്കുന്ന കാര്യം പരിഗണനക്ക് വരിക.